ന്യൂദല്‍ഹി : അടുത്തിടെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സമുദ്രാതിര്‍ത്തിയിലെ പ്രതിരോധം വര്‍ധിപ്പിക്കാനൊരുങ്ങി ഭാരതം. ചരക്കു കപ്പലുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് നിരീക്ഷണത്തിനായി അറബിക്കടലില്‍ മൂന്ന് യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിരിക്കുകയാണ്.
ഇന്ത്യന്‍ നാവികസേന ഗൈഡഡ് മിസൈല്‍ വേധ കപ്പലുകളായ ഐഎന്‍എസ് മോര്‍മുഗാവോ, ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് കൊല്‍ക്കത്ത, എന്നിവയെയാണ് വിവിധ മേഖലകളില്‍ വിന്യസിച്ചത്. അടുത്തിടെ ചെം പ്ലൂട്ടോ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായതിനെ തുടര്‍ന്നാണ് സമുദ്രാതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കാനുള്ള ഈ നടപടി.
ചെങ്കടലിലേക്ക് പെട്ടന്ന് പ്രവേശിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഐഎന്‍എസ് കൊല്‍ക്കത്തയെ വിന്യസിച്ചിരിക്കുന്നത്. പിന്നിലായി എന്‍എസ് കൊച്ചി, മധ്യത്തിലായി ഐഎന്‍എസ് മോര്‍മുഗാവോ എന്നിവയേയും വിന്യസിച്ചിട്ടുണ്ട്. ഇതോടൊപ്പം കപ്പല്‍വേധ ബ്രഹ്മോസ്, മിസൈലുകളും മൂന്ന് കപ്പലുകളിലായി സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. ടാങ്കര്‍ കപ്പലായ ഐഎന്‍എസ് ദീപക്കിനേയും ഇവയ്ക്ക് സമീപത്തായി തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്.
ഗുജറാത്തില്‍ വെച്ചാണ് ചെംപ്ലൂട്ടോയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായത്. തുടര്‍ന്ന് സാരമായി പരിക്കേറ്റ കപ്പലിനെ കോസ്റ്റുഗാര്‍ഡിന്റെ സഹായത്തോടെ തിങ്കളാഴ്ച മുംബൈ തീരത്ത് എത്തിച്ചു. കപ്പല്‍ ഇന്ത്യന്‍ നേവി എക്സ്പ്ലോസീവ് ഓര്‍ഡിനന്‍സ് ഡിസ്പോസല്‍ ടീം പരിശോധിച്ച് പ്രാഥമിക വിലയിരുത്തല്‍ നടത്തി. കപ്പലില്‍ കണ്ടെത്തിയ അവശിഷ്ടങ്ങളുടെയും വിശകലനത്തില്‍ ഡ്രോണ്‍ ആക്രമണമാണ് നടന്നതെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ ഉപയോഗിച്ച സ്ഫോടകവസ്തു ഏതാണെന്ന് അറിയാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇതിനായി ഫോറന്‍സിക് പരിശോധന നടത്താനാണ് തീരുമാനം. നാവികസേനയുടെ പരിശോധനക്ക് ശേഷം വിവിധ ഏജന്‍സികളുടെ സംയുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കപ്പലിന്റെ തകര്‍ന്ന ഭാഗത്ത് അറ്റകുറ്റപ്പണി നടത്താനുള്ള നടപടികളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: