ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ സ്പോണ്‍സേഡ് സംഘട്ടന സദസായി നവകേരള സദസ് മാറിയെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും എന്‍ഡിഎ സംസ്ഥാന കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം ചേര്‍ത്തലയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗിന്റെ മൊഞ്ചിന് പുറകെയാണ് എല്‍ഡിഎഫ്. ഒരു മതത്തിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് വിലപേശല്‍ രാഷ്ടീയം കളിക്കുന്ന മുസ്ലിം ലീഗിനോട് ചങ്ങാത്തം കൂടാന്‍ എല്‍ഡിഎഫ് നടത്തുന്ന പ്രവൃത്തികള്‍ രാഷ്ട്രീയ പാപ്പരത്ത്വമാണെന്നും തുഷാര്‍ പറഞ്ഞു. സംസ്ഥാനത്തെ ഭരണ പ്രതിപക്ഷങ്ങള്‍ കാണിച്ചുകൂട്ടുന്ന അഴിമതിയും ദുര്‍ഭരണവും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയവും പൊതുജനത്തിന് മാറാപ്പായിരിക്കുകയാണ്.
രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവികളില്‍ ഇരിക്കുന്ന രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരെ നിരന്തരം രാജ്യത്തെ പ്രതിപക്ഷം അപമാനിക്കുകയാണ്. ഭരണഘടന പദവിയിലിരിക്കുന്ന സംസ്ഥാന ഗവര്‍ണര്‍ക്ക് നേരെ നടത്തുന്ന അക്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും സര്‍വകലാശാലകള്‍ രാഷ്ട്രീയ മുക്തമാക്കുവാന്‍ ഗവര്‍ണര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതായും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാന ഉപാധ്യക്ഷന്‍ കെ. പത്മകുമാര്‍ അധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ അരയിക്കണ്ടി സന്തോഷ്, എ.ജി. തങ്കപ്പന് അഡ്വ. സിനില്‍ മുണ്ടപ്പള്ളി, പൈലി വാത്തിയാട്ട്, എ.എന്‍. അനുരാഗ്, രാകേഷ് കോഴഞ്ചേരി, അഡ്വ. സംഗിത വിശ്വനാഥ്, അഡ്വ. പി.എസ്. ജോതിസ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പച്ചയില്‍ സന്ദീപിന് കൊല്ലം ജില്ലാ പ്രസിഡന്റിന്റെ ചുമതല നല്കാന് തീരുമാനിച്ചു. കെ. ബിന്ദുവിനെ സംസ്ഥാന കൗണ്‍സിലിലേക്കും, ടി.പി. സുരേന്ദ്രനെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും നോമിനേറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: