ഇംഫാല്‍(മണിപ്പൂര്‍): നിര്‍ബന്ധിത മതംമാറ്റവും അനധികൃത വിദേശഫണ്ടിങ്ങും ആരോപിക്കപ്പെട്ട 25 സ്‌കൂളുകളുടെ അഫിലിയേഷന്‍ സിബിഎസ്ഇ റദ്ദാക്കി. മണിപ്പൂരിലെ ചുരാചന്ദ്പൂര്‍, കാങ്‌പോക്പി ജില്ലകളിലെ സ്‌കൂളുകള്‍ക്കെതിരെയാണ് നടപടി. മണിപ്പൂരിലെ കലാപങ്ങളില്‍ പ്രധാനപങ്ക് വഹിച്ചുവെന്ന് സംശയിക്കുന്ന സ്‌കൂളുകളാണിവ. സംസ്ഥാന സര്‍ക്കാരിന്റെ എന്‍ഒസി ഇല്ലാതെ അഫിലിയേഷന്‍ നേടിയെടുത്തവയ്‌ക്കെതിരെയാണ് നടപടി.
സിബിഎസ്ഇയുടെ സ്‌കൂള്‍ അഫിലിയേഷന്‍ റീ-എന്‍ജിനീയേര്‍ഡ് ഓട്ടോമേഷന്‍ സിസ്റ്റം അനുസരിച്ച്, രാജ്യത്തെ മൊത്തം 28942 സ്കൂളുകള്‍ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്, അതില്‍ 107 എണ്ണം മണിപ്പൂരില്‍ നിന്നാണ്. ഇംഫാല്‍ വെസ്റ്റ് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സിബിഎസ്ഇ അഫിലിയേറ്റഡ് സ്‌കൂളുകള്‍ ഉള്ളത്. നാല്പത്തൊന്ന് എണ്ണം. 19 സ്‌കൂളുകല്‍ ചുരാചന്ദ്പൂരിലും 16 എണ്ണം കാങ്പോക്പി ജില്ലയിലുമാണ്.
സിബിഎസ്ഇയുടെ അഫിലിയേഷന്‍ ബൈലോയില്‍ സംസ്ഥാന സര്‍ക്കാര്‍ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്(എന്‍ഒസി) നിര്‍ബന്ധമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് പാലിക്കാത്ത 20 ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളുകള്‍ക്ക് നേരത്തെ അഫിലിയേഷന്‍ ലഭിച്ചത് അന്വേഷിച്ചാണ് ഇപ്പോഴത്തെ നടപടി. പല സ്‌കൂളുകളും അഫിലിയേഷന് അപേക്ഷിക്കാന്‍ സോണല്‍ എജ്യുക്കേഷന്‍ ഓഫീസര്‍മാരുടെ വ്യാജ ഒപ്പ് ഉണ്ടാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇതേത്തുടര്‍ന്ന് മണിപ്പൂര്‍ വിദ്യാഭ്യാസമന്ത്രി ടി. ബശാന്ത സിങ്, വിദ്യാഭ്യാസ കമ്മീഷണര്‍ ഗ്യാന്‍ പ്രകാശ് എന്നിവര്‍ ന്യൂദല്‍ഹിയിലെത്തി സിബിഎസ്ഇ അധികൃതരെ കാണുകയായിരുന്നു. തുടര്‍ന്നാണ് 25 സ്‌കൂളുകളുടെ അഫിലിയേഷന്‍ സിബിഎസ്ഇ പിന്‍വലിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ എന്‍ഒസി ഇല്ലാത്ത സ്‌കൂളുകള്‍ക്കെതിരെയാണ് നടപടിയെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ ജോയിന്റ് സെക്രട്ടറി അഞ്ജലി ചോങ്തം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: