ന്യൂദല്‍ഹി:ചരിത്രപരമായ തീരുമാനത്തിൽ, കോളനിവാഴ്ചക്കാലത്തെ പ്രസ് ആൻഡ് രജിസ്‌ട്രേഷൻ ഓഫ് ബുക്ക്‌സ് ആക്റ്റ് 1867 റദ്ദാക്കി, പ്രസ് ആൻഡ് രജിസ്‌ട്രേഷൻ ബിൽ 2023 ലോക്‌സഭ പാസാക്കി.
ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ ശീർഷകവും രജിസ്ട്രേഷനും അനുവദിക്കുന്ന പ്രക്രിയ ലളിതമാക്കുകയും, ഭൗതിക ഇടപെടലില്ലാതെ ഓൺലൈൻ സംവിധാനത്തിലൂടെയാക്കുകയും ചെയ്യുന്നതാണ് ആനുകാലിക പ്രസിദ്ധീകരണങ്ങൾക്കായുള്ള പുതിയ പ്രസ് ആൻഡ് രജിസ്‌ട്രേഷൻ ബിൽ, 2023. ഇത് പ്രസ് രജിസ്ട്രാർ ജനറലിനെ പ്രക്രിയ വേഗത്തിലാക്കുന്നതിനു പ്രാപ്തമാക്കും.
അതിലൂടെ പ്രസാധകർക്ക്, പ്രത്യേകിച്ച് ചെറുകിട-ഇടത്തരം പ്രസാധകർക്ക് പ്രസിദ്ധീകരണം ആരംഭിക്കുന്നതിൽ ബുദ്ധിമുട്ടുകൾ കുറയ്‌ക്കാനാകുമെന്ന് ഉറപ്പാക്കും. ഏറ്റവും പ്രധാനമായി, പ്രസാധകർ ഇനി ജില്ലാ മജിസ്‌ട്രേറ്റുകൾക്കോ പ്രാദേശിക അധികാരികൾക്കോ പ്രതിജ്ഞാപത്രം സമർപ്പിച്ച് അവ അംഗീകൃതമാക്കേണ്ടതില്ല. കൂടാതെ, പ്രിന്റിങ് പ്രസ്സുകളും അത്തരം പ്രഖ്യാപനങ്ങളൊന്നും നൽകേണ്ടതില്ല; പകരം ഒരു അറിയിപ്പ് മാത്രം മതിയാകും. മുഴുവൻ പ്രക്രിയക്കും നിലവിൽ 8 ഘട്ടങ്ങളാണുള്ളത്. അത് സമയം ഗണ്യമായി ചെലവഴിക്കുന്നുണ്ട്.
അടിമത്തമനോഭാവം ഇല്ലാതാക്കുന്നതിനും പുതിയ ഇന്ത്യക്കായി പുതിയ നിയമങ്ങൾ കൊണ്ടുവരുന്നതിനുമുള്ള മോദി ഗവണ്മെന്റിന്റെ മറ്റൊരു ചുവടുവയ്‌പാണ് ബില്ലിലൂടെ പ്രതിഫലിക്കുന്നതെന്ന് ലോക്സഭയിൽ ബിൽ അവതരിപ്പിക്കവേ വാർത്താവിതരണ-പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് ഠാക്കുർ പറഞ്ഞു. പുതിയ നിയമങ്ങളിലൂടെ ക്രിമിനൽ സ്വഭാവം അവസാനിപ്പിക്കുക, വ്യവസായനടത്തിപ്പു സുഗമമാക്കുക എന്നിവയാണു ഗവണ്മെന്റിന്റെ മുൻഗണനയെന്നും അതനുസരിച്ച് കോളനിവാഴ്ചക്കാലത്തെ ചട്ടങ്ങൾ ഗണ്യമായി ക്രിമിനൽരഹിതമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചില നിയമലംഘനങ്ങൾക്ക്, നേരത്തെയുള്ള ശിക്ഷാവിധിക്ക് പകരം സാമ്പത്തികമായി പിഴശിക്ഷകൾ നിർദേശിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ചെയർപേഴ്സന്റെ നേതൃത്വത്തിൽ വിശ്വസനീയമായ അപ്പീൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വ്യവസായനടത്തിപ്പു സുഗമമാക്കുന്നതിൽ ഊന്നൽ നൽകിയ ഠാക്കുർ, ചിലപ്പോൾ 2-3 വർഷമെടുക്കുന്ന ശീർഷക രജിസ്ട്രേഷൻ പ്രക്രിയ ഇപ്പോൾ 60 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ചൂണ്ടിക്കാട്ടി.
1867-ലെ നിയമം ബ്രിട്ടീഷ് വാഴ്ചയുടെ പാരമ്പര്യമായിരുന്നു. അത് പ്രസ്സിന്റെയും പത്രങ്ങളുടെയും പുസ്തകങ്ങളുടെയും അച്ചടിക്കാരുടെയും പ്രസാധകരുടെയുംമേൽ പൂർണനിയന്ത്രണം ഏർപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ്. ഒപ്പം കനത്ത പിഴയും, വിവിധ ലംഘനങ്ങൾക്ക് തടവ് ഉൾപ്പെടെയുള്ള ശിക്ഷകളും നിർദേശിച്ചിരുന്നു. മാധ്യമസ്വാതന്ത്ര്യത്തിന്റെ ഇന്നത്തെ യുഗത്തിലും മാധ്യമസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയിലും, പുരാതന നിയമം നിലവിലെ മാധ്യമമേഖലയുമായി പൂർണമായും പൊരുത്തപ്പെടുന്നില്ലെന്നാണു കരുതുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: