രാജ്യത്തിനായി ത്യാഗപൂര്‍ണ്ണമായ ജീവിതം നയിച്ച ശേഷം തൊഴിലില്‍ നിന്ന് വിരമിച്ച് തിരികെ എത്തുന്ന സൈനികര്‍ക്ക് മതിയ സംരക്ഷണമോ പുനരധിവാസമോ കേരളസര്‍ക്കാര്‍ നല്‍കുന്നില്ല. മടങ്ങിയെത്തുന്നവര്‍ക്ക് മതിയായ തൊഴില്‍ സംരക്ഷണം ഉറപ്പാക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട്. മറ്റു സംസ്ഥാനങ്ങള്‍ നിരവധി കാര്യങ്ങള്‍ ചെയ്യുമ്പോള്‍ കേരളം പൂര്‍വ്വ സൈനികരോട് അവഗണനയാണു തുടരുന്നത്. ഇക്കാര്യത്തില്‍ കേരളാ ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധക്ഷണിച്ച് അഖില ഭാരതിയ പൂര്‍വ്വ സൈനിക സേവാ പരിഷത്തിന്റെ 12-ാം സംസ്ഥാന സമ്മേളനം പാസ്സാക്കിയ പ്രമേയം.
തന്റെ ജീവിതത്തിന്റെ സ്കൂള്‍-കോളജ് പഠന കാലമായ 17 ഉം 18ഉം വയസ്സില്‍ രാജ്യസേവനത്തിന് തിരഞ്ഞെടുക്കപ്പെടുന്ന ഒരു സൈനികന് 35 വയസ്സില്‍ നമ്മുടെ നാട്ടില്‍ മടങ്ങി എത്തും. കുടുംബ ചെലവുകളും രക്ഷകര്‍ത്താക്കളുടെ ജീവിത ആവശ്യങ്ങളും കുട്ടികളുടെ പഠനത്തിന്റെ ചെലവും മറ്റും നോക്കി നടത്തേണ്ട ബാദ്ധ്യത ഈ പ്രായത്തില്‍ ഏറെയാണ്. അതിനുള്ള ധനം സമ്പാദിക്കുന്നതിനൊപ്പം രാജ്യ പുരോഗതിയില്‍ പങ്കാളിയാകാനും ഒരു തൊഴില്‍ എന്നത് ഇവര്‍ക്ക് അനിവാര്യമാകുന്നു.
ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങള്‍ അവരുടെ മൊത്തം സര്‍ക്കാര്‍ ജോലിയുടെ 10 മുതല്‍ 15 ശതമാനം വരെ പൂര്‍വ്വ സൈനികര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. പക്ഷേ, കേരളത്തില്‍ എന്‍സിസിയിലും സൈനിക ബോര്‍ഡിലും മാത്രമാണ് പൂര്‍ണ്ണമായും സംവരണം നല്‍കിയിരിക്കുന്നത്. ഇതില്‍രണ്ടിലും കൂടി വെറും 1500 ജീവനക്കാര്‍ മാത്രമാണുള്ളത്. അഗ്നിശമന സേന, പോലീസിലെ ഡ്രൈവര്‍ തസ്തിക, സെക്രട്ടേറിയറ്റിലെ സെക്യൂരിറ്റി സ്റ്റാഫ് എന്നിവിടങ്ങളില്‍ 10% സംവരണം എക്സ് സര്‍വ്വിസ് അംഗങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്. ഇവയെല്ലാം കൂടി ചേര്‍ന്നാലും കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ പൂര്‍വ്വ സൈനികര്‍ക്ക് നീക്കിവച്ചിരിക്കുന്നത് ആകെ തൊഴിലവസരങ്ങളുടെ 2% മാത്രമാണ്. അതുകൊണ്ടു തന്നെ വിവിധ മേഖലകളില്‍ വലിയ പരിചയ സമ്പത്തുള്ള പൂര്‍വ്വ സൈനികര്‍ സ്വകാര്യ ഏജന്‍സികളില്‍ സെക്ക്യൂരിറ്റി ജീവനക്കാരുടെ തൊഴില്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാവുന്നു. അതിനാല്‍ പൂര്‍വ്വ സൈനികരുടെ പുനഃരധിവാസത്തിനായി താഴെ പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു:
1. കേരള സര്‍ക്കാര്‍ പോലീസ് അടക്കമുള്ള യൂണിഫോം സര്‍വ്വീസുകളില്‍ ഇഎസ്എം കാറ്റഗറിക്ക് 20% ഒഴിവുകളെങ്കിലും നീക്കി വയ്ക്കുക. ഇതിലൂടെ ട്രയിനിങ്ങിന്റെ സമയവും ചിലവും ഗണ്യമായി കുറക്കാന്‍ കഴിയും.
2. എന്‍സിസി, സൈനികക്ഷേമം എന്നീ വകുപ്പുകളിലെ ആശ്രിത നിയമനം ഈ വകുപ്പുകളില്‍ തന്നെ നടത്തുന്നു. ഇതുമൂലം ഒഴിവുകള്‍ കുറയുന്നതിനൊപ്പം പ്രൊമോഷന് സാധ്യതകളും കുറയുന്നു. അതുകൊണ്ട് ഇത്തരം ആശ്രിത നിയമനം മറ്റ് പൊതു വകുപ്പുകളില്‍ നല്‍കേണ്ടതാണ്.
3. സൈന്യത്തില്‍ നിലവില്‍ സംവരണം ഒന്നും തന്നെയില്ല എന്നതും അവരെ ജാതി മത പരിഗണയോടെ വേര്‍തിരിച്ചു കാണുന്നില്ല എന്നതും നിലനില്‍ക്കെ, പൂര്‍വ്വ സൈനികരെ എസ്സി/എസ്ടി എന്നൊക്കെ തരം തിരിച്ച് കേരള സര്‍ക്കാര്‍ തൊഴില്‍ അവസരങ്ങള്‍ പ്രഖ്യാപിക്കുന്നത് ഒഴിവാക്കേണ്ടതാണ്. അത്തരം ഒഴിവുകളില്‍ അപേക്ഷാര്‍ത്ഥികളെ ലഭിക്കാതെ വന്നാല്‍ ജനറല്‍ കാറ്റഗറിയിലെ എസ്സി/എസ്ടിക്കു നല്‍കുന്നതും ഒരു നല്ല കീഴ് വഴക്കമല്ല എന്നതിനാല്‍ അതിന് ആവശ്യമായ തിരുത്തല്‍ വരുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
4. സര്‍ക്കാര്‍ വകുപ്പുകളിലും (ആരോഗ്യ വകുപ്പ് അടക്കം) പൊതുമേഖലാ സ്ഥാപനങ്ങളിലും സെക്യൂരിറ്റി ജീവനക്കാരുടെ ഒഴിവുകള്‍ എക്സ് സര്‍വ്വീസ് കാറ്റഗറിക്ക് മാത്രമായി നീക്കിവച്ച് പിഎസ്സി വഴി നിയമനം നടത്തുകയോ അല്ലാത്ത പക്ഷം ആഭ്യന്തര വകുപ്പിലെ ഹോംഗാര്‍ഡുകളെ നിയമിക്കുന്ന രീതിയാലോ നടപ്പിലാക്കിയാല്‍ ഇഎസ്എമ്മിന് ഏറെ ഗുണകരമാകും.
5. സെക്രട്ടേറിയറ്റില്‍ സെക്യൂരിറ്റി ജീവനക്കാരായി സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിനെ നിയമിക്കാനുള്ള ആലോചന നടപ്പിലാക്കിയാല്‍ പിഎസ്സി വഴി സ്ഥിരമായും ‘കെക്സ്കോണ്‍’ വഴി താല്‍ക്കാലികമായും എക്സ് സര്‍വീസ് വിഭാഗത്തിന് ലഭിക്കുന്ന അവസരങ്ങള്‍ പൂര്‍ണ്ണമായും നഷ്ടമാകാന്‍ ഇടവരും. സെക്രട്ടേറിയറ്റിലെ സെക്യൂരിറ്റി നിയമനങ്ങളില്‍ യാതൊരു മാറ്റവും വരുത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കരുത്.
6. ജില്ലാ സൈനിക ഓഫീസര്‍മാരുടെ നിയമനത്തില്‍ 50% പ്രൊമോഷന് വഴി മാത്രം നല്‍കാനായി നീക്കിവയ്ക്കുക.
7. കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്ന വിമുക്ത ഭടന്മാരുടെ ശരാശരി പ്രായം 45ന് മുകളിലാണ്, ആയതിനാല്‍ അവരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തി നിശ്ചയിച്ച് നിയമനിര്‍മ്മാണം നടത്തണം.
8. സൈനിക ബോര്‍ഡ് 2011ല്‍ സംഘടിപ്പിച്ചതാണ്. ദേശീയ അംഗീകാരമുള്ള സംഘടനകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി സൈനിക ബോര്‍ഡ് എത്രയും പെട്ടന്ന് പുനഃസംഘടിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക.
9. ‘കെക്സ്കോണ്‍’ പുനഃസംഘടിപ്പിക്കുക, അവിടെയും ദേശീയ അംഗീകാരമുള്ള വിമുക്തഭട സംഘടനകളുടെ പ്രതിനിധികള ഉള്‍പ്പെടുത്തുക.
10. അഖില ഭാരതീയ പൂര്‍വ്വ സൈനിക് സേവാ പരിഷത്ത് പ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച ഒരു രജിസ്റ്റര്‍ഡ് സംഘടനയാണ്. ആയതിനാല്‍ സൈനിക ക്ഷേമ ഓഫീസ് മുഖാന്തിരം നടത്തുന്ന എല്ലാ ആലോചനാ യോഗങ്ങളിലും മറ്റ് മീറ്റിംഗുകളിലും സംഘടനയുടെ പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ വേണ്ട നിര്‍ദ്ദേശം സര്‍ക്കാര്‍ തലത്തില്‍ നിന്നും ഉണ്ടാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: