ഖബേര്‍ഹ: കെ.എല്‍. രാഹുലിന് കീഴില്‍ ഭാരത ക്രിക്കറ്റ് ടീമിന് ഇന്ന് പരമ്പരനേട്ടത്തിനവസരം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനം ഇന്ന് ഖബേര്‍ഹയിലെ സെന്റ് ജോര്‍ജ് പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടക്കും.
ഭാരതം ജയിച്ചാല്‍ ചരിത്രമുഹൂര്‍ത്തമാണ് പിറക്കുക. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ അവര്‍ക്കെതിരെ ഭാരതം ഒരുതവണ മാത്രമാണ് ഏകദിന പരമ്പര നേടിയിട്ടുള്ളത്. ഇത്തവണത്തെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ആദ്യ മത്സരത്തില്‍ ജയിച്ച് ഭാരതം മുന്നില്‍ നില്‍ക്കുകയാണ്. മൂന്ന് മത്സര പരമ്പരയില്‍ ഇന്ന് നടക്കുന്ന രണ്ടാമങ്കം ജയിക്കാനായാല്‍ രാഹുലിനും സംഘത്തിനും ദക്ഷിണാഫ്രിക്കയില്‍ രണ്ടാം പരമ്പര സ്വന്തമാക്കാം.
13-ാം ഏകദിന ലോകകപ്പ് കളിക്കാനെത്തിയ ദക്ഷിണാഫ്രിക്ക പ്രാഥമിക ഘട്ടത്തില്‍ ഭാരതത്തിന്റെ ബൗളിങ് നിരയുടെ തീപന്തിന്റെ ചൂടറിഞ്ഞാണ് ഇവിടം വിട്ടത്. ഒന്നാം ഏകദിനത്തിലൂടെ പുതുതലമുറ പേസര്‍മാരും അത്യുഗ്രന്‍ പ്രഹരമാണ് ഏല്‍പ്പിച്ചത്. അര്‍ഷ്ദീപ് സിങ്ങും ആവേശ് ഖാനും ചേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ നിരയെ തീര്‍ത്ത് കെട്ടുകയായിരുന്നു. ജോഹന്നാസ്ബര്‍ഗിലെ വേഗമുള്ള പിച്ചിലായിരുന്നു ഭാരത പേസര്‍മാരുടെ തകര്‍പ്പന്‍ പ്രകടനം.
ഒന്നാം ഏകദിനത്തില്‍ അര്‍ഷ്ദീപും ആവേശും ചേര്‍ന്ന് ഒമ്പത് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശേഷിച്ച ഒരു വിക്കറ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവ് ആണ് വീഴ്ത്തിയത്. വെറും 116 റണ്‍സില്‍ ആതിഥേയരെ നാണം കെടുത്തിയ ശേഷം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 17-ാം ഓവറില്‍ ഭാരതം വിജയം കുറിച്ചു. പരമ്പരയില്‍ മൂന്നാമത്തെയും അവസാനത്തെയും മത്സരം വ്യാഴാഴ്ച പാള്‍ മൈതാനത്താണ്.
ആദ്യ മത്സരം വേഗതയും ബൗണ്‍സുമുള്ള ജോഹന്നാസ് ബര്ഗിലായിരുന്നെങ്കില് ഇന്നത്തെ മത്സരം നടക്കുന്ന ഖബേര്‍ഹയിലെ പിച്ച് വേഗം കുറഞ്ഞതാണ്. പൊതുവെ സ്പിന്നിന് അനുകൂലമായ പിച്ച്. ഭാരതത്തിന്റെ സാധ്യതാ ഇലവനില്‍ സ്പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവ് മാത്രമാണുള്ളത്. ദക്ഷിണാഫ്രിക്കന്‍ പിച്ചില്‍ മുന്‍പ് കളിച്ച് മികച്ച ട്രാക്ക് റിക്കാര്‍ഡുള്ള യുസ്വേന്ദ്ര ചാഹല്‍ ടീമിലുണ്ട്. പിച്ചിന്റെ സ്വഭാവം കണക്കിലെടുത്ത് പരമാവധി ആനുകൂല്യം മുതലാക്കാന്‍ ചാഹലിനെ ഇന്ന് കളിക്കിറക്കുമോയെന്നാണ് കണ്ടറിയേണ്ടത്. ഇതിന് മുമ്പ് ഇതേ പിച്ചില്‍ ഭാരതം കളിച്ചപ്പോള്‍ കുല്‍ദീപ്-ചാഹല്‍ സ്പിന്‍ ജോഡികള്‍ ആറ് വിക്കറ്റാണ് വീഴ്ത്തിയിട്ടുള്ളത് എന്നും പ്രസക്തമാണ്.
സ്ലോവ് പിച്ചിനെ പ്രയോജനപ്പെടുത്താന്‍ കഴിവുള്ള ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കന്‍ നിരയിലും ശക്തരാണ്. പരിചയ സമ്പന്നനായ കേശവ് മഹാരാജ് ടീമിലുണ്ട്. ഒപ്പം യുവതാരം തബ്രിയാസ് ഷംസി മികച്ച ഫോമിലാണ്. സെമി വരെ നീണ്ട ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് പ്രകടനത്തില്‍ ഷംസി മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്. പകലും രാത്രിയുമായി നടക്കുന്ന മത്സരം ഭാരത സമയം വൈകീട്ട് 4.30നാണ് തുടങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: