നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സോളാർ എക്സ്പ്ലോസീവ് കമ്പനിയിൽ സ്ഫോടനം. അപകടത്തിൽ ഒൻപത് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. കൊല്ലപ്പെട്ടവരിൽ ആറുപേർ സ്ത്രീകളാണ്.
ഇന്നു രാവിലെ ഒൻപതു മണിയോടെയാണ് സംഭവം. നാഗ്പൂരിലെ ബസാർഗാവ് ഗ്രമത്തിലെ കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. കമ്പനിയിലെ കാസ്റ്റ് ബൂസ്റ്റർ പ്ലാന്റിൽ പാക്കിങ്ങിനിടെയാണ് പൊട്ടിത്തെറി സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ. പ്രതിരോധ വകുപ്പിന് ആവശ്യമായ സ്ഫോടക വസ്തുക്കൾ വിതരണം ചെയ്യുന്ന ദൗത്യം ഈ കമ്പനിക്കാണ്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനം തുടരുകയാണെന്ന് നാഗ്പൂർ (റൂറൽ) പോലീസ് സൂപ്രണ്ട് പറഞ്ഞു. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനിച്ചതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ട്വിറ്ററിലൂടെ അറിയിച്ചു. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും കുടുംബങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: