പാലക്കാട്: നേട്ടങ്ങളുടെ നിറവില്‍ ലോങ്ജമ്പ് താരം ശ്രീശങ്കര്‍ മുരളി. ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് എന്നിവയില്‍ രാജ്യത്തിനായി വെള്ളി മെഡല്‍ നേടിയപ്പോള്‍, അര്‍ജുന പുരസ്‌കാരം നല്‍കി എം. ശ്രീശങ്കറിന് രാജ്യത്തിന്റെ ആദരം. ഈ വര്‍ഷത്തെ അര്‍ജുന അവാര്‍ഡ് ജേതാക്കളില്‍ ഏക മലയാളിയാണ് പാലക്കാട് യാക്കര മുറിക്കാവ് എകെജി നഗര്‍ ശ്രീപാര്‍വ്വതിയില്‍ എസ്. മുരളിയുടെയും കെ.എസ്. ബിജിമോളുടെയും മകനായ ശ്രീശങ്കര്‍. അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ ശ്രീശങ്കര്‍ വിദേശത്താണ്.
ഒളിംപിക്‌സ് മെഡല്‍, അര്‍ജുന അവാര്‍ഡ് എന്നീ രണ്ടുസ്വപ്‌നങ്ങളില്‍ ഒന്ന് പൂവണിഞ്ഞ സന്തോഷത്തിലാണ് ശ്രീശങ്കറും കുടുംബവും. ശ്രീശങ്കര്‍ എന്ന ശങ്കുവിന്റെ കഠിനാധ്വാനത്തിനുള്ള അംഗീകാരമാണ് അര്‍ജുന അവാര്‍ഡെന്ന് അമ്മ ബിജിമോള്‍ ജന്മഭൂമിയോട് പറഞ്ഞു. തങ്ങളുടെ ഏറ്റവും വലിയ ആഗ്രഹമാണ് ശങ്കുവിന് ഒളിംപിക്സ് മെഡലും, അര്‍ജുന അവാര്‍ഡും ലഭിക്കുകയെന്നത് അതിലൊരെണ്ണം സഫലമായിരിക്കുന്നു. അര്‍ജുന അവാര്‍ഡ് ലഭിക്കുമെന്ന് ശ്രീശങ്കറിന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും പ്രഖ്യാപനം വരുന്നത് വരെ ടെന്‍ഷനിലായിരുന്നുവെന്നും ബിജിമോള്‍ പറഞ്ഞു.
ഒത്തിരി സന്തോഷമുണ്ടെന്നും, ഏറെ നാളത്തെ സ്വപ്‌നം സഫലമായെന്നും, അടുത്ത ലക്ഷ്യം പാരീസ് ഒളിമ്പിക്സാണെന്നും അച്ഛനും കോച്ചുമായ മുരളി. ശ്രീശങ്കര്‍ അര്‍ജുന അവാര്‍ഡിനും കോച്ച് മുരളി ദ്രോണാചാര്യ അവാര്‍ഡിനുമാണ് അപേക്ഷിച്ചത്. മകന് ലഭിച്ച അവാര്‍ഡ് തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്ന് മുരളി പറഞ്ഞു.
അവന്‍ കഷ്ടപ്പെട്ടതിനുള്ള പ്രതിഫലമാണ് അര്‍ജുന അവാര്‍ഡെന്നും കേന്ദ്രസര്‍ക്കാരിനോട് പ്രത്യേകം നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. ഇനി ലക്ഷ്യം രാജ്യത്തിനായി ഒളിമ്പിക്സ് മെഡല്‍ എന്നതാണ്. ഇതിനകം പാരീസ് ഒളിംപിക്സിനുള്ള പരിശീലനം ആരംഭിച്ചു. രണ്ട് മാസത്തിന് ശേഷം പരിശീലനത്തിനായി ഇരുവരും സൈപ്രസിലേക്ക് യാത്രതിരിക്കും. ഇതുവരെ കായിക മേഖലയ്‌ക്ക് ആരും നല്‍കാത്ത പിന്തുണയും, സഹായവുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേന്ദ്രസര്‍ക്കാരും നല്‍കുന്നതെന്നും അതിന് പ്രത്യേകം നന്ദിപറയുന്നതായും മുരളി. വിദേശപരിശീലനത്തിനുള്ള എല്ലാ സഹായവും കേന്ദ്ര കായികമന്ത്രാലയം ഉറപ്പു നല്‍കിയിട്ടുണ്ട്. അപേക്ഷ നല്‍കിയാല്‍ അടുത്ത ദിവസം കായികതാരങ്ങള്‍ക്ക് പണം ലഭിക്കും.
രാജ്യത്തിനായി ഒളിമ്പിക്സ് മെഡല്‍ നേടുകയെന്നതാണെന്ന് ലക്ഷ്യമെന്ന് ഇരുപത്തിനാലുകാരനായ ശ്രീശങ്കര്‍ പറഞ്ഞു. ഭക്ഷണം, സിനിമ, യാത്ര ഉള്‍പ്പെടെ ഇഷ്ടമുള്ളവയെല്ലാം ലോങ്ജംപിനായി മാറ്റിവച്ചിരിക്കുകയാണ് ശ്രീശങ്കര്‍. ചെറുപ്രായത്തില്‍ അര്‍ജുന അവാര്‍ഡ് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും വിജയവും അവാര്‍ഡും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍, നാട്ടുകാര്‍, അത്ലറ്റിക് ഫെഡറേഷന്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമര്‍പ്പിക്കുന്നതായി ശ്രീശങ്കറും കുടുംബവും പറഞ്ഞു. പത്തുവയസ് മുതല്‍ തുടങ്ങിയ പരിശീലനമാണ് ഇപ്പോഴും തുടരുന്നത്.
2022 ഹാങ്ചൗ ഏഷ്യന്‍ ഗെയിംസിലും 2022-ലെ ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസിലും ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ശ്രീശങ്കര്‍ രാജ്യത്തിനായി വെള്ളി മെഡല്‍ നേടി. സഹോദരി ശ്രീപാര്‍വതിയും കായികതാരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: