വാഷിങ്ടണ്‍: മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കി. കോളറാഡോ സുപ്രീംകോടതിയാണ് ഡൊണാള്‍ഡ് ട്രംപിനെ അയോഗ്യനാക്കിയത്. 2021 ജനുവരി ആറിലെ കാപ്പിറ്റോള്‍ ആക്രമണത്തില്‍ ട്രംപ് സംഘര്‍ഷത്തിന് പ്രേരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി നടപടി. യുഎസിന്റെ ചരിത്രത്തില്‍ തന്നെ അട്ടിമറിയുടെയോ അതിക്രമത്തിന്റെയോ പേരില്‍ അയോഗ്യനാകുന്ന ആദ്യ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയാണ് ട്രംപ്. എന്നാല്‍ ഈ വിധിക്കെതിരെ യുഎസ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ട്രംപ് അറിയിച്ചു.
കലാപത്തിലോ അക്രമത്തിലോ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥരെ അധികാര സ്ഥാനങ്ങള്‍ വഹിക്കുന്നതില്‍ നിന്ന് വിലക്കുന്ന യുഎസ് ഭരണഘടനയുടെ വ്യവസ്ഥ പ്രകാരമാണ് വിലക്ക്. വാഷിങ്ടണിലെ സിറ്റിസണ്‍സ് ഫോര്‍ റെസ്പോണ്സിബിലിറ്റി ആന്‍ഡ് എത്തിക്സിന്റെ കൂടി പിന്തുണയോടെ കോളറാഡോയിലെ ഒരു കൂട്ടം വോട്ടര്‍മാരാണ് ട്രംപിനെതിരെ കേസ് കൊടുത്തത്. ജോ ബൈഡന് പ്രസിഡന്റ് സ്ഥാനം കൈമാറ്റം ചെയ്യുന്നതില്‍ ട്രംപ് പരാജയപ്പെട്ടുവെന്നും, അതിന്റെ ഭാഗമായി ക്യാപിറ്റോള്‍ ആക്രമിക്കാന്‍ ട്രംപ് തന്റെ അനുയായികളെ പ്രേരിപ്പിച്ചു എന്നുമാണ് കേസില്‍ പറയുന്നത്.
അതേസമയം ട്രംപിന് അപ്പീലിന് പോകാനായി ജനുവരി നാല് വരെ വിധി സ്റ്റേ ചെയ്തിട്ടുണ്ട്. പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനായി പ്രൈമറി ബാലറ്റുകള്‍ അച്ചടിക്കേണ്ട അവസാന തിയതി ജനുവരി അഞ്ച് ആണ്. ജനാധിപത്യവിരുദ്ധം എന്നാണ് കോടതിവിധിയോട് ട്രംപ് പ്രതികരിച്ചത്. വിധി തെരഞ്ഞെടുപ്പില്‍ ഇടപെടാനുള്ള ജോ ബൈഡന്റെ വക്രബുദ്ധിയുടെ ബാക്കിയാണെന്ന് ട്രംപ് പരിഹസിക്കുകയും ചെയ്തു. ബൈഡന് ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്നും ട്രംപ് വിമര്‍ശിച്ചു. എന്നാല്‍ വിധിയോട് പ്രതികരിക്കാന്‍ ജോ ബൈഡന് വിസമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: