ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്കര്‍ ഇ തൊയ്ബ തലവനും കൊടുംഭീകരനുമായ ഹാഫിസ് സയ്യിദിനെ വിചാരണയ്ക്കായി കൈമാറാന്‍ ഭാരതം ഔദ്യോഗികമായി പാകിസ്ഥാനോട് ആവശ്യപ്പെട്ടു. പാകിസ്ഥാന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹാഫിസ് സയ്യിദ് തയാറെടുക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഭാരതത്തിന്റെ നിര്‍ണായക നീക്കം.
ഭാരതത്തിന്റെ ആവശ്യം പാകിസ്ഥാനെ വെട്ടിലാക്കിയിരിക്കുകയാണ്. ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ച ഹാഫീസ് സയ്യിദിനെതിരെ നിരവധി കേസുകളാണ് ഭാരതത്തിലുള്ളത്. ഹാഫീസ് സയ്യിദിനെ വിട്ടുനല്കാനാവശ്യമായ നിയമനടപടികള്‍ കൈകൊള്ളണമെന്നാവശ്യപ്പെട്ടാണ് വിദേശകാര്യമന്ത്രാലയം പാകിസ്ഥാന് കത്ത് നല്‍കിയിരിക്കുന്നത്. ഇതിനാവശ്യമായ രേഖകളും കൈമാറിയിട്ടുണ്ട്.
മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സയ്യിദിനും അനുയായികള്‍ക്കുമെതിരെയുള്ള അന്വേഷണത്തില്‍ സഹകരിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാനോട് നേരത്തെയും ഭാരതം ആവശ്യപ്പെട്ടിട്ടുണ്ട്. ഭാരതം തെരയുന്ന കൊടുംഭീകരരുടെ പട്ടികയിലുള്ള ഹാഫിസ് സയ്യിദിന്റെ തലയ്ക്ക് ഒരു കോടി ഡോളറാണ് അമേരിക്ക ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഭാരതത്തിലെത്തിച്ച് വിചാരണ നടത്താന്‍ ഇയാളെ വിട്ടുനല്‍കണമെന്ന് മുമ്പും ആവര്‍ത്തിച്ച് പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇപ്പോഴത്തെ ഭാരതത്തിന്റെ ആവശ്യത്തോട് പാകിസ്ഥാന് പ്രതികരിക്കാതിരിക്കാന്‍ സാധിക്കില്ലെന്നാണ് വിദേശകാര്യ വിദഗ്ധര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: