തിരുവനന്തപുരം: സനാതന ധര്‍മ്മത്തെ നശിപ്പിക്കാനുള്ള ശ്രമം അധികാരമുള്ളവരുടെ ഭാഗത്തുനിന്നുണ്ടാകുമ്പോള്‍ സനാതന ധര്‍മ്മ സംരക്ഷണത്തിന് ഹൈന്ദവര്‍ ഭക്തിയെ ശക്തിയാക്കി മാറ്റണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചര്‍. തിരുവനന്തപുരം ശ്രീകണ്ഠേശ്വര ക്ഷേത്രത്തില്‍ ധനുമാസ തിരുവാതിരയോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
ഒരുക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിക്കുമെന്ന് ഇഎംഎസ് ഭരണകാലത്തുള്‍പ്പെടെ പറഞ്ഞുപഠിപ്പിച്ചിടത്തുനിന്നും ഒരമ്പലവും നശിക്കാന്‍ വിട്ടുകൊടുക്കില്ലെന്ന ഉറച്ച തീരുമാനം നടപ്പാക്കാന്‍ കേരള ക്ഷേത്രസംരക്ഷണ സമിതിയ്ക്ക് സാധിച്ചു. മാത്രമല്ല നശിച്ചുകിടന്ന എതാണ്ടെല്ലാം ക്ഷേത്രങ്ങളും പുനര്‍ നിര്‍മ്മിക്കാന്‍ സാധിച്ചു. അമ്പലത്തെ നശിപ്പിക്കാന്‍ നടന്നവര്‍ ഇന്ന് ഞങ്ങളും ഭക്തരല്ലെ ഞങ്ങള്‍ക്കും അമ്പലം ഭരിച്ചുകൂടേ എന്ന് ചോദിക്കുന്ന അവസ്ഥയിലെത്തിച്ചത് ക്ഷേത്രസംരക്ഷണസമിതി ഉള്‍പ്പെടെയുള്ള ഹൈന്ദവ സംഘടനകളുടെ നിശബ്ദ പ്രവര്‍ത്തനത്തിന്റെ ഫലമാണ്.
ക്ഷേത്രങ്ങള്‍ സാംസ്കാരിക കേന്ദ്രങ്ങളായിരുന്നു. അതുകൊണ്ടാണ് സാമൂഹ്യനവോത്ഥാനത്തിന് ശ്രീനാരായണ ഗുരുദേവന് ഹൈന്ദവ ക്ഷേത്രങ്ങള്‍ സ്ഥാപിച്ചത്.
ബ്രാഹ്മണനായ കുചേലനും പിന്നാക്ക വിഭാഗത്തില്‍പ്പെട്ട കൃഷ്ണനും ഗുരുകുലത്തില്‍ സഹപാഠികളായിരുന്നത് സമ്പന്നനും ദരിദ്രനും രാജാവും പ്രജയും വര്‍ഗവര്‍ണ ഭേദമില്ലാതെ ഒരുമിച്ചു ഒരേ സ്ഥലത്ത് പഠിച്ചിരുന്നതിന്റെ തെളിവാണ്. ഈ നവോത്ഥാന മുന്നേറ്റത്തെ വഴിതിരിച്ചുവിടാനുള്ള ചിലരുടെ ശ്രമം തകര്‍ത്തത് ഹൈന്ദവ സംഘടനകളാണ്. ഈ ശ്രമം സംഘടനകളില്‍ മാത്രം ഉണ്ടായാല്‍പ്പോരാ. സമാജം മുഴുവന്‍ ഏറ്റെടുക്കണം.
എന്റെ മോക്ഷം എന്നതിലുപരി സമൂഹത്തിന്റെ മോക്ഷം എന്ന നിലയിലേക്ക് ഭക്തരുടെ ചിന്ത മാറണം. ഭക്തിയെ ശക്തിയാക്കി മാറ്റാന്‍ നമുക്ക് സാധിക്കണം. ശ്രീനാരായണ ഗുരുദേവന് മുതല്‍ ക്ഷേത്രസംരക്ഷണ സമിതി സ്ഥാപകരായ കെ.പി.കേളപ്പനും പി.മാധവനും ഉള്‍പ്പെടെയുള്ള സാമൂഹ്യനവോത്ഥാന നായകര്‍ കാണിച്ചു തന്ന മാതൃക ഇതാണെന്നും കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു.
സാംസ്കാരിക സമ്മേളനം സിനിമാ നിര്‍മ്മാതാവ് സുരേഷ്കുമാറും നടി മേനകയും ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക കേന്ദ്രങ്ങളായിരുന്നു നമ്മുടെ ക്ഷേത്രങ്ങളെന്ന് സുരേഷ്കുമാര്‍ പറഞ്ഞു. അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ ശ്രീരാമ പ്രതിഷ്ഠ നടക്കുന്നതോടെ നമുക്ക് ലഭിക്കുന്നത് സാംസ്കാരിക സ്വാതന്ത്ര്യമാണെന്നും ഇത് ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷേത്രസംരക്ഷണസമിതി ശ്രീകണ്ഠേശ്വരം ശാഖ പ്രസിഡന്റ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
ബ്രാഹ്മണസഭ സംസ്ഥാന അധ്യക്ഷന്‍ എച്ച്. ഗണേശ്, ഹിന്ദുധര്‍മ്മപരിഷത്ത് അധ്യക്ഷന്‍ എം.ഗോപാല്‍, കേണല്‍ ഗോവിന്ദ് എസ്.നായര്‍, അരയാല്കീഴില്ലം കേശവന് നമ്പൂതിരി, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പ്രഭാകരന്, ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന പ്രചാര്‍പ്രമുഖ് ഷാജു വേണുഗോപാല്‍, മാതൃസമിതി സംസ്ഥാന ഉപാധ്യക്ഷ പത്മാവതി അമ്മ, ആര്‍എസ്എസ് പത്മനാഭനഗര്‍ സേവാപ്രമുഖ് മണികണ്ഠന് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: