തിരുവനന്തപുരം: സപ്ലൈകോ വഴി സബ്സിഡി നിരക്കില്‍ ലഭ്യമായിരുന്ന 13 ഇനങ്ങള്‍ക്ക് വന്‍തോതില്‍ വില വര്‍ധിക്കും. അവയുടെ വില വര്‍ധനയില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കാന്‍ നേരത്തേ എല്‍ഡിഎഫ് യോഗം ഭക്ഷ്യമന്ത്രി ജി.ആര്. അനിലിനെ അനുവദിച്ചിരുന്നു. എന്നാല്‍ നവകേരള സദസ് കഴിയും വരെ നീട്ടി വയ്ക്കുകയായിരുന്നു. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കാനാണ് സാധ്യത.
ഇതോടെ, സബ്സിഡി ഇനങ്ങളായ ചെറുപയര്‍, ഉഴുന്ന്, കടല, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്ക് വില കൂടും. ഇത് പൊതുവിപണിയിലും വന്‍ വിലക്കൂടുതലിനിടയാക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ കുറച്ചു മാസങ്ങളായി സബ്സിഡിയില്‍ ലഭിക്കുന്ന അവശ്യ സാധനങ്ങളുടെ കുറവ് സപ്ലൈകോയില്‍ രൂക്ഷമായിരുന്നു. ഇതിനിടെയാണ് വില വര്‍ധനയുണ്ടാകുന്നത്. അളവിലും വിലയിലും കാലോചിതമായ മാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠിച്ചു റിപ്പോര്‍ട്ട് നല്കാന് ഭക്ഷ്യവകുപ്പ് സെക്രട്ടറി കെ. അജിത്കുമാര്‍, സപ്ലൈകോ സിഎംഡി ശ്രീറാം വെങ്കിട്ടരാമന്, പ്ലാനിങ് ബോര്‍ഡ് അംഗം ഡോ. കെ. രവിരാമന്‍ എന്നിവരടങ്ങിയ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുമാണ് വില വര്‍ധനയ്ക്കു നീക്കം.
സാധനങ്ങള്‍ വാങ്ങിയ വകയില്‍ 600 കോടിയിലധികം രൂപയാണ് സപ്ലൈകോ വിതരണക്കാര്‍ക്കു നല്‍കാനുള്ളത്. വിപണിയില്‍ ഇടപെട്ടതിന്റെ പേരില്‍ സപ്ലൈകോയ്ക്ക് സര്‍ക്കാര്‍ കൊടുക്കാനുള്ള കുടിശികയാകട്ടെ 1500 കോടിയിലധികവും. ഒന്നുകില്‍ ഈ തുക സര്‍ക്കാര്‍ നല്‍കണം, അല്ലെങ്കില്‍ അവശ്യസാധനങ്ങളുടെ വില കാലാനുസൃതമായി വര്‍ധിപ്പിക്കണമെന്നായിരുന്നു സപ്ലൈകോ ആവശ്യം. സാമ്പത്തിക പ്രശ്നം വ്യക്തമാക്കി സപ്ലൈകോ ഭക്ഷ്യമന്ത്രിയെ ബന്ധപ്പെടുകയും രേഖാമൂലം ആവശ്യം അറിയിക്കുകയും ചെയ്തിരുന്നു. രൂക്ഷമായ സാമ്പത്തിക പ്രശ്നം പരിഹരിക്കാന്‍ മറ്റു മാര്‍ഗമില്ലെന്നാണ് സപ്ലൈകോ സര്‍ക്കാരിനെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: