Categories: India

വ്യക്തിജീവിതം രാഷ്‌ട്രജീവിതമാക്കി മാറ്റിയ ആദര്‍ശം; ലോകമാന്യ തിലകന്‍ രാഷ്‌ട്രാദര്‍ശത്തിന്റെ പര്യായമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്

സാംഗ്ലിയിലെ ലോകമാന്യ തിലക് സ്മാരക മന്ദിരത്തിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Published by

സാംഗ്ലി (മഹാരാഷ്‌ട്ര): ലോകമാന്യ തിലകന്‍ എന്നത് രാഷ്‌ട്രാദര്‍ശത്തിന്റെ പര്യായമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വ്യക്തിജീവിതം രാഷ്‌ട്രജീവിതമാക്കി മാറ്റിയ സവിശേഷതയാണ് അദ്ദേഹത്തെ ആദര്‍ശമാക്കുന്നതെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. സാംഗ്ലിയിലെ ലോകമാന്യ തിലക് സ്മാരക മന്ദിരത്തിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചിന്തയിലുടനീളം അദ്ദേഹം ദേശീയതാത്പര്യം നിറച്ചു. ലളിതമായിരുന്നു പ്രവര്‍ത്തനശൈലി. ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. ഹെഡ്‌ഗേവാര്‍ സംഘത്തിന്റെ ലളിതമായ ശൈലി സ്വീകരിച്ചത് ലോകമാന്യ തിലകന്‍ മുന്നോട്ടുവച്ച ആദര്‍ശത്തില്‍ നിന്നാണ്. ആര്‍എസ്എസ് എന്താണെന്നും പ്രവര്‍ത്തനരീതി എങ്ങനെയാണെന്നും ഇന്നത്തെ തലമുറയ്‌ക്ക് ശാഖകളിലൂടെയും പ്രാഥമിക ശിക്ഷാവര്‍ഗുകളിലൂടെയുമൊക്കെ അറിയാം. എന്നാല്‍ ഡോക്ടര്‍ജി ഇതെല്ലാം പഠിച്ചത് തിലകനെപ്പോലുള്ളവരുടെ ജീവിതത്തില്‍ നിന്നാണ്. എല്ലാവരോടുമുള്ള കരുതലും സമീപനവും പ്രവര്‍ത്തനത്തിലെ ഒത്തൊരുമയും ഒക്കെ തിലകന്റെ പ്രായോഗിക ജീവിതത്തില്‍ നിന്നാണ് ഡോക്ടര്‍ജി മനസിലാക്കിയത്, മോഹന്‍ ഭാഗവത് പറഞ്ഞു.

ലോകമാന്യ തിലകന്റെ ചിന്തകള്‍ രാജ്യമെങ്ങും ആഘോഷിക്കണം. ആ ആദര്‍ശം രാജ്യത്തിന്റെ അവസാന കോണിലും എത്തണം. തിലകന്‍ ശരീരവും മനസും ബുദ്ധിയും രാജ്യതാത്പര്യത്തിനായി ഉഴിഞ്ഞുവച്ചു. പുതിയ തലമുറയ്‌ക്ക് ഈ ആശയം പകര്‍ന്നുനല്‍കാന്‍ കഴിയണം, സര്‍സംഘചാലക് പറഞ്ഞു. പരിപാടിയുടെ തുടക്കത്തില്‍ ലോകമാന്യ തിലകന്റെ പ്രതിമയില്‍ മോഹന്‍ ഭാഗവത് പുഷ്പാര്‍ച്ചന നടത്തി. തിലകന്‍ സ്മാരക മന്ദിരത്തിന്റെ ശതാബ്ദി ലോഗോ പ്രകാശനം ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by