ന്യൂയോര്‍ക്ക്: രേഖകളില്ലാതെ രാജ്യത്തേക്ക് കടക്കുന്ന കുടിയേറ്റക്കാര്‍ അമേരിക്കയുടെ രക്തത്തില്‍ വിഷം കലര്‍ത്തുന്നുവെന്ന മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസാതാവന വിവാദമാവുന്നു. ന്യൂ ഹാംഷെയറില്‍ നടന്ന പ്രചാരണ പരിപാടിക്കിടെയായിരുന്നു ട്രംപിന്റെ പരാമര്‍ശം.
യുഎസ്-മെക്സികോ അതിര്‍ത്തിയിലെ കുടിയേറ്റത്തിനെതിരെയായിരുന്നു ട്രംപിന്റെ പരാമര്‍ശം. അവര്‍ നമ്മുടെ രാജ്യത്തിന്റെ രക്തത്തില്‍ വിഷം കലര്‍ത്തുന്നു. തെക്കന്‍ അമേരിക്കയില്‍ നിന്നും ഏഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും കുടിയേറ്റക്കാരെത്തുന്നു. ലോകത്തെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ യുഎസിലേക്ക് ഒഴുകുന്നു. രണ്ടാംതവണ അധികാരത്തിലേറിയാല്‍ അനധികൃത കുടിയേറ്റം തടയുമെന്നും നിയമപരമായി കുടിയേറ്റങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറിലും ട്രംപ് ഇതേ തരത്തില്‍ കുടിയേറ്റക്കാരെ അധിക്ഷേപിച്ചിരുന്നു. തനിക്ക് താത്പര്യമില്ലാത്ത അമേരിക്കന്‍ വിഭാഗത്തെ കീടങ്ങളെന്ന് ട്രംപ് വിളിച്ചതും ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ട്രംപിന്റെ പരാമര്‍ശങ്ങളെ പ്രസിഡന്റ് ജോ ബൈഡന് അപലപിച്ചു. നാസി ജര്‍മനിയില്‍ കേള്‍ക്കുന്ന ഭാഷയാണ് അദ്ദേഹം ഉപയോഗിക്കുന്നതെന്ന് ബൈഡന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: