ന്യോണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ലൈനപ്പായി. നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് യൂറോപ്യന്‍ ക്ലബ്ബിലെ ആദ്യ നൗക്കൗട്ട് പോര് ആയാസരഹിതം.
ഡെന്‍മാര്‍ക്കില്‍ നിന്നുള്ള കോപ്പന്‍ഹേഗന്‍ ആണ് സിറ്റിയുടെ എതിരാളികള്‍. ഇത്തവണത്തെ ലൈനപ്പില്‍ കരുത്തന്‍ പോര് ഇറ്റാലിയന്‍ വമ്പന്‍മാരായ നാപ്പോളിയും സ്പാനിഷ് വമ്പന്‍മാരായ എഫ്‌സി ബാഴ്‌സിലോണയും തമ്മിലുള്ളതാണ്.
ഇറ്റാലിയന്‍ സീരി എയില്‍ നിലവിലെ ചാമ്പ്യന്‍മാരാണ് നാപ്പോളി. ബാഴ്‌സയാകട്ടെ നിലവില്‍ സ്പാനിഷ് ലാ ലിഗ ജേതാക്കളും. പ്രീക്വാര്‍ട്ടറിലെ മറ്റ് 14 ടീമുകളുടെയും നേര്‍ക്കുനേര്‍ പോരാട്ടം ഇത്രത്തോളം കടുപ്പമുള്ളതല്ല.
മറ്റ് ഏറ്റുമുട്ടലുകളില്‍ അല്‍പ്പം കട്ടിയേറിയത് സ്പാനിഷ് ടീം റയല്‍ മാഡ്രിഡും ജര്‍മന്‍ ടീം ആര്‍ബി ലെയ്പ്‌സിഗും തമ്മിലുള്ളതാണ്. ലാ ലിഗയില്‍ പഴയ വീര്യം തിരികെ പിടിച്ച തരത്തിലാണ് റയലിന്റെ കുതിപ്പ്. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ നറുക്കെടുപ്പ് നടക്കുമ്പോല്‍ റയല്‍ ലാ ലിഗയില്‍ നഷ്ടപ്പെട്ട ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിട്ടുണ്ട്. ലെയ്പ്‌സിഗിന് വമ്പന്‍ റയലിനെ കിട്ടിയപ്പോള്‍ ജര്‍മന്‍ ബുന്ദസ് ലിഗയില്‍ നിന്നുള്ള വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിനും ബൊറൂസിയ ഡോര്‍ട്ട്മുന്‍ഡിനും പ്രീക്വാര്‍ട്ടറില്‍ കാര്യങ്ങള്‍ അല്‍പ്പം എളുപ്പമാണ്. ഡോര്‍ട്ട്മുന്‍ഡിന്റെ എതിരാളികള്‍ പിഎസ്‌വി എയ്ന്‍ധോവന്‍ ആണ്. ബയേണിന്റെത് ഇറ്റാലിയന്‍ ക്ലബ്ബ് ലാസിയോയും.
റയല്‍-ലെയ്പ്‌സിഗ് പോര് കഴിഞ്ഞാല്‍ പിന്നീട് അല്‍പ്പം കട്ടിയേറിയ കളി വരുന്നത് ഇറ്റാലിയന്‍ ടീം ഇന്റര്‍മിലാനും സ്പാനിഷ് ടീം അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള ഏറ്റുമുട്ടലാണ്. ഇരു ടീമുകളും തദ്ദേശീയ ലീഗില്‍ സമാന പ്രകടനമാണ് നടത്തിവരുന്നത്.
മാഞ്ചസ്റ്റര്‍ സിറ്റിയെ കൂടാതെ ഇത്തവണ പ്രീക്വാര്‍ട്ടറിലേക്ക് കുതിച്ച പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആഴ്‌സണല്‍ മാത്രമാണ്. സിറ്റിയെ പോലെ തന്നെ ആഴ്‌സണലിനും പ്രീക്വാര്‍ട്ടറില്‍ എളുപ്പത്തില്‍ മറികടക്കാവുന്ന എതിരാളികളെയാണ് ലഭിച്ചിരിക്കുന്നത്. പോര്‍ചുഗലില്‍ നിന്നുള്ള എഫ്‌സി പോര്‍ട്ടോ ആണ് ആഴ്‌സണലിനെ എതിരിടുക.
ഫ്രഞ്ച് വമ്പന്‍മാരായ പാരിസ് സെന്റ് ജെര്‍മെയ്‌ന്(പിഎസ്ജി) സ്പാനിഷ് ക്ലബ്ബ് റയല്‍ സോസെയ്ഡ് ആണ് എതിരാളികള്‍. വലിയ പ്രയാസമില്ലാതെ പിഎസ്ജിക്ക് ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിക്കാവുന്നതേയുള്ളൂ.
പതിവ് പോലെ രണ്ട് പാദങ്ങളിലായാണ് പ്രീക്വാര്‍ട്ടര്‍. ഫെബ്രുവരി 13, 20 തീയതികളിലായി ആദ്യ പാദ പ്രീക്വാര്‍ട്ടറും മാര്‍ച്ച് അഞ്ച്, 12 തീയതികളിലായി രണ്ടാം പാദ മത്സരങ്ങളും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: