പുനലൂര്‍ : നവകേരള സദസ്സില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ വേദിയിലെത്തി എതിരെ സംസാരിച്ച യുവാവ് കത്തിക്കുത്ത് കേസില്‍ പോലീസ് പിടിയില്‍ കരവാളൂര്‍ നരിക്കല്‍ സ്വദേശി ഹരിലാല്‍(്33) ആണ് അറസ്റ്റിലായത്. പുനലൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് സമീപം ഇടമണ്‍ ലക്ഷംവീട് വലിയവിള പടിഞ്ഞാറ്റേതില്‍ വീട്ടില്‍ ഷാജഹാനെ കുത്തിപരുക്കേല്‍പ്പിച്ച കേസിലാണു ഹരിലാല്‍ പിടിയിലായത്.
കഴിഞ്ഞ ദിവസം പുനലൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം വച്ച് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. ഹരിലാല്‍ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ചു ഷാജഹാനെ ഗുരുതരമായി കുത്തി പരിക്കേല്പ്പിക്കുകയായിരുന്നെന്നുമാണ് പോലീസ് അറിയിച്ചത്. കൂടാതെ പിങ്ക് പോലീസിന്റെ വാഹനം ആക്രമിച്ചത് ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ഹരിലാലെന്നും പോലീസ് പറഞ്ഞു. പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
18ന് പുനലൂരില്‍ നവകേരളസദസ്സില്‍ പ്രസംഗിക്കവെ മുഖ്യമന്ത്രി, നവകേരള സദസ്സ് ഏതെങ്കിലും മുന്നണികള്‍ക്ക് എതിരല്ല. ഏതെങ്കിലും മുന്നണികള്‍ക്ക് അനുകൂലമോ അല്ല. ഈ പരിപാടി നാടിനു വേണ്ടിയാണ്. ജനങ്ങള്‍ക്ക് വേണ്ടിയാണ് അവരുടെ ഭാവിക്കാണെന്നും പറഞ്ഞപ്പോള്‍ ‘അല്ല.. അല്ല’ എന്ന പറഞ്ഞ് ഹരിലാല്‍ മുഖ്യമന്ത്രിയുടെ മുന്നിലേക്ക് എത്തുകയായിരുന്നു.
അന്ന് ഹരിലാലിനെ പോലീസ് പിടികൂടി സ്റ്റേഡിയത്തിന്റെ പിന്‍ഭാഗത്തുള്ള റോഡിലേക്കു കൊണ്ടുപോവുകയും ഈ സമയം നവ കേരളസദസ്സിന്റെ ബനിയന് ധരിച്ച ഡിവൈഎഫ്ഐ വൊളണ്ടിയര്‍മാര്‍ ഹരിലാലിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. പോലീസ് ഇയാളെ പിന്നീട് കരുതല്‍ തടങ്കലെന്ന പേരില്‍ സ്റ്റേഷനില്‍ എത്തിക്കുകയും നവകേരള സദസ് അവസാനിച്ചശേഷം വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: