ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ എംപിമാരുടെ സംഘം പ്രധാനമന്ത്രി മോദിയുമായി അരമണിക്കൂറോളം കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതിയെ മിമിക്രിയിലൂടെ കളിയാക്കിയ കല്യാണ്‍ ബാനര്‍ജിയെ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നിഷ്കര്ഷിച്ചതിനാല് സംഘത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു.
പുറത്ത് 24 മണിക്കൂറും രാഷ്ട്രീയ വൈരത്തോടെ ഏറ്റുമുട്ടുന്ന പ്രധാനമന്ത്രി മോദിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ശാന്തമായി അരമണിക്കൂറോളം ആശയവിനിമയം നടത്തുന്നത് പ്രസ് ഫോട്ടൊഗ്രാഫര്‍മാര്‍ക്ക് അത്ഭുതമായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ ധാരാളം ഫോട്ടോകള്‍ എടുത്തു.
കേന്ദ്രത്തിന്റെ ഫണ്ട് ലഭിക്കുന്നതിന് വേണ്ടിയായിരുന്നു കൂടിക്കാഴ്ച എത്രയും വേഗം കേന്ദ്രഫണ്ട് നല്‍കണമെന്ന് മമത പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ബംഗാളിനുള്ള കേന്ദ്രഫണ്ട് തടഞ്ഞുവെച്ചിരിക്കുന്നു എന്ന വിമര്‍ശനം കഴിഞ്ഞ കുറെനാളുകളായി തൃണമൂല്‍ കോണ്‍ഗ്രസും മമത ബാനര്‍ജിയും ഉയര്‍ത്തുന്നതിനിടെയായിരുന്നു കൂടിക്കാഴ്ച.
ഏകദേശം 1.16 ലക്ഷം കോടി രൂപ കേന്ദ്രം ഇനിയും ബംഗാളിന് നല്‍കാനുണ്ടെന്നും പണമില്ലാത്തതിനാല്‍ വികസനപ്രവര്‍ത്തനങ്ങളും ക്ഷേമപരിപാടികളും തടസ്സപ്പെട്ടിരിക്കുകയാണെന്നും മമത ബാനര്‍ജി പറഞ്ഞു. അതേ സമയം തങ്ങളുടെ വാദങ്ങള്‍ ക്ഷമയോടെ മോദി കേട്ടിരുന്നെന്നും ഉടനടി സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും ഉദ്യോഗസ്ഥ സംഘങ്ങള്‍ ഒന്നിച്ചിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് മോദി ഉറപ്പ് നല്‍കിയെന്നും മമത പിന്നിട് എക്സില്‍ കുറിച്ചു.
അതേ സമയം മമത ബാനര്‍ജി നുണ പറയുകയാണെന്നും പല പദ്ധതികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഫണ്ട് കൂടുതലായി അനുവദിച്ചിരിക്കുകയാണെന്നും ചില രേഖകള്‍ കാണിച്ചുകൊണ്ട് ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി പറഞ്ഞു. മമതയുടെ മരുമകന് അഭിഷേഖ് ബാനര്‍ജി, ഡെറിക് ഒബ്രിയാന് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: