മസ്കറ്റ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ മൂന്ന് ദിവസത്തെ ഭാരത സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക സ്‌മാരക സ്റ്റാമ്പുകൾ പുറത്തിറക്കി. ഒമാൻ പോസ്റ്റ്, ഭാരത പോസ്റ്റ് എന്നിവർ സംയുക്തമായാണ് ഈ സ്റ്റാമ്പുകൾ പുറത്തിറക്കിയത്. ഭാരതവും, ഒമാനും തമ്മിലുള്ള സാംസ്‌കാരിക ബന്ധം, ശക്തമായ സൗഹൃദം എന്നിവ എടുത്ത് കാട്ടുന്നതാണ് ഈ സ്റ്റാമ്പുകൾ.
ഭാരതത്തിലെയും, ഒമാനിലെയും നാടോടിനൃത്തകലകളെ പ്രമേയമാക്കിയാണ് ഈ സ്റ്റാമ്പുകൾ ഒരുക്കിയിരിക്കുന്നത്. 200 ബൈസ മൂല്യമുള്ള രണ്ട് സ്റ്റാമ്പുകളാണ് ഈ അവസരത്തിൽ പുറത്തിറക്കിയിരിക്കുന്നത്. ഇതിൽ ഒരു സ്റ്റാമ്പിൽ ഒമാനി നൃത്തരൂപമായ അൽ രസ്ഹയും, രണ്ടാമത്തെ സ്റ്റാമ്പിൽ ഗുജറാത്തിൽ നിന്നുള്ള പരമ്പരാഗത ദാണ്ഡിയ റാസ് നൃത്തരൂപവും രേഖപ്പെടുത്തിയിട്ടുണ്ട്.
അതേ സമയം മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കിയ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഭാരതത്തിൽ നിന്ന് മടങ്ങി. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അദ്ദേഹം 2023 ഡിസംബർ 15, വെള്ളിയാഴ്ച ഇന്ത്യയിലെത്തിയിരുന്നു. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഭാരതത്തിലെത്തിയ ഒമാൻ ഭരണാധികാരി ഭാരതത്തിന്റെ പ്രസിഡന്റ് ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു.
ഒമാൻ ഭരണാധികാരിയുടെ ഭാരത സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ വിവരസാങ്കേതികവിദ്യ, ആശയവിനിമയം, സംസ്‌കാരം തുടങ്ങിയ വിവിധ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിനുള്ള ധാരണാപത്രങ്ങളിൽ ഭാരതവും, ഒമാനും ഒപ്പ് വെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: