കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് ആശംസകള്‍ ക്രൈസ്തവ ഭവനങ്ങളിലും അരമനകളിലും എത്തിക്കുന്ന ബിജെപിയുടെ സ്നേഹയാത്രയ്ക്ക് കൊച്ചിയില്‍ തുടക്കമായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സീറോ മലബാര്‍ സഭ ആസ്ഥാനത്തെത്തി ആശംസ അറിയിച്ചു. പിന്നീട് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ അതിരൂപത ആസ്ഥാനത്തെത്തി കെ. സുരേന്ദ്രന് ആശംസ അറിയിച്ചു.
‘സ്നേഹയാത്രയില്‍ രാഷ്ട്രീയമില്ല. പരസ്പരം സ്നേഹവും ഐക്യവും ഊട്ടി ഉറപ്പിക്കാനാണ് ഈ സന്ദര്‍ശനം. കര്‍ദിനാള്‍ ആലഞ്ചേരി പിതാവ് യാത്രയ്ക്ക് എല്ലാ ആശംസകളും നല്‍കിയിട്ടുണ്ട്. മണിപ്പൂര്‍ കലാപത്തിന്റെ പേരില്‍ നടത്തിയ കുപ്രചരണങ്ങള്‍ കൊണ്ട് ക്രൈസ്തവ സമുദായത്തെ ബിജെപിയില്‍ നിന്ന് അകറ്റാനായിട്ടില്ലെന്ന് മിസോറാം തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചതാണ്. കോണ്‍ഗ്രസിനേക്കാള്‍ വിശ്വാസ്യത ക്രൈസ്തവ സഭ വിശ്വാസികള്‍ക്കിടയില്‍ ബിജെപിക്കുണ്ടെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
കഴിഞ്ഞ ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ബിജെപി നടത്തിയ സ്നേഹയാത്രയ്ക്ക് ക്രിസ്ത്യന്‍ സമൂഹത്തില്‍ നിന്നു ലഭിച്ച സ്വീകാര്യത കൂടി ഉള്‍ക്കൊണ്ടാണ് കൂടുതല്‍ വിപുലമായി ഇക്കുറി സ്നേഹ യാത്ര സംഘടിപ്പിക്കാന്‍ ബിജെപി നേതൃത്വം തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് ആശംസയും ക്രിസ്മസ് കേക്കുമായാണ് ബിജെപി പ്രവര്‍ത്തകരും നേതാക്കളും ക്രിസ്തീയ ഭവനങ്ങളിലേക്കും അരമനകളിലേക്കും എത്തുന്നത്.
വരും ദിവസങ്ങളില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്, കേരളത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറി പ്രകാശ് ജാവദേക്കര്‍, കുമ്മനം രാജശേഖരന്, പി.കെ. കൃഷ്ണദാസ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ അടക്കം സ്നേഹയാത്രയില്‍ പങ്കാളികളാകും. ഡിസംബര്‍ 31 വരെയാണ് സ്നേഹ യാത്ര സംഘടിപ്പിക്കുന്നത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്, ജില്ലാ പ്രസിഡന്റ് കെ.എസ് ഷൈജു, ജനറല്‍ സെക്രട്ടറി എസ്. സജി, വ്യവസായ സെല്‍ സംസ്ഥാന കണ്‍വീനര്‍ എ.അനൂപ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: