ന്യൂദല്‍ഹി: ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഉജ്വലവിജയം മോദിയ്ക്ക്ടുത്തെത്തില്ല രാഹുല്‍ഗാന്ധി എന്ന ഉറച്ച ബോധം പ്രതിപക്ഷനേതാക്കളില്‍ രൂഡമൂലമായിക്കഴിഞ്ഞു. അതുകൊണ്ടാകാം പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അരവിന്ദ് കെജ്രിവാളും മമത ബാനര്‍ജിയും നിര്‍ദേശിച്ചത് . അതേ സമയം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായോ അതല്ലെങ്കില്‍ ഇന്ത്യാമുന്നണിയുടെ അധ്യക്ഷനായോ നിതീഷ്കുമാറിനെ തീരുമാനിക്കണമെന്ന് വാശിപിടിച്ച് ലാലുപ്രസാദ് യാദവും നിതീഷ്കുമാറും.
എന്തായാലും ദല്‍ഹിയില്‍ നടന്ന നാലാമത് ഇന്ത്യാമുന്നണിയോഗം തമ്മില്‍ത്തല്ലിന്റെ വേദിയായി മാറി. കൊട്ടിഘോഷിക്കപ്പെട്ട ഇന്ത്യാമുന്നണി വെറും കടലാസ് പുലിയാണെന്ന് ജനങ്ങള്‍ ബോധ്യമാക്കിക്കൊടുക്കുന്നതായിരുന്നു ഈ യോഗം. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിലുള്ള ആശയക്കുഴപ്പം തീര്‍ക്കാതെ ഇന്ത്യാമുന്നണിയ്ക്ക് മുന്നോട്ട് പോകാനുമാവില്ല. മമതയും കെജ്രിവാളും രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ താല്പര്യമില്ലാത്തവരാണ്. അതേ സമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ മതിയെന്ന് പറയുമ്പോള്‍ അത് കോണ്‍ഗ്രസിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കലാണ്. കാരണം കുടുംബവാഴ്ചപ്രകാരം അടുത്ത പ്രധാനമന്ത്രിയാകേണ്ടത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം രാഹുല്‍ ഗാന്ധിയാണ്. പക്ഷെ ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളായ മധ്യപ്രദേശ്, ഛത്തീസ് ഗഡ്, രാജസ്ഥാന് എന്നിവിടങ്ങളിലെ പരാജയം പല പ്രതിപക്ഷപാര്‍ട്ടിനേതാക്കളിലും രാഹുല്‍ ഗാന്ധിയോടുള്ള താല്പര്യം വല്ലാതെ കുറച്ചിരിക്കുകയാണ്. യാതൊരു വ്യക്തിപ്രഭാവവുമില്ലാത്ത രാഹുല്‍ഗാന്ധിയുമായി മുന്നോട്ടു പോയാല്‍ അത് 2024ലെ പൊതുതെരഞ്ഞെടുപ്പിനെ മറ്റൊരു ദുരന്തം കൂടിയാക്കുമെന്ന് പ്രതിപക്ഷനേതാക്കള്‍ ഭയപ്പെടുന്നു. എന്തായാലും മമതയുടെയും കെജ്രിവാളിന്റെയും നിര്‍ദേശം മകന് പ്രധാനമന്ത്രിയാകുന്നതും സ്വപ്നംകണ്ട് ജീവിക്കുന്ന സോണിയാഗാന്ധിയുടെ മനസ്സമാധാനം തകര്‍ത്തിരിക്കുന്നു.
ബീഹാറില്‍ നിന്നും വന്ന ലാലുവിനെയും നിതീഷ്കുമാറിനെയും സംബന്ധിച്ചിടത്തോളം പ്രധാനമന്ത്രി മുഖവും ഇന്ത്യാ മുന്നണിയുടെ അധ്യക്ഷപദവിയും നിതീഷ്കുമാറിന് നല്‍കണമെന്നതാണ് ആവശ്യം. അത് നടക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ഇരുവരും ഇന്ത്യാമുന്നണി യോഗത്തിന് ശേഷം പതിവായി നടക്കുന്ന വാര്‍ത്താസമ്മേളനത്തിന് കാത്ത് നില്‍ക്കാതെ സ്ഥലം വിട്ടു. ലാലുപ്രസാദ് യാദവിനെ സംബന്ധിച്ചിടത്തോളം നിതീഷ് കുമാറിനെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയാക്കുന്നതോടെ മകന് തേജസ്വി യാദവിനെ ബീഹാര്‍മുഖ്യമന്ത്രിയായി വാഴിക്കാം. ഒരിയ്ക്കല്‍ അത് നടന്നാല്‍ പിന്നെ നിതീഷ് കുമാറിന് അച്ഛനും മകനും ആ മുഖ്യമന്ത്രിക്കസേര വിട്ടുകൊടുക്കില്ലെന്നുറപ്പ്. നിതീഷ് കുമാറാകട്ടെ ബിജെപിയെ വിട്ട് ലാലുപ്രസാദ് യാദവിന്റെ കൂടെ ചേര്‍ന്നതുമുതല്‍ അസ്വസ്ഥനാണ്. തന്നെ അച്ഛനും മകനും ചേര്‍ന്ന് അധികാരത്തില്‍ നിന്നും മെല്ലെ മെല്ലെ തള്ളിമാറ്റുകയാണെന്ന് നിതീഷ് കുമാറിന് അനുഭവപ്പെട്ട് തുടങ്ങിയിട്ട് കുറച്ചുമാസങ്ങളായി.
പണമില്ലായ്മയും ഇന്ത്യാമുന്നണിയെ വലയ്ക്കുന്നതായി പറയുന്നു. അതിന് ഉദാഹരണമാണ് ജെഡിയു എംപി സുനില്‍കുമാര്‍ പിന്റു കോണ്‍ഗ്രസിനെയും അതിന്റെ ഫണ്ടില്ലായ്മയെയും വിമര്‍ശിച്ച് നടത്തിയ പ്രസ്താവന. യോഗത്തില്‍ ചായയും ബിസ്കറ്റും മാത്രമേയുള്ളൂ വെന്നും സമോസയെ ഒഴിവാക്കിയെന്നും അദ്ദേഹം പരിഹാസത്തോടെ പറഞ്ഞു. മാത്രമല്ല, യോഗത്തില്‍ ഗൗരവപ്പെട്ട ഒരു കാര്യവും ചര്‍ച്ച ചെയ്തില്ലെന്നും അദ്ദേഹം വിമര്‍ശിക്കുന്നു. പിന്റുവാകട്ടെ മധ്യപ്രദേശ്, ഛത്തീസ് ഗഡ്, രാജസ്ഥാന് എന്നിവിടങ്ങളിലെ ബിജെപി വിജയത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തുകയും ചെയ്തു.
നിതീഷ്കുമാറിനും ലാലുപ്രസാദ് യാദവിനും കടുത്ത ദേഷ്യം തോന്നിയത് ഖാര്‍ഗെയുടെ പേര് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ആദ്യം നിര്‍ദേശിച്ച മമത ബാനര്‍ജിയോടാണ്. നിതീഷ് കുമാറിനെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കാത്തതിലാണ് അവര്‍ക്ക് നീരസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: