മജുലി(ആസാം): ഭാരതത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന ആഹ്വാനവുമായി പൂര്‍വോത്തര സന്ത് മണികാഞ്ചന്‍ സമ്മേളനം. 1966ല്‍ ജോര്‍ഹട്ടില്‍ ചേര്‍ന്ന സന്ത് സമ്മേളനത്തിന് ശേഷം ഇതാദ്യമായാണ് വിവിധ സമ്പ്രദായങ്ങളിലെ ആചാര്യന്മാര്‍ ഒത്തുചേരുന്നത്.
വിവിധ സമ്പ്രദായങ്ങളും ആത്മീയധാരകളും രാഷ്‌ട്രദൗത്യത്തില്‍ ഒരുമിച്ച് ചേരണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം ലോകത്തിന് പകരുക എന്ന ഭാരതത്തിന്റെ ദൗത്യം നിറവേറ്റാന്‍ എല്ലാ ആചാര്യന്മാരും മുന്നോട്ടുവരണമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു.
ഓരോ വ്യക്തിക്കും അവരുടേതായ സ്വഭാവം ഉള്ളതുപോലെ, ഓരോ രാജ്യത്തിനും തനതായ ജീവിതരീതിയുണ്ടെന്ന് സര്‍സംഘചാലക് പറഞ്ഞു. രാജ്യത്തിന്റെ സ്വഭാവം സംസ്‌കാരത്തില്‍ നിന്ന് ഉരുത്തിരിയുന്നതാണ്. സത്യത്തെ പണ്ഡിതര്‍ പലതായി പറയുന്നു എന്ന വാക്യത്തില്‍ ഭാരതത്തിന്റെ ‘സംസ്‌കൃതി’ പ്രതിഫലിക്കുന്നുണ്ട്. എല്ലാം ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ പാരമ്പര്യം.
ഒരേ പൂര്‍വികരുടെ പിന്മുറക്കാരാണ് നമ്മള്‍. ഒരേ മൂല്യങ്ങളാണ് പിന്തുടരുന്നത്. വൈവിധ്യത്തെ മുറുകെപ്പിടിച്ചുകൊണ്ട് ഐക്യഭാവത്തെ മുന്നോട്ട് കൊണ്ടുപോകേണ്ടത് നമ്മുടെ കടമയാണ്. ഐക്യം എന്നത് ഏകത്വമല്ല, ഒരുമയാണ്. സേവനം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ എന്നിവയിലൂടെ സമൂഹത്തെ സ്വയം പര്യാപ്തമാക്കാന്‍ ഒരുമിച്ച് ശ്രമിക്കണം, മോഹന്‍ ഭാഗവത് പറഞ്ഞു.
ശാശ്വതമായ ആദ്ധ്യാത്മിക മൂല്യങ്ങളും ആചാരങ്ങളും കാത്തുസൂക്ഷിക്കുന്നതിന് കുടുംബങ്ങളില്‍ ദേശീയ അവബോധം വളരണം. എല്ലാ ധര്‍മ്മാചാര്യന്മാരും മഠങ്ങളും ക്ഷേത്രങ്ങളും ഭാരതത്തിന്റെ മഹത്തായ ഈ സന്ദേശവും അതിന്റെ ഏറ്റവും മികച്ച ആത്മീയ മൂല്യങ്ങളും പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിനായി പ്രവര്‍ത്തിക്കണം. ശ്രീമന്ത് ശങ്കര്‍ദേവ് സമാജിക ജീവിതത്തില്‍ പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്നത് നമുക്ക് മാതൃകയാണ്. സാമൂഹിക തിന്മകളെ ഇല്ലാതാക്കാന്‍ പെരുമാറ്റത്തിലൂടെ സാധിക്കണം, അദ്ദേഹം പറഞ്ഞു.
ത്രിപുരയിലെ ശാന്തികാളി ആശ്രമത്തിലെ ശ്രീ ചിത്തരഞ്ജന്‍ മഹാരാജ്, വടക്കന്‍ കമല്‍ബാരി സത്രത്തിലെ ജനാര്‍ദന്‍ ദേവ് ഗോസ്വാമി, ഔനി ആതി സത്രത്തിലെ ശ്രീ ശ്രീ സത്രാധികാര പ്രഭു, ബാര്‍പേട്ട ശ്രീ സുന്ദരിയ സത്ര പ്രമുഖ് ഭോണ്ടെ, അരുണാചല്‍ പ്രദേശിലെ പരശുറാം കുണ്ഡ് പ്രമുഖ് മഹന്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: