തിരുവനന്തപുരം: എസ്എറ്റി, മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ സിപിഎമ്മിന്റെ മുഖപത്രത്തിന്റെ വരിക്കാരാകാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ ആരോഗ്യപ്രവര്‍ത്തകരെ കൂട്ടത്തോടെ സ്ഥലംമാറ്റി. എന്‍ജിഒ യൂണിയന്റെ ഇടപെടലിലാണ് സ്ഥലം മാറ്റിയതായി ആരോപണം.
നഴ്സിംഗ് അസിസ്റ്റന്റ്, ഗ്രേഡ്ടു തസ്തികകളില്‍ അത്യാഹിതവിഭാഗത്തിലും ഓപ്പറേഷന് തിയറ്ററുകളിലുമായി സേവനമനുഷ്ഠിച്ചിരുന്ന ജീവനക്കാരെയാണ് സ്ഥലംമാറ്റിയത്. എസ്എറ്റിയില്‍ നിന്നും ഒമ്പതു പേരെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇതില്‍ ഭൂരിഭാഗം പേരേയും മാറ്റിയത് പാര്‍ട്ടി പത്രത്തിന് പണം നല്‍കാത്തതിന്റെ പേരിലെന്നാണ് ആരോപണം.
യൂണിയന്റെ ആവശ്യത്തെ തുടര്‍ന്ന് പണം നല്‍കില്ലായെന്ന് പറഞ്ഞവര്‍ പിന്നീട് പണം നല്കിയപ്പോള് ഇവരുടെ പേര് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയെന്നും ജീവനക്കാര്‍ പറയുന്നു. കഴിഞ്ഞ മാസം 29 ന് പ്രിന്‍സിപ്പാള്‍ പുറത്തുവിട്ട സ്ഥലംമാറ്റം നടത്തേണ്ട ജീവനക്കാരുടെ വിവരങ്ങളടങ്ങിയ ഉത്തരവിലാണ് എന്‍ജിഒ യൂണിയന് തിരുകിക്കയറ്റല്‍ നടത്തിയിരിക്കുന്നത്. മൂന്ന് വര്‍ഷം കൂടുമ്പോഴാണ് നിയമപ്രകാരം ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം നടത്തുന്നത്. എന്നാല്‍ ഈ വ്യവസ്ഥിതി പാടെ അട്ടിമറിച്ചിരിക്കുകയാണ്.
യൂണിയന്റെ അജണ്ടകള്‍ക്ക് വിപരീത നിലപാടെടുക്കുന്നവരെ തെരഞ്ഞുപിടിച്ച് സ്ഥലംമാറ്റുന്ന രീതിയാണ് നടക്കുന്നത്. മാത്രവുമല്ല എന്‍ജിഒ യൂണിയനില്‍ അംഗമല്ലാത്തവരെ വര്‍ഷംതോറും എസ്എറ്റി, മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്ക് തട്ടിക്കളിക്കുകയും ചെയ്യുന്നു. ജീവനക്കാരുടെ അവകാശങ്ങളെ തച്ചുടയ്ക്കുന്ന നിലപാടാണ് ഭരണപക്ഷ പാര്‍ട്ടി സ്വാധീനത്തില്‍ യൂണിയന് ആശുപത്രികളില്‍ നടത്തുന്നത്. ഇവരുടെ നിര്‍ബന്ധിത പണപ്പിരിവിന് പണം നല്കിയാല് മാത്രമേ ജീവനക്കാര്‍ക്ക് നിലനില്‍പ്പുള്ളൂവെന്ന സ്ഥിതിവിശേഷമാണുള്ളതെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: