തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റിലേക്ക് ചാന്‍സലറുടെ നോമിനികളായി നിയമിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു നല്കിയ ചട്ടവിരുദ്ധ പട്ടിക പുറത്തായത് സര്‍ക്കാരിനെ വെട്ടിലാക്കി. മന്ത്രിയുടെ പട്ടികയിലുള്ളവരെല്ലാം സിപിഎം സഹയാത്രികരായിരുന്നു എന്നതാണ് കഴിഞ്ഞദിവസം പുറത്തുവന്നത്.
പത്രപ്രവര്‍ത്തകരുടെ പട്ടികയിലുള്ളത് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ വി.ബി. പരമേശ്വരനും കൈരളി ന്യൂസ് ഡയറക്ടര്‍ എന്‍.പി. ചന്ദ്രശേഖരനുമാണ്. എഴുത്തുകാരുടെ പട്ടികയില്‍ പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറി അശോകന് ചെരുവിലും എഴുത്തുകാരന് ബെന്യാമിനും. അഭിഭാഷകരുടെ പട്ടികയിലുള്ളത് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ജി. സുഗുണന്, നെയ്യാറ്റിന്‍കര ഏരിയാ കമ്മിറ്റി അംഗം ആര്.എസ്. ബാലമുരളി എന്നിവര്‍. ജി. സുഗുണനെ മുന്‍ ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവവും ഒഴിവാക്കിയിരുന്നു.
സാംസ്കാരിക സംഘടനയില്‍ നിന്നുള്ള പ്രതിനിധി സിപിഎമ്മിന്റെ തിരുവനന്തപുരം മുന്‍ ഡെപ്യൂട്ടി മേയര്‍ വി. ജയപ്രകാശ് ആണ്. കൂടാതെ സ്കൂള്‍ പ്രധാന അധ്യാപകരുടെയും അനധ്യാപകരുടെയും പട്ടിയിലുള്ളത് കെഎസ്ടിഎ ഭാരവാഹികളും കെഎസ്ടിഎ നേതാവിന്റെ ഭാര്യയുമൊക്കെയാണ്. ശേഷിക്കുന്നത് എസ്എഫ്ഐക്കാരും സിപിഎം സഹയാത്രികരുമാണ്. ഇത് ഒഴിവാക്കി സെനറ്റിലേക്കുള്ള നോമിനികളെ തീരുമാനിച്ചതാണ് ഗവര്‍ണര്‍ക്കെതിരേയുള്ള പ്രതിഷേധത്തിന് കാരണം.
കാലങ്ങളായി സര്‍വകലാശാലയിലേക്കുള്ള സെനറ്റ് നോമിനികളായി സര്‍ക്കാരും സര്‍വകലാശാലയും നല്‍കുന്നത് സിപിഎം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും പട്ടികയാണ്. ഓരോ വിഭാഗത്തിലും അതുമായി പുലബന്ധം ഇല്ലാത്തവരെപ്പോലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിഎസ് അച്യുതാനന്ദന് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ കേരള യൂണിവേഴ്സിറ്റി സെനറ്റിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത മൂന്നു പേര്‍ക്ക് യോഗ്യതയില്ലെന്ന് കണ്ടെത്തിയിരുന്നു. അന്നത്തെ കൊല്ലം എംപി പി. രാജേന്ദ്രന്, ഇപ്പോഴത്തെ മന്ത്രിമാരായ സജി ചെറിയാന്, പി. പ്രസാദ് എന്നിവരെയാണ് പുറത്താക്കിയത്. വ്യവസായിയുടെ പട്ടികയിലായിരുന്നു പി. രാജേന്ദ്രന്. സജി ചെറിയാന് കായികതാരത്തിന്റെയും പി. പ്രസാദ് പത്രപ്രവര്‍ത്തകന്റെയും പട്ടികയിലാണ് ഉള്‍പ്പെട്ടിരുന്നത്. ഇവര്‍ക്ക് ഇതുമായി യാതൊരു ബന്ധവും ഇല്ലെന്ന് വ്യക്തമായതോടെ പ്രത്യേക ഉത്തരവിലൂടെ സര്‍വകലാശാല പുറത്താക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: