ആലപ്പുഴ: മഹത്തായ ഒരു കാലഘട്ടത്തിലേക്ക് കടക്കുകയാണ് ഭാരതമെന്നും, ജനുവരി 22ന് അയോധ്യയില്‍ നടക്കാന്‍ പോകുന്ന പ്രാണ പ്രതിഷ്ഠ അതിന്റെ പ്രതീകമാണെന്നും ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന്. ഭാരതീയ വിചാര കേന്ദ്രം നാല്പത്തിഒന്നാം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത് കേവലം മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യമല്ല. അയ്യായിരം വര്‍ഷത്തെ പഴക്കമുള്ള ഭാരതത്തിന്റെ സാംസ്കാരിക തനിമയുടെയും അസ്തിത്വത്തിന്റെയും പുനര്‍ പ്രഖ്യാപനമാണ്. രാമഭക്തി എന്നത് സാധാരണ അര്‍ത്ഥത്തിലുള്ള ഭക്തിയല്ല. അത് ഭാരതീയ മൂല്യ സങ്കല്പങ്ങളോടുള്ള പ്രതിജ്ഞാബദ്ധത കൂടിയാണ്. രാമക്ഷേത്രം വെറും മതപരമായ കേന്ദ്രമല്ല. അത് ഭാരത നാഗരികതയുടെ പ്രതീകം കൂടിയാണ്. അഞ്ച് നൂറ്റാണ്ട് മുന്‍പ് അന്യാധീനപ്പെട്ട രാമജന്മഭൂമി എന്ന തീര്‍ത്ഥസ്ഥലി വീണ്ടെടുത്തു എന്നത് ലോകചരിത്രത്തിലെ തന്നെ ഒരു മഹാഅത്ഭുതമാണ്. ധര്‍മ്മത്തിന്റെ പുനസ്ഥാപനമെന്ന സങ്കല്പം ഈ സംസ്കൃതിയുടെ നൈരന്തര്യത്തിന് അടിസ്ഥാനമായിട്ടുണ്ട്.
രാമജന്മഭൂമി പ്രക്ഷോഭത്തിന് മറ്റൊരര്ത്ഥതലമുണ്ട്. സ്വാതന്ത്ര്യാനന്തരം ഭാരതത്തില്‍ അധീശത്വം പുലര്‍ത്തിയിരുന്ന കൊളോണിയില്‍ വ്യവസ്ഥിതിയെ വെല്ലുവിളിച്ച ഒരു പ്രസ്ഥാനമായിരുന്നത്. സാമൂഹിക തലത്തില്‍ മാത്രമല്ല പ്രത്യയശാസ്ത്രപരമായും ഒരു ധ്രുവീകരണം സംഭവിച്ചു.
1992ന് മുന്‍പും ശേഷവും എന്ന തരത്തിലുള്ള വലിയൊരു പരിവര്‍ത്തനമാണ് ഈ പ്രസ്ഥാനം സാധ്യമാക്കിയത്. ഭാരത കേന്ദ്രീകൃതമായ ഒരു ആശയലോകത്തിന് മേല്‍കൈ ലഭിക്കുന്നുവെന്ന സൂചന കൂടിയാണ് അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ കര്‍മ്മമെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയവിചാരകേന്ദ്രം അധ്യക്ഷന്‍ ഡോ. സി.വി. ജയമണി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ ബാബു വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ആര്. രാജീവ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീധരന് പുതുമന നന്ദി പറഞ്ഞു. ആലപ്പുഴ ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഇന്നും നാളെയുമായി നടക്കുന്ന സംസ്ഥാന സമ്മേളനം രാവിലെ 10ന് ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് അയോധ്യ രാമജന്മഭൂമി ശ്രീരാമക്ഷേത്ര നിര്‍മാണം ദേശീയ പുനര്‍നിര്‍മാണത്തിന്റെ സാംസ്കാരിക അധിഷ്ഠാനം എന്ന വിഷയം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ അവതരിപ്പിക്കും. മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ്, കെ.പി. സോമരാജന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
ആത്മനിര്‍ഭര ഭാരതം വികസിത ഭാരതം @ 47 എന്ന വിഷയം കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.എസ്. രാധാകൃഷ്ണനും, സനാതന ധര്‍മ്മവും പ്രാചീന തമിഴ് സാഹിത്യവും എന്ന വിഷയം ഡോ. നടുവട്ടം ഗോപാലകൃഷ്ണനും, ദേശീയ വിദ്യാഭ്യാസ നയം പുതിയ അനുഭവങ്ങള്‍ പ്രതീക്ഷകള്‍ എന്ന വിഷയം കേരള കേന്ദ്ര സര്‍വകലാശാല ഡീന്‍ ഡോ. അമൃത് ജി. കുമാറും അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: