കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് (എന്‍ഐടിസി) ഇനി മുതല്‍ നഗരാസൂത്രണത്തിന്റെയും രൂപകല്പനയുടെയും മികവിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കും. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയമാണ് ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യത്തെ മികവിന്റെ കേന്ദ്രമായി എന്ഐടിസിയെ തിരഞ്ഞെടുത്തത്. സ്ഥാപനത്തിന്റെ ചരിത്രത്തില്‍ സുപ്രധാന നാഴികക്കല്ലായേക്കാവുന്ന അഭിമാനകരമായ അംഗീകാരമാണിത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടര്‍ച്ചയായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്കില്‍ (എന്‍ഐആര്‍എഫ്) രണ്ടാം സ്ഥാനം കരസ്ഥമാക്കി മികവ് പ്രകടിപ്പിക്കുന്ന ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിംഗ് (ഡിഎപി) ന്റെ നേതൃത്വത്തില്‍ സമര്‍പ്പിച്ച സമഗ്രമായ പ്രോജക്ടിന്റെ അടിസ്ഥാനത്തിലാണ് എന്ഐടിസിയെ മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുത്തത്.
‘ശാസ്ത്രസാങ്കേതികവിദ്യാധിഷ്ഠിതമായ വിവിധ സംരംഭങ്ങള്‍ക്കായി പരിശ്രമിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പരിശ്രമങ്ങള്‍ ഫലപ്രാപ്തി നേടിയ അവസരമാണിതെന്നും ഓരോ ശ്രമങ്ങളിലൂടെയും സാമൂഹ്യ പ്രതിബദ്ധത നിറവേറ്റാനും ഉത്തരവാദിത്തങ്ങള്‍ പൂര്‍ണമായി നിറവേറ്റാനും തങ്ങള്‍ ശ്രമിക്കുകയാണെന്നും എന്‍ഐടിസി ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ പറഞ്ഞു.
മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട ഓരോ സ്ഥാപനത്തിനും ഭവന, നഗരകാര്യ മന്ത്രാലയം 250 കോടി രൂപ എന്‍ഡോവ്മെന്റ് ഫണ്ട് അനുവദിച്ചിട്ടുണ്ട്. 2022-23 ലെ കേന്ദ്ര ബജറ്റിന്റെ അവതരണ വേളയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.
നഗരാസൂത്രണത്തിലും രൂപകല്പനയിലും മികവ് വര്‍ദ്ധിപ്പിക്കാനും കണ്‍സള്‍ട്ടന്‍സി, ആധുനിക സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള നിര്‍മാണ ശൈലി പരിപോഷിപ്പിക്കാനും ലക്ഷ്യമിട്ടുള്ള മള്‍ട്ടി, ട്രാന്‍സ് ഡിസിപ്ലിനറി പഠനത്തിനും ഗവേഷണത്തിനുമുള്ള ഒരു പ്ലാറ്റ്ഫോമായാണ് എന്‍ഐടി കാലിക്കറ്റിലെ മികവിന്റെ കേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നത്. മെച്ചപ്പെട്ട ജീവിത നിലവാരം, നഗര സൗന്ദര്യം, സാമ്പത്തിക അവസരങ്ങള്‍ എന്നിവയുള്ള നഗരപ്രദേശങ്ങള്‍ സൃഷ്ടിക്കുന്നതിന് സംഭാവന നല്‍കുക, ദേശീയ വളര്‍ച്ചയ്ക്ക് ഉത്തേജകമായി പ്രവര്‍ത്തിക്കുക എന്നിവയാണ് ലക്ഷ്യം.
പ്രശസ്ത നഗരാസൂത്രകന് കൂടിയായ എന്‍ഐടി കോഴിക്കോട് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിങ് വിഭാഗം പ്രൊഫസര്‍ ഡോ. പി. പി. അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് എന്‍.ഐ.ടി.സി യിലെ മികവിന്റെ കേന്ദ്രം നിലവില്‍ വരുന്നത്. വിദഗ്ധര്‍, കണ്‍സള്‍ട്ടന്റുകള്‍, റിസര്‍ച്ച് അസോസിയേറ്റ്സ്, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് എന്നിവരടങ്ങുന്ന ഒരു സംഘം കേന്ദ്രത്തെ പിന്തുണയ്ക്കും.
വിവിധ നഗരവികസന പ്രശ്നങ്ങള്‍ക്ക്, പ്രത്യേകിച്ച് നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും സന്ദര്ഭാധിഷ്ഠിതവും സമര്‍ത്ഥവും സുസ്ഥിരവുമായ പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിനും നല്‍കുന്നതിനും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും നഗരങ്ങളിലെ നഗരാസൂത്രണ പ്രൊഫഷണലുകളുടെ കാഡറുകള്‍ക്ക് അത്യാധുനിക പരിശീലനം നല്‍കുന്നതിനും മികവിന്റെ കേന്ദ്രം അവസരമൊരുക്കുമെന്ന് പദ്ധതിയുടെ ടീം ലീഡറായ ഡോ. പി.പി. അനില്‍കുമാര്‍ പറഞ്ഞു. ‘ഇതോടുകൂടി നഗരവികസനത്തില്‍ ദേശീയ നയങ്ങള്‍ രൂപീകരിക്കുന്നതില്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് ഒരു പ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്നും 8 വര്‍ഷം മുമ്പ് മാത്രം ആരംഭിച്ച നഗരാസൂത്രണ വകുപ്പിനെ സംബന്ധിച്ച് ഇത് ഒരു സുപ്രധാന നേട്ടമാണെന്നും ഡോ. അനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: