അടിസ്ഥാനപരമായി ആഗമിക (താന്ത്രിക) സങ്കല്പനങ്ങളെ ആധാരമാക്കിയുള്ളതെങ്കിലും നൈഗമികമായ ആചാരങ്ങളും സംയോജിപ്പിച്ച് ഇന്നു നിലവിലുള്ള പൂജാവിധാനത്തെപ്പറ്റി വളരെ ചുരുക്കിയെങ്കിലും ഒരു ഏകദേശ രൂപം നല്‍കുന്നത് ഉചിതമായിരിക്കും.
പൂജകന് തന്റെ രണ്ടു കൈകളിലെയും കനിഷ്ഠിക തുടങ്ങി യുള്ള അഞ്ചഞ്ചു വിരലുകളെ പൃഥിവീ, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളുടെ പ്രതിരൂപങ്ങളായി സങ്കല്
പിച്ചും അതാതിന് നിയതമായ കൈമുദ്രകള്‍ പ്രദര്‍ശിപ്പിച്ചും ഗന്ധജല ദീപധൂപപുഷ്പങ്ങളെ അവയുടെ തന്നെ പ്രതീകത്വേന ഉപാസ്യബിംബത്തില്‍ അര്‍പ്പിക്കുകയോ അര്‍ച്ചിക്കുകയോ ആണ് പൂജാവിധാനത്തിന്റെ മൂലതത്ത്വം. വസ്തുക്കളെല്ലാം പാഞ്ചഭൗതികമാണല്ലോ. അവയെ (പഞ്ചഭൂതങ്ങളെ) ക്കൊണ്ടുതന്നെ അതാതിന്റെ ശക്തികളെ പ്രതിമാപൂജയില്‍ പൂജിക്കുന്നു. (ശക്തിയാണ് വസ്തു. ‘ഊര്ജ്ജോ വൈ ദേവതാ’ എന്നു ശ്രുതി) കാരണം, പൂജിക്കാന്‍ നമുക്ക് ആ വസ്തുക്കള്‍ മാത്രമേ ഉള്ളൂ).
ദേഹശുദ്ധി
പൂജയ്ക്കാദ്യമായി വിപ്രനും കുലീനനും (ഉപനയന നിഗമങ്ങളുടെയും ആഗമങ്ങളുടെയും തത്ത്വങ്ങള്‍ അറിഞ്ഞിട്ടുള്ള സര്‍വ്വോപരി ആചാര്യനാണ് അഥവാ പൂജകനാണ് വേണ്ടത്. അദ്ദേഹം ബ്രാഹ്മമു ഹൂര്‍ത്തത്തിലെഴുന്നേറ്റ് ശൗചവിധികള്‍ക്കു കുതിപ്പ് സന്ധ്യാ വന്ദനാദികള്‍ ചെയ്തിട്ട് (‘ബ്രാഹ്മ മുഹൂര്‍ത്തേ ഉത്ഥായ, കൃത ശൗചവിധിസ്തദാ സന്ധ്യാദീന്‍ വിധായ’ എന്ന് ‘സമുച്ചയം’) പീഠത്തിലിരുന്ന് വലതുകയ്യിലെ അനാമികാംഗുലിയില്‍ പവിത്രം ഇട്ട് ദേഹശുദ്ധി തുടങ്ങുന്നു. കേവലം പ്രകാശരൂപമായ പരമാത്മാവിനെ തന്റെ ഹൃദയപ്രദേശത്ത് ധ്യാനിച്ച് സാക്ഷാത്കരിച്ച് ആ പരമാത്മചൈതന്യത്തെ ക്രമേണ സഗുണനും സാകാരനുമായി സങ്കല്പിച്ച് കല്പാന്തകാലത്തെ ഭൂതസംഹാരവും തുടര്‍ന്ന് ഭൂതസൃഷ്ടിയും നടത്തുന്ന ഈശ്വരനായി കാണുന്നു. തുടര്‍ന്ന് അട്ടംപിടിച്ച് പൂജകന് ഋഗ്വേദചരണക്കാരനെങ്കില്‍ ‘ശതധാരം’ എന്നു തുടങ്ങുന്ന മന്ത്രവും യജുര്‍വേദീയചരണക്കാരനെങ്കില്‍ ‘സുശര്‍മ്മാസി’ എന്നു തുടങ്ങുന്ന മന്ത്രവും ചൊല്ലി അട്ടം അഴിക്കുന്നു. അനന്തരം തന്റെ മുന്പില് അഭിവാദ്യം ചെയ്യുന്നു. കൂടെത്തന്നെ താന്‍ ഉപവിഷ്ടനായിരിക്കുന്ന കൂര്‍മ്മാസനത്തെയും താഴെ ഭൂമിയെയും സ്പര്‍ശിച്ചുകൊണ്ട് ആധാരശക്തിയെ വന്ദിക്കുകയും തലയ്ക്കുമുകളില്‍ കയ്യുകള്‍ കൊണ്ടുപോയി തൊഴുത് പരമശിവാദി തന്റെ ഗുരുപരമ്പരയെ വന്ദിക്കുകയും ചെയ്യുന്നു. അനന്തരം ഇടതു തോളില്‍ ഗുരുവിനെയും വലതു തോളില്‍ ഗണപതിയെയും വക്ഷസ്സില്‍ പരമാത്മാവിനെയും സങ്കല്‍പ്പിച്ച് അഞ്ജലി കൂപ്പുന്നു. അതിനുശേഷം നാഡീശോധന, പ്രണവപ്രാണായാമം, കരന്യാസം, പീഠന്യാസം, മൂലമന്ത്രം സ്മരിച്ചുകൊണ്ട് ഇരുപത്തിയഞ്ചു ഉരു പ്രാണായാമം, ലിപിന്യാസം, പഞ്ചതത്ത്വന്യാസം, മൂലാക്ഷരന്യാസം ഇവയെല്ലാം ഗുരൂപദേശമനുസരിച്ച് നിര്‍വഹിക്കുന്നു. അനന്തരം കരാംഗുലികളിലും കരതലങ്ങളിലും കരതലപൃഷ്ഠങ്ങളിലും അസ്ത്രമന്ത്രം കൊണ്ടും ശിരസ്സു മുതല്‍ മറ്റെല്ലാ അംഗങ്ങളിലും മൂലമന്ത്രം കൊണ്ടും വ്യാപകം ചെയ്ത് (തൊട്ടു തലോടി) അംഗം, ഛന്ദസ്സ്, ആയുധം, ഭൂഷണം ഇവകളെ തന്റെ അതാത് ശരീരഭാഗങ്ങളില്‍ ന്യസിച്ച് മൂര്‍ത്തിരൂപത്തെ തന്റെ ഉള്ളില്‍ പ്രതിഷ്ഠാപിതമാക്കുന്നു. (തന്റെ ആത്മസ്വരൂപത്തെ മന്ത്രമൂര്‍ത്തിയായി സങ്കല്പിച്ച് തന്മയമാക്കുന്നു.) പിന്നീട് ആ മൂര്‍ത്തിയുടെ രൂപത്തെയും അവസ്ഥയെയും പരിഗണിച്ച് ധ്യാനിക്കുന്നു. ഇങ്ങനെയാണ് ദേഹശുദ്ധി ക്രമം. പൂജയുടെ ആരംഭച്ചടങ്ങാണ് ഇത്.
മുകളില്‍ സൂചിപ്പിച്ച ന്യാസവിധികള്‍ക്കും ദേഹത്തശുദ്ധിച്ചടങ്ങിന് ആകെത്തന്നെയും വിവിധ തന്ത്രഗ്രന്ഥങ്ങളില് ‘തന്ത്രാഗമം’, ‘കല്പസൂത്രം’, ‘ശിവജ്ഞാനദീപിക’, സ്വതന്ത്രതന്ത്രം തുടങ്ങിയവയില്‍ വലിയ പ്രാധാന്യമാണ് കല്
പിക്കപ്പെട്ടിട്ടുള്ളത്
ശംഖപുരണം
താന്ത്രികമായ പൂജാവിധിയില്‍ ശംഖിന് വളരെ പ്രാമുഖ്യം നല്കപ്പെട്ടിരിക്കുന്നു. പൂജയുടെ വിവിധ ഘട്ടങ്ങളില്‍ മന്ത്രപൂര്‍വകമായ അനേകം ഉപചാരവിശേഷങ്ങള്‍ ശംഖിലെ തീര്‍ഥജലത്തില്‍ സങ്കല്‍പ്പിച്ചാണ് അര്‍പ്പിക്കുന്നത്, എന്നതുകൊണ്ടാവാം അത്. (എന്നാല്‍ വൈദികമായ ഹോമാദികള്‍ക്ക് ശംഖിന്റെ ആവശ്യമേ ഇല്ല!) ശംഖില്‍ ജലമെടുത്ത് മന്ത്രങ്ങള്‍ കൊണ്ട് അതിനെ ശുദ്ധീകരിച്ച് തീര്‍ത്ഥമുണ്ടാക്കുന്ന ചടങ്ങിന് ‘ശംഖപൂരണം’ എന്ന പേരാണ് സാങ്കേതികമായി നല്‍കിയിട്ടുള്ളത്.
പൂജകന് പൂജയ്ക്ക് ഒരുക്കുമ്പോള്‍തന്നെ തന്റെ ഇടതുവശത്ത് ചാണകവും മുമ്പില്‍ രണ്ടു കിണ്ടികളില്‍ ശുദ്ധജലവും തൊട്ടടുത്ത് ശംഖുകാലും ശംഖും അതിനോട് ചേര്‍ന്ന് ചന്ദനോടത്തില്‍ ചന്ദനവും പൂപ്പാലികയില്‍ തുളസിപ്പൂവുള്‍പ്പെടെ മറ്റു ഉത്തമ പൂക്കളും കൂടെത്തന്നെ അക്ഷത (നെല്ലും അരിയും കൂട്ടിക്കലര്‍ത്തിയ മംഗല ദ്രവ്യം) വും വച്ചിട്ടുണ്ടാവും. ശംഖപൂരണത്തിന് ആദ്യമായി ചാണകം തൊട്ട് മെഴുകിയ തറയില്‍ (ശുദ്ധീകരിച്ച തറയില്‍) ജലം നിറച്ച വലതുകിണ്ടി വയ്ക്കുന്നു. തൊട്ടടുത്തുതന്നെ ‘വഹ്നിമണ്ഡല’മെന്നു സങ്കല്പിച്ച് ശംഖുകാല്‍ വയ്ക്കുന്നു. ശംഖുകാലിന്റെ മുകളില്‍ ‘സൂര്യമണ്ഡല’മെന്ന് സങ്കല്‍പ്പിച്ച് ശംഖും വയ്ക്കുന്നു. തുടര്‍ന്ന് വലതുകിണ്ടിയില്‍ നിന്ന് ശുദ്ധജലം എടുത്തു ‘സോമമണ്ഡലം’ എന്ന് സങ്കല്പിച്ച് ശംഖു നിറയ്ക്കുന്നു. കൂടെ ഗന്ധം (ചന്ദനം), പൂവ് (വിശേഷിച്ചും തുളസിപ്പൂവ്), അക്ഷതം ഇവകളും ഇടുന്നു. അനന്തരം നിയതമായ കൈമുദ്രകള്‍ കാണിച്ച് നിര്‍വിഷീകരിച്ച് ആ ജലത്തെ അമൃതകലയാക്കി ശംഖിനെ ഇടതു കയ്യിലാക്കി വലതുകയ്യുകൊണ്ട് അടച്ച് തന്റെ മൂക്ക് വരെ ദേവനു നേരെ ഉയര്‍ത്തിപ്പിടിച്ച് ഗംഗാദിസപ്തനദീതീര്‍ത്ഥങ്ങളെ മന്ത്രപൂര്‍വ്വം ആവഹിച്ച് സാന്നിദ്ധ്യം വരുത്തുന്നു. തുടര്‍ന്നു ശംഖുകാലിന്മേല്‍ ശംഖുവെച്ച് നിയതമായ കൈമുദ്രകള്‍ കൊണ്ട് വ്യാപകം, അംഗം, ന്യാസം ഇവകൊണ്ട് ആ തീര്‍ത്ഥമൂര്‍ത്തിയുടെ സാന്നിദ്ധ്യം ഉറപ്പാക്കി കൈ മുദ്രകള്‍ കാട്ടി മാനസപൂജയും സങ്കല്പം കൊണ്ട് മൂര്ത്തിപൂജയും നിവേദ്യപൂജയും പ്രസന്നപൂജയും ചെയ്തു ആ തീര്‍ത്ഥത്തെ ദേവതാമയമാക്കി വയ്ക്കുന്നു. തുടര്‍ന്നുള്ള പൂജാകാര്യങ്ങള്‍ക്ക് ആ തീര്‍ത്ഥമാണ് ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: