ഇസ്ലാമബാദ്: പാകിസ്ഥാനില്‍ വനിതകള്‍ വീടുകളില്‍ പോലും സുരക്ഷിതരല്ലെന്ന് പാക് സിനിമാ നടി ആയിഷ ഒമര്‍. കുറ്റകൃത്യങ്ങള്‍ എല്ലാ രാജ്യങ്ങളിലും നടക്കുന്നുണ്ട്. എങ്കിലും അവിടെയൊക്കെ നിങ്ങള്‍ക്ക് പുറത്തിറങ്ങി സ്വതന്ത്രമായി നടക്കാം.എന്നാല്‍ ഉപദ്രവം നേരിടാതെ തനിക്ക് പാകിസ്ഥാനിലെഒരു പാര്‍ക്കില്‍ പോലും പോകാന്‍ കഴിയില്ലെന്ന് നടി പറഞ്ഞു.
രാജ്യത്തെ സ്ത്രീകളുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച നടി സ്വാതന്ത്ര്യവും സുരക്ഷയും മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി. ‘എനിക്ക് ഇവിടെ സുരക്ഷിതത്വം തോന്നുന്നില്ല. എനിക്ക് റോഡിലൂടെ നടക്കാന്‍ ആഗ്രഹമുണ്ട്, കാരണം ശുദ്ധവായു ലഭിക്കുക എല്ലാ മനുഷ്യരുടെയും ആവശ്യമാണ്. എനിക്ക് സൈക്കിള്‍ ചവിട്ടണം, പക്ഷേ എനിക്ക് അത് ചെയ്യാന്‍ കഴിയുന്നില്ല – നടി പറഞ്ഞു.
കൊവിഡ്-19 ലോക്ക്ഡൗണ്‍ കാലത്ത് സ്ത്രീകള്‍ക്ക് പുറത്ത് സുരക്ഷിതമായി പോകാനാകുമായിരുന്നു . ‘എനിക്ക് കറാച്ചിയില്‍ സമ്മര്‍ദ്ദവും ഉത്കണ്ഠയും തോന്നുന്നു, എനിക്ക് സുരക്ഷിതത്വം തോന്നുന്നില്ല, മിക്ക സ്ത്രീകള്‍ക്കും ഇതേ അവസ്ഥയാണെന്നാണ് കരുതുന്നതെന്നും നടി പറഞ്ഞു.
പാകിസ്ഥാനിലെ സ്ത്രീകളുടെ ആശങ്ക പുരുഷന്മാര്ക്ക് ഒരിക്കലും മനസിലാക്കാന്‍ കഴിയില്ല. കോളേജില്‍ പഠിക്കുമ്പോള്‍ കറാച്ചിയിലേതിനേക്കാള്‍ ലാഹോറില്‍ തനിക്ക് സുരക്ഷിതത്വം തോന്നിയിരുന്നുവെന്നും ബസിലാണ് യാത്ര ചെയ്തിരുന്നതെന്നും ആയിഷ ഒമര്‍ പറഞ്ഞു.
കറാച്ചിയിലെ അനുഭവങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, തട്ടിക്കൊണ്ടുപോകപ്പെടുമെന്നോ, ബലാത്സംഗം ചെയ്യപ്പെടുമെന്നോ, ഭയക്കാതെ സ്വതന്ത്രമായി പാകിസ്ഥാനില്‍ സഞ്ചരിക്കാന്‍ കഴിയില്ലെന്ന് അവര്‍ വിലപിച്ചു.
എന്നാല്‍ ഇങ്ങനെയൊക്കെ ആണെങ്കിലും രാജ്യം തനിക്ക് എല്ലാം നല്കിയതിനാല് താന്‍ കടപ്പെട്ടിരിക്കുന്നുവെന്നും ആയിഷ ഒമര്‍ പറഞ്ഞു. ജീവിക്കാന്‍ ഒരിടം തിരഞ്ഞെടുക്കുകയാണെങ്കില്‍ താന്‍ പാകിസ്ഥാനെ തിരഞ്ഞെടുക്കും.
തന്റെ സഹോദരന് ഡെന്മാര്ക്കില് താമസിക്കുന്നു. അമ്മയും രാജ്യം വിടാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും താരം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: