അയോധ്യ: രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ‘സിങ് ദ്വാറില്‍ നിന്ന് ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരെ അഭിസംബോധന ചെയ്ത് സംസാരിക്കും. രാമക്ഷേത്രത്തിന്റെ മുഖ്യ കവാടമാണ് സിങ് ദ്വാര്‍. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
ജനുവരി 22ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ രാമക്ഷേത്രത്തിന്റെ മുഖ്യ കവാടം പൊതു ജനങ്ങള്‍ക്കായി പ്രധാനമന്ത്രി തുറന്നു നല്‍കും. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ലക്ഷക്കണക്കിന് വിശ്വാസികള്‍ അയോധ്യയിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ക്ഷേത്ര നിര്‍മാണത്തിന് നേതൃത്വം നല്കുന്ന ശ്രീരാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റും മാനേജ്മെന്റ് പ്രതിനിധികളുടേയും യോഗം ഇന്ന് വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
ശ്രീകോവിലിനുള്ളില്‍ സ്ഥാപിക്കുന്ന ശ്രീരാമന്റെ വിഗ്രഹത്തെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യും. ജനുവരി 22നായുള്ള മുന്നൊരുക്കങ്ങളും ക്ഷേത്ര നിര്‍മാണ പ്രവര്‍ത്തികളും വിലയിരുത്തുന്നതിനായാണ് ഇത്. ഇത് കൂടാതെ രാംലല്ലയുടെ വിഗ്രഹം തെരഞ്ഞെടുക്കുന്നതിനായി ട്രസ്റ്റ് മറ്റൊരു യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. 51 ഇഞ്ച് ഉയരമുള്ള ശ്രീരാമന്റെ അഞ്ച് വയസ്സുള്ളപ്പോഴുള്ള മൂന്ന് വിഗ്രഹങ്ങളുണ്ട്. ഇതില്‍ ഒന്നാകും തെരഞ്ഞെടുക്കുക.
അതിനിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആയോധ്യയില്‍ പരിശോധന നടത്തും. 30ന് പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയില്‍ എത്തുന്നുണ്ട്. അയോധ്യ വിമാനത്താവളവും റെയില്‍വേ സ്റ്റേഷനും ഉദ്ഘാടം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി എത്തുന്നത്.
അതിന് മുന്നോടിയായാണ് ഈ യുപി മുഖ്യമന്ത്രിയുടെ ഈ സന്ദര്‍ശനം. പുതിയതായി നിര്‍മിച്ച ആയോധ്യ വിമാനത്താവളത്തിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുമെന്നും സൂചനയുണ്ട്. ക്ഷേത്ര നഗരിയില്‍ നടന്ന ശുചീകരണ പ്രചാരണ പരിപാടിയില്‍ യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും നേരത്തെ പങ്കെടുത്തിരുന്നു.
പ്രതിഷ്ഠാദിന ചടങ്ങുകള്‍ക്കുള്ള മിനുക്ക് പണികളാണ് ഇപ്പോള്‍ രാം ജന്മഭൂമിയില് നടക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞാലും ക്ഷേത്ര നിര്‍മാണം മുഴുവന്‍ പൂര്‍ത്തിയാക്കുന്നതിനായി ഇനിയും സമയമെടുക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരും. നിലവില്‍ നിര്‍മാണത്തിനായി 21 മുതല്‍ 22ലക്ഷം ക്യുബിക് അടി കല്ലുകളാണ് ഉപയോഗിച്ചിട്ടുള്ളത്.
എഞ്ചിനീയര്‍മാര്‍ സൃഷ്ടിച്ച 56 പാളികളുള്ള കൃത്രിമ പാറയുടെ അടിത്തറയാണ് ഘടനയ്ക്ക് താഴെയായി നിര്‍മിച്ചിരിക്കുന്നത്. രാജസ്ഥാനിലെ ഭരത്പൂരില്‍ നിന്ന് ലഭിച്ച നിറമുള്ള മണല്‍ക്കല്ല് ഉപയോഗിച്ചാണ് ക്ഷേത്ര നിര്‍മാണം നടത്തിയിരിക്കുന്നത്. ശുദ്ധമായ മക്രാന മാര്‍ബിള്‍ ഉപയോഗിച്ചാണ് ശ്രീകോവില്‍ നിര്‍മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: