പത്തനംതിട്ട: സന്നിധാനത്ത് മണ്ഡലകാല പൂജകൾ കഴിഞ്ഞ് നട അടച്ചതോടെ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. സന്നിധാനത്തും പരിസര പ്രദേശങ്ങളിലുമാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. മരാമത്ത് വകുപ്പും അഗ്നിരക്ഷാ സേനയും ശബരിമല വിശുദ്ധി സേനയും സംയുക്തമായാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
പതിനെട്ടാം പടിയും സന്നിധാനവും ഉൾപ്പെടെ വെള്ളം ഒഴിച്ച് വൃത്തിയാക്കി. സന്നിധാനം, പതിനെട്ടാം പടി, മാളികപ്പുറം, വാവര്നട, മഹാകാണിക്ക, അരവണ കൗണ്ടർ പരിസരം, നടപ്പന്തൽ, ക്യൂ കോംപ്ലക്സ് എന്നിവിടങ്ങളിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. വെള്ളം ഉപയോഗിച്ച് വൃത്തിയാക്കിയത് അഗ്നിരക്ഷാ സേനാംഗങ്ങളാണ്.
1,500-ൽ അധികം ജീവനക്കാരാണ് പമ്പ മുതൽ സന്നിധാനം വരെ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. ജൈവ-അജൈവ മാലിന്യങ്ങൾ എന്നിങ്ങനെ വേർതിരിച്ചാണ് ട്രാക്ടർ മുഖേന നീക്കം ചെയ്തത്. മണ്ഡലകാല പൂജ പൂർത്തിയാക്കി നട അടച്ചതോടെ സന്നിധാനത്തെ ആഴി ശുചീകരിച്ചു. ആഴിയിലെ ചാരം നീക്കം ചെയ്യുകയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: