തിരുവനന്തപുരം : കേടായ റോഡിലെ കുഴി ആദ്യം പൊതുമരാമത്ത് മന്ത്രി എണ്ണി തീരട്ടെ. മാനേജ്‌മെന്റ് കോട്ടയില്‍ മന്ത്രിയായതിന്റെ കുഴപ്പമാണ് റിയാസിന്. പാര്‍ട്ടിയില്‍ തനിക്കുള്ള സ്വാധീനം അളക്കാന്‍ റിയാസ് വരേണ്ടതില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു. മന്ത്രി കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവിനെതിരെ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മാനേജ്‌മെന്റ് കോട്ടയില്‍ മന്ത്രി ആയതിന്റെ കുഴപ്പമാണ് റിയാസിന്. മൂപ്പ് എത്താതെ പഴുത്തയാളാണ്. നവകേരള സദസ്സിനോട് ജനങ്ങള്‍ക്കാണ് അലര്‍ജി പ്രതിപക്ഷത്തിനല്ല. മാസപ്പടി വിവാദം വന്നപ്പോള്‍ നാവ് ഉപ്പിലിട്ട് വച്ചിരുന്ന ആളാണ് പൊതുപരാമത്ത് മന്ത്രി. ഇപ്പോള്‍ തനിക്കെതിരെ പറയാനായി ഇറങ്ങിയിരിക്കുന്നുവെന്നും വി.ഡി. സതീശന്‍ വിമര്‍ശിച്ചു.
മുഖ്യമന്ത്രി കൂട്ടിലിട്ട തത്തയെ പോലെയായിരുന്നു. ചട്ടമ്പികള്‍ക്ക് കള്ള് വാങ്ങിച്ചു കൊടുത്തു ചീത്തവിളിപ്പിക്കുന്ന പ്രമാണിമാരുടെ സ്ഥിതിയിലാണ് മുഖ്യമന്ത്രി. 17 സദസ്സുകളില്‍ പ്രതിപക്ഷ നേതാവിന്റെ മാനസിക നില തകരാറിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നിട്ടാണ് മാന്യമായി സംസാരിക്കണം എന്ന് പറയുന്നത്. നവകേരള സദസ്സ് ശനിയാഴ്ച സമാപിക്കുന്നതിനാല്‍ മന്ത്രിമാരില്‍ പലരും കരുതല്‍ തടങ്കലില്‍ നിന്ന് മോചിതരാകുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് പ്രതിഷേധം അസ്വസ്ഥത മൂലമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. പുതിയ തലമുറ പരിപാടിയെ ഏറ്റെടുത്തു. എന്നാല്‍ കോണ്‍ഗ്രസ്സിന് നവകേരള സദസിനോട് അലര്‍ജി ഫീലാണുള്ളത്. അവര്‍ പരിപാടിയുടെ പ്രചാരണ ബോര്‍ഡുകള്‍ പരസ്യമായി തല്ലി തകര്‍ക്കുന്നു. നാടിന്റെ സംസ്‌കാരത്തിന് ചേരാത്ത പ്രവര്‍ത്തിയാണിത്. പോലീസിന് നേരെ മുളക് പൊടി എറിയുക, ഗോലി എറിയുക. ഇത്തരം അക്രമങ്ങള്‍ നടത്താനുള്ള മാനസിക അവസ്ഥ ഉണ്ടാക്കുന്ന നേതൃത്വമാണ് കോണ്‍ഗ്രസിനുള്ളതെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: