ഉച്ചവെയിലെവിടെയോ ഒച്ചയില്ലാതെ
മറഞ്ഞൊരു മേടമാസ സന്ധ്യയില്‍
ഉമ്മറകോലായില് ഉച്ചത്തിലാരോ
രാമനാമത്തിന് തന്ത്രികള്‍ മീട്ടവേ
പൈതലാമെന്നുടെ കൗതുകക്കണ്ണുകള്‍
മുത്തശ്ശിമുല്ലയെ തഴുകുന്നു
പുഞ്ചിരിതൂകിയെന് മൂത്തശ്ശി,നിലാവു പോലെ
പിന്നെ ചൊല്ലിയേറെയേറെ കഥകള്‍
മാടന്റെ, മറുതയുടെ,മച്ചില്‍ വാഴും ദേവിയുടെ
കച്ചമുറുക്കിയ പ്രതിഷ്ഠകളുടെ
മറ്റാരും പറയാത്ത കഥകള്‍
കൊച്ചു പൈതലിന്റെ കിനാവുകളില്‍
ആയിരം ശലഭങ്ങള്‍ പറന്നു
നൂറു നൂറു കുസുമങ്ങള്‍ വിടര്‍ന്നു
മലഞ്ചെരുവിലെ മാരിവില്ലും
മായപൊന്മാനും മണി തത്തമ്മയും
മറുമൊഴി ചൊല്ലും പൂങ്കുയിലും
പലകുറിയവളോട് കിന്നാരം ചൊല്ലി
കേള്‍ക്കാന്‍ കൊതിച്ച കഥകളൊക്കെയും
കാണാന്‍ കൊതിച്ച കിനാവുകളായി
ഒടുവിലാ തെക്കേ ജാലകത്തിനരികില്‍
തൊടിയിലോര്മയായി മുത്തശ്ശി
നിലാവിരുട്ടുമായി പാതിപറഞ്ഞ
കഥകള്‍ക്കുത്തരം തേടുമ്പോള്‍
ഏകാന്തരാവുകളില്‍ എന്തിനെന്നറിയാതെ
മനം തേങ്ങുമ്പോള്‍
മിഴിനിറയുമ്പോള്‍
ഇരുളിലാരോ വന്നെന്നെ തഴുകുന്നു
നിലാവു പോല്‍ ചിരിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: