തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ നഗരത്തില്‍ നാല് മണിക്കൂറുകളോളം നീണ്ടുനിന്ന സംഘര്‍ഷത്തിന് വൈകുന്നേരത്തോടെ അയവ്. സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വലിയ തോതിലുളള സംഘര്‍ഷമാണുണ്ടായത്.
സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. തുടര്‍ന്ന് ഉച്ചക്ക് ശേഷം ഡിസിസി ഓഫീസിന് മുന്നിലും സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നു. വന്‍ പൊലീസ് സന്നാഹമാണ് ഇവിടെ ഉണ്ടായിരുന്നത്. അക്രമം നടത്തിയ പ്രവര്‍ത്തകരെ ഡി സി സി ഓഫീസിനുളളില്‍ കയറി പിടികൂടാന്‍ പൊലീസ് ശ്രമിച്ചെങ്കിലും പ്രതിപക്ഷ നേതാവ് വി ഡി സതീശനുള്പ്പെടെയുളള നേതാക്കളെത്തി തടഞ്ഞു.പ്രതിപക്ഷനേതാവായിരുന്നു മാര്‍ച്ച് നയിച്ചത്.
നേരത്തേ മൂന്ന് പൊലീസ് വാഹനങ്ങളുടെ ചില്ല് അടിച്ചുതകര്‍ത്തു. കന്റോണ്‍മെന്റ് എസ്ഐ ഉള്‍പ്പടെ എട്ട് പൊലീസുകാര്‍ക്കും നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. അക്രമസംഭവങ്ങളെ തുടര്‍ന്ന് 22പേരെ കസ്റ്റഡിയിലെടുത്തു.
പൊലീസ് പരമാവധി സംയമനം പാലിച്ചിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ കല്ലും വടികളും ചെരുപ്പുമെറിഞ്ഞ് പ്രകോപിപ്പിച്ചു. അഞ്ചുതവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല. നോര്‍ത്ത് ഗേറ്റില്‍ പൊലീസുമായി ഉന്തും തള്ളും പിടിവലിയും നടന്നു.
സെക്രട്ടേറിയറ്റ് വളപ്പിലേക്ക് മതില് ചാടി കടന്ന് പ്രവേശിക്കാന്‍ വനിതാപ്രവര്‍ത്തകര്‍ ഉള്‍പ്പടെ ശ്രമിച്ചു.. പൊലീസ് തടഞ്ഞപ്പോള്‍ വടികളുമായി ആക്രമിച്ചു. രണ്ടു പൊലീസുകാരുടെ കയ്യിലെ ഷീല്‍ഡ് അടിച്ചുതകര്‍ത്തു. പിന്നീട് ലാത്തിവീശിയതോടെ പ്രവര്‍ത്തകര്‍ ചിതറിയോടി.
കല്ലെറിഞ്ഞ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ബസില്‍ കയറ്റിയപ്പോള്‍ അവരെ മറ്റ് പ്രവര്‍ത്തകര്‍ വലിച്ചിറക്കി.വനിതാ പ്രവര്‍ത്തകരുടെ വസ്ത്രം പിടിവലിക്കിടെ പുരുഷ പൊലീസ് വലിച്ച് കീറിയെന്നാരോപിച്ച് വീണ്ടും സംഘര്‍ഷമുണ്ടായി.
ഡി സി സി ഓഫീസില്‍ കയറി ആരെയും കസ്റ്റഡിയില്‍ എടുക്കാന്‍ അനുവദിക്കില്ലെന്ന നിലപാടെത്തുത്തെങ്കിലും പൊലീസ് ഏറെ നേരം പുറത്ത് കാത്തുനിന്നപ്പോള്‍ മറ്റു രണ്ടു പ്രവര്‍ത്തകരെ പകരം നല്കി. ഇതോടെ പൊലീസ് പിന്‍വാങ്ങി. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പ്രസ് ക്ലബ് പരിസരത്തുനിന്നാണ് പ്രകടനം ആരംഭിച്ചത്. വിഡി സതീശനും ഷാഫി പറമ്പില്‍ എംഎല്‍എയും പങ്കെടുത്തു.മാര്‍ച്ച് കടന്നുപോയ വഴികളില്‍ നവകേരള സദസിന്റെ ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു.
നവകേരള സദസ് ബസിന് നേര്‍ക്ക് കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസും ഡി വൈ എഫ് ഐ പ്രവര്‍ത്തകരും തുടര്‍ച്ചയായി മര്‍ദ്ദിച്ച സാഹചര്യത്തിലാണ് സംസഥാന വ്യാപകമായി പൊലീസ് സ്റ്റേഷന് മാര്‍ച്ച് സംഘടിപ്പിച്ചത്. ഇനി തങ്ങളെ അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: