വാഷിങ്ടണ്‍: ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൂടുതലായി ഉപയോഗത്തില്‍ കൊണ്ടുവരുന്നതിന്റെ കൂടുതല്‍ മാറ്റങ്ങള്‍ക്ക് ഗൂഗിള്‍ ആലോചിക്കുന്നതോടെ കമ്പനിയില്‍ നിന്ന് വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍ ഉണ്ടാവുമോ എന്ന് ആശങ്ക. ഈ വര്‍ഷം 12,000 പേരെ ഇതുവരെ പിരിച്ചുവിട്ടിരുന്നു.
ഗൂഗിള്‍ പ്ലാറ്റ്ഫോമുകളില്‍ പരസ്യങ്ങള്‍ വാങ്ങുന്നതിന് മെഷീന് ലേണിങ് സാങ്കേതിക വിദ്യ ഉപയോഗിക്കാനാണ് ഗൂഗിള്‍ ആലോചിക്കുന്നത്. പുതിയ പരസ്യങ്ങള്‍ ഓട്ടോമാറ്റിക് ആയി നിര്‍മിക്കുന്നതിന് വേണ്ടിയുള്ള എഐ ടൂളുകള്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. അതിന് വളരെ കുറച്ച് ആളുകള്‍ ജീവനക്കാരായി മതി. അത് കൂടുതല്‍ ലാഭകരവുമാണെന്നാണ് കമ്പനി വിലയിരുത്തല്‍.
ഗൂഗിളിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മുന്നേറ്റം തൊഴില്‍ നഷ്ടത്തിന് ഇടയാക്കുമെന്ന് അമേരിക്കയിലെ പ്രധാന മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. പരസ്യ ദാതാക്കളുമായുള്ള കമ്പനിയുടെ ബന്ധം കൈകാര്യം ചെയ്യുന്ന കസ്റ്റമര്‍ സെയില്‍സ് യൂണിറ്റില്‍ നിന്ന് ജീവനക്കാരെ പിരിച്ചുവിടാനും സാധ്യതയുണ്ട്.
പരസ്യ മേഖലയിലെ എഐ ഉപയോഗസാധ്യതകള്‍ കമ്പനി അവതരിപ്പിച്ചത് ഈ വര്ഷംമെയ്മാസത്തിലാണ്. എഐ ഉപയോഗിച്ച് എളുപ്പം പരസ്യങ്ങള്‍ നിര്‍മിക്കുന്ന രീതിയും കീവേഡുകള്‍, ഹെഡ്ലൈനുകള്, ചിത്രങ്ങള്‍ തുടങ്ങിയവ നിര്‍മിക്കുന്നതും ഗൂഗിള്‍ അവതരിപ്പിക്കുകയുണ്ടായി. പരസ്യം നിര്‍മിക്കുന്നതിനുള്ള പ്രധാന ടൂളുകളിലൊന്നാണ് പെര്‍ഫോമന്‍സ് മാക്സ് (പി മാക്സ്). മെയ് മാസത്തിന് ശേഷം ചില അപ്ഡേറ്റുകള് ഇതില്‍ കൊണ്ടുവന്നു.
ഗൂഗിളിന്റെ വിവിധ പരസ്യ പ്ലാറ്റ്ഫോമുകളില്‍ എവിടെയെല്ലാം പരസ്യങ്ങള്‍ സ്ഥാപിക്കണം എന്ന് തീരുമാനിക്കാന്‍ പി മാക്സ് പരസ്യദാതാക്കളെ സഹായിക്കും. വെബ്സൈറ്റുകള്‍ പരിശോധിച്ച് പരസ്യ ഉള്ളടക്കങ്ങള്‍ സ്വയം നിര്‍മിക്കും.പി മാക്സ് പോലുള്ള ടൂളുകള്‍ക്ക് ജനപ്രീതിലഭിക്കുമ്പോള് ഡിസൈന്‍, വിതരണം തുടങ്ങിയ മേഖലകളിലെ മനുഷ്യരുടെ ഇടപെടല്‍ കുറഞ്ഞുവരുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: