പറ്റ്ന: ബീഹാറിലെ ഗോപാല്‍ഗഞ്ചില്‍ പൂജാരിയെ വെടിവെച്ചു കൊന്ന ശേഷം കണ്ണുചൂഴ്ന്നെടുക്കുകയും നാക്ക് അരിയുകയും ചെയ്ത ക്രൂരമായ കൊലപാതക വാര്‍ത്ത പുറത്ത് വന്ന ശേഷം കലാപം പടരുന്നു. ദനപൂര്‍ ഗ്രാമത്തിലെ ശിവക്ഷേത്രത്തിലെ പൂജാരി മനോജ് കുമാര്‍ സാ(32) ആണ് അതിമൃഗീയമായി കൊല ചെയ്യപ്പെട്ടത്. പിന്നീട് കുറ്റിക്കാട്ടില്‍ നിന്നാണ് കണ്ണുകള്‍ ചൂഴ്ന്നെടുത്തും നാക്കരിഞ്ഞ തള്ളിയ നിലയിലും പൂജാരിയുടെ മൃതദേഹം കണ്ടെടുത്തത്. സ്വകാര്യഭാഗങ്ങളും അരിഞ്ഞ നിലയിലാണ്. കഴുത്തിലാണ് വെടിയേറ്റത്.
മനോജ് കുമാറിന്റെ സഹോദരന് അശോക് കുമാര്‍ സാ ബിജെപി നേതാവും ഗ്രാമത്തലവനുമാണ്. അഞ്ച് ദിവസമായി മനോജ് കുമാറിനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. മനോജ് കുമാറിനെ കണ്ടുപിടിക്കുമെന്ന് സമാധാനിപ്പിക്കുകയല്ലാതെ പൊലീസിന്റെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായില്ല. മനോജ് കുമാറിന്റെ ആരെങ്കിലും തട്ടിക്കൊണ്ടുപോയെന്നാണ് സംശയിക്കുന്നതെന്നും വീട്ടുകാര്‍ പൊലീസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നീടാണ് അതിക്രൂരമായി കൊലചെയ്യപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെടുത്തത്. ഇതാണ് ഗ്രാമവാസികളെ അക്രമത്തിന് പ്രേരിപ്പിച്ചത്. പൊലീസിന്റെ നിഷ്ക്രിയാവസ്ഥയില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ പ്രതിഷേധവും അക്രമവും തുടങ്ങിയത്. ദേശീയപാത 27 നാട്ടുകാര്‍ ബ്ലോക്ക് ചെയ്തു. സദര്‍ എസ് ഡിപിഒ പ്രഞ്ജാള്‍ സ്ഥലത്തെത്തിയ ശേഷം കൂടുതല്‍ പൊലീസ് സേനയെ വിളിച്ചുവരുത്തിയ ശേഷമാണ് സ്ഥിതി ശാന്തമായത്.
തിങ്കളാഴ്ച രാത്രി ക്ഷേത്രത്തില്‍ നിന്നു പോയ ശേഷമാണ് മനോജിനെ കാണാതായത്. പൂജാരിയുടെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ ഗ്രാമത്തില്‍ സംഘര്‍ഷം പടരുകയാണ്. പൊലീസിന്റെ അനാസ്ഥയാണ് കൊലപാതകത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കൊലപാതകത്തിന് പിന്നിലെ കാരണവും പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ക്ഷേത്രത്തിലെ സ്ഥലവുമായി ബന്ധപ്പെട്ട് തര്‍ക്കമുള്ളതായി പൂജാരിയുടെ സഹോദരന് അശോക് കുമാര്‍ പറയുന്നു. മറ്റൊരു സമുദായത്തില്‍പ്പെട്ടവര്‍ ഏക്കര്‍കണക്കിന് ക്ഷേത്രഭൂമി തട്ടിയെടുത്തിരുന്നു. ക്ഷേത്രത്തില്‍ എന്ത് പരിപാടിയുണ്ടെങ്കിലും അത് അലങ്കോലമാക്കുക ഇവരുടെ പതിവായിരുന്നു. ഇവര്‍ക്കെതിരെ പൂജാരിയായ മനോജ് കുമാര്‍ സാ പ്രതികരിച്ചിരുന്നു ഇതാകാം തട്ടിക്കൊണ്ടുപോകലിനും ക്രൂരമായ കൊലപാതകത്തിനും കാരണമെന്ന് അശോക് കുമാര്‍ സാ ആരോപിക്കുന്നു.
നാട്ടുകാരുടെ പ്രതിഷേധത്തെതുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. പൊലീസ് ജീപ്പ് കത്തിക്കുകയും ചെയ്തു. കുറ്റവാളികളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പൊലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: