കോട്ടയം: ഇന്ത്യാ റബ്ബര്‍ മീറ്റ് 2024ല്‍ പങ്കെടുക്കാനുള്ള രജിസ്ട്രേഷന് ആരംഭിച്ചു. ഫെബ്രു. 23, 24 തീയതികളില്‍ ആസാമില്‍ ഗുവാഹത്തിയിലെ ഹോട്ടല്‍ കിരണ്ശ്രീ ഗ്രാന്റിലാണ് മീറ്റ് നടക്കുക. റബ്ബര്‍മേഖലയെ പ്രതിനിധാനം ചെയ്യുന്ന എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന സമ്മേളനങ്ങളില്‍ ഏഴാമത്തേതാണിത്.
റബ്ബര്‍മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും പങ്കാളിത്തത്തോടെയാണ് സമ്മേളനം നടത്തുന്നത്. റബ്ബര്‍ മേഖലയിലെ പ്രശ്നങ്ങള്‍ കൂട്ടായി ചര്‍ച്ചചെയ്യുന്നതിനും യോജിച്ച നടപടികള്‍ കണ്ടെത്തുന്നതിനും സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അവസരമുണ്ടാകും. വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയവും ബന്ധവും കൂടുതല്‍ മെച്ചപ്പെടുത്താനും കൂടുതല്‍ ബിസിനസ് അവസരങ്ങള്‍ ഉണ്ടാക്കാനും റബ്ബര്സമ്മേളനം സഹായിക്കും.
റബ്ബര്‍ ബോര്‍ഡിനെയും റബ്ബര്‍ മേഖലയിലെ പ്രമുഖ സംഘടനകളെയും അംഗങ്ങളാക്കി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇന്ത്യാ റബ്ബര്‍ മീറ്റ് ഫോറം (ഐആര്‍എംഎഫ്) എന്ന സൊസൈറ്റി ആണ് മീറ്റ് സംഘടിപ്പിക്കുന്നത്. മീറ്റില്‍ പങ്കെടുക്കുന്നതിന് http://indiarubbermeet.in/online-registration എന്ന ഓണ്‍ലൈന്‍ ലിങ്കിലൂടെ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം.
‘നാച്ചുറല്‍ റബ്ബര്‍ – ചെയ്ഞ്ചിങ് ലാന്റ് സ്കേപ്, എമേര്‍ജിങ് ട്രെന്റ്സ് ആന്‍ഡ് ഇന്‍സൈറ്റ്സ് ഫോര്‍ ടുമോറൊ’ എന്നതാണ് ഐആര്‍എം 2024ന്റെ വിഷയം. റബ്ബര്‍ മേഖലയുടെ ഉജ്ജീവനത്തിന് സഹായകമായ നൂതനമാര്‍ഗങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. വിദഗ്ധര്‍ നയിക്കുന്ന പാനല്‍ ചര്‍ച്ചകളും ഉണ്ടായിരിക്കും. ഭാരതത്തില്‍ നിന്നും വിദേശത്തുനിന്നുമായി 500 പ്രതിനിധികള്‍ ഐആര്‍എം 2024ല്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: