ഹൈദരാബാദ്: കരുത്തന് ശ്രീനിധി ഡെക്കാനെതിരെ അവരുടെ തട്ടകത്തില്‍ ഗംബീര വിജയം സ്വന്തമാക്കി ഗോകുലം കേരള എഫ്സി. ഐ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഗോകുലം ശ്രീനിധിയെ തകര്‍ത്തു.
നായകന് അലെക്സ് സാഞ്ചസ് ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ നിലിയും വി.എസ്. ശ്രീക്കുട്ടനും ഗോകുലത്തിനായി ഓരോ ഗോളുകള്‍ നേടി. മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ അസ്സലൊരു മുന്നേറ്റത്തിനൊടുവില്‍ നിലി ആണ് ആദ്യ ഗോള്‍ നേടിയത്. നിലി നല്കിയ മികച്ചൊരു ക്രോസിലൂടെയാണ് സാഞ്ചസ് കളിയിലെ തന്റെ ആദ്യ ഗോള്‍ നേടിയത്. 39-ാം മിനിറ്റില്‍ വീണ ഈ ഗോളോടെ ഗോകുലം ലീഡ് ഇരട്ടിയായി. മത്സരം ആദ്യ പകുതിക്ക് പിരിയുന്നതിന് തൊട്ടുമുമ്പാണ് ശ്രീക്കുട്ടന് ഗോള്‍ നേടിയത്. വലത് വിങ്ങില്‍ നിന്നും ബോക്സിനകത്തേക്ക് പന്തുമായി കുതിച്ചുകയറിയ ശ്രീക്കുട്ടന് മുന്നില്‍ നിന്ന ശ്രീനിധി ഗോളിയുടെ കാലുകള്‍ക്കിടയിലൂടെ പായിച്ച കരുത്തന് ഷോട്ടില്‍ പന്ത് വലയില്‍ കയറി. ആദ്യ പകുതിയില്‍ തന്നെ എതിരില്ലാത്ത മൂന്ന് ഗോളിന് ആതിഥേയരെ ഞെട്ടിച്ച് ഗോകുലം വിജയം ഉറപ്പാക്കി.
സീസണില്‍ മങ്ങിനില്ക്കുന്ന കേരള ടീമിനെ സ്വന്തം മൈതാനത്ത് അനായാസം കീഴടക്കാമെന്ന് കരുതി ഇറങ്ങിയ ശ്രീനിധിക്ക് രണ്ടാം പകുതിയുടെ തുടക്കത്തിലും തിരിച്ചടി നേരിട്ടു. 52-ാം മിനിറ്റില്‍ സാഞ്ചസ് ഇരട്ടഗോള്‍ തികച്ചു. ഗോകുലം ലീഡ് 4-0 ആയി ഉയര്‍ന്നു. 74-ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റിയിലൂടെയാണ് ശ്രീനിധി ഡെക്കാന്‍ മത്സരത്തിലെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. വില്ല്യം ആല്‍വെസ് ഡി ഒലിവേയ്റ ആണ് ഗോള്‍ നേടിയത്. സീസണിലെ നാലാം ജയം സ്വന്തമാക്കിയ ഗോകുലം പോയിന്റ് പട്ടികയില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാമതായി ഉയര്‍ന്നു. കേരളം തോല്‍പ്പിച്ച ശ്രീനധി 20 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: