കിളിമാനൂര്‍: നവകേരള സദസ്സിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പണം നല്‍കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും കരവാരം ഗ്രാമപഞ്ചായത്ത് പണം നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചു. കഴിഞ്ഞ ദിവസം കൂടിയ കമ്മറ്റിയാണ് തീരുമാനമെടുത്തത്.
പഞ്ചായത്തിലെ സിപിഎം, എസ്ഡിപിഐ അംഗങ്ങള്‍ സംയുക്തമായി പണം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബിജെപി, കോണ്‍ഗ്രസ് അംഗങ്ങള്‍ എതിര്‍ത്തു. ബിജെപിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. 18 അംഗ പഞ്ചായത്തില്‍ ഒമ്പത് അംഗങ്ങള്‍ ബിജെപിയും രണ്ട് അംഗങ്ങള്‍ കോണ്‍ഗ്രസുകാരുമാണ്. ഇടതുപക്ഷത്ത് അഞ്ചും എസ്ഡിപിഐക്ക് രണ്ടും അംഗങ്ങളുണ്ട്.
ഇടത് പക്ഷവും എസ്ഡിപിഐയും ശക്തമായി ആവശ്യം ഉന്നയിക്കുകയായിരുന്നു. ഭൂരിപക്ഷ തീരുമാനം പണം നല്‍കേണ്ടതില്ലെന്നായിരുന്നു. പഞ്ചായത്ത് ഫണ്ട് ജനങ്ങളുടെ നികുതി പണം ആണെന്നും അത് പാര്‍ട്ടി പരിപാടികള്‍ക്ക് നല്‍കാന്‍ ഉള്ളതല്ലെന്നും ജനക്ഷേമത്തിന് ഉപയോഗിക്കേണ്ടതാണെന്നും എതിര്‍ത്ത ജനപ്രതിനിധികള്‍ വാദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി. ഷിബുലാല്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: