മെല്‍ബണ്‍: ന്യൂബോളുമായി പാക് പേസര്‍മാര്‍ ഏല്‍പ്പിച്ച കനത്ത ആഘാതത്തെ മറികടന്ന് ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. ഓസ്ട്രേലിയന്‍ പര്യടനത്തിനെത്തിയ പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ നാലാം ദിവസമായ ഇന്നേക്ക് മത്സരം പിരിയുമ്പോള്‍ ആതിഥേയര്‍ 241 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. തലേന്നത്തെ സ്കോറിനോട് 70 റണ്‍സ് കൂടി നേടിയതോടെ പാകിസ്ഥാന്റെ ആദ്യ ഇന്നിങ്സ് തീര്‍ന്നു.
സ്കോര്‍: ഓസ്ട്രേലിയ- 318, 187/6(62.3); പാകിസ്ഥാന്- 246.
ആറിന് 194 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിവസമായ ഇന്നലെ ബാറ്റിങ് ആരംഭിച്ച പാകിസ്ഥാന് 70 റണ്‍സ് കൂടി നേടി പുറത്തായി. അമീര്‍ ജമാല്‍ പുറത്താകാതെ 33 റണ്‍സും ഷപീന് അഫ്രീദി 21 റണ്‍സുമെടുത്ത് വിലപ്പെട്ട സംഭാവന നല്കി. തലേന്ന് ക്രീസിലുണ്ടായിരുന്ന വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനെ(42) അര്‍ദ്ധസെഞ്ചുറി തികയ്ക്കാന്‍ അനുവദിക്കാതെ ഓസീസ് നായകന് പാറ്റ് കമ്മിന്‍സ് പണി തുടങ്ങി. പിന്നീട് അഘാ സല്‍മാനെയും(അഞ്ച്) ഹസന് അലിയെയും(രണ്ട്) പുറത്താക്കിയ കമ്മിന്‍സ് അഞ്ച് വിക്കറ്റ് നേട്ടം കൊയ്തു. ഈ സമയം അഫ്രീദിയെ വിക്കറ്റിന് മുന്നില്‍ കുരുക്കിയ നഥാന്‍ ലിയോണ്‍ മിര്‍ ഹംസയെ(രണ്ട്) പുറത്താക്കി പാക് ഇന്നിങ്സ് അവസാനിപ്പിച്ചു.
രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയയ്ക്കെതിരെ പാകിസ്ഥാന് തകര്‍പ്പന്‍ തുടക്കമാണ് കൈവരിച്ചത്. ഷഹീന് അഫ്രീദിയും മിര്‍ ഹംസയും ചേര്‍ന്ന് ഓസീസ് സ്കോര്‍ 16 എത്തുമ്പോഴേക്കും നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഇന്നിങ്സിലെ രണ്ടാം പന്തില്‍ അഫ്രീദി ഉസ്മാന് ഖവാജയെ വീഴ്ത്തി. പിന്നാലെ ഡേവിഡ് മികച്ച ബാറ്റര്‍ മാര്‍നസ് ലഭൂഷെയ്നെയും വിക്കറ്റ് കീപ്പര്‍ റിസ്വാന്റെ കൈകളിലെത്തിച്ച് അഫ്രീദി ഓസീസിനെ വിറപ്പിച്ചു. പിന്നീട് ഹംസയുടെ ഊഴമായിരുന്നു. ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ ക്ലീന്‍ ബൗള്‍ഡാക്കിയ ഹംസ തൊട്ടടുത്ത പന്തില്‍ ട്രാവിസ് ഹെഡിനെയും നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗള്‍ഡാക്കി പറഞ്ഞയച്ചു.
വളരെ വേഗം നാല് വിക്കറ്റ് വീണ് വിറച്ചു നിന്ന ഓസീസിനായി സ്റ്റീവന്‍ സ്മിത്തും മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തി. ന്യൂബോള്‍ ആനുകൂല്യം മുതലാക്കി പന്തെറിഞ്ഞ പാക് നിരയ്ക്കെതിരെയ ഓസീസ് പിന്നീട് കരുതലോടെയാണ് കളിച്ചത്. സ്മിത്ത് ഒരുവശത്ത് പിടിച്ചുനില്‍ക്കാനുള്ള ശ്രമങ്ങള്‍ തുടരുമ്പോള്‍ മറുവശത്ത് മാര്‍ഷ് പതുക്കെ സ്കോര്‍ ചലിപ്പിച്ച് നിന്നു. വ്യക്തിഗത സ്കോര്‍ 20 റണ്‍സില്‍ നില്‍ക്കെ മാര്‍ഷിനെ പിടികൂടാനുള്ള അവസരം പാക് ഫീല്‍ഡര്‍ വിട്ടുകളഞ്ഞതിന് വലിയ വിലയാണ് കൊടുക്കേണ്ടിവന്നത്. 130 പന്തില്‍ 96 റണ്‍സ് നേടിയാണ് മാര്‍ഷ് ക്രീസ് വിട്ടത്. വളരെ പാടുപെട്ട് കളിച്ച സ്മിത്ത് ആദ്യ നൂറ് പന്തുകള്‍ നേരിടും വരെ ഒരു ബൗണ്ടറി പോലും അടിച്ചിരുന്നില്ല. ഒടുവില്‍ 176 പന്തുകള്‍ നേരിട്ട് 50 റണ്‍സെടുത്തു നില്‍ക്കെ അഫ്രീദിക്ക് വിക്കറ്റ് സമ്മാനിച്ച് പുറത്തായി. താരത്തിന്റെ പുറത്താകലിലാണ് മൂന്നാം ദിവസം കളി അവസാനിച്ചത്. ഓസീസിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്സ് കാരെ 16 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നുണ്ട്. പാകിസ്ഥാനുവേണ്ടി അഫ്രീദിയും ഹംസയും രണ്ടാം ഇന്നിങ്സില്‍ ഇതുവരെ മൂന്ന് വിക്കറ്റ് വീതം നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: