തൃശ്ശൂര്‍: കരുവന്നൂരില്‍ നിര്‍ണായക നീക്കവുമായി ഇ ഡി. ബാങ്ക് മുന്‍ സെക്രട്ടറി ടി.ആര്. സുനില്‍കുമാറും മാനേജര്‍ ബിജു കരീമും മാപ്പുസാക്ഷികളാകും. കേസില്‍ സ്വമേധയാ മാപ്പുസാക്ഷികളാകുകയാണെന്ന് ഇന്നലെ ഇരുവരും എറണാകുളം പിഎംഎല്‍എ കോടതിയെ അറിയിച്ചു. കേസില്‍ സിപിഎം ഉന്നതര്‍ക്കു ബന്ധമുണ്ടെന്ന് ആദ്യം വ്യക്തമാക്കിയത് സുനില്‍കുമാറാണ്.
കേസില്‍ 33-ാം പ്രതിയാണ് സുനില്‍കുമാര്‍. ബിജു കരീം 34-ാം പ്രതിയും. ഇരുവരെയും നേരത്തേ കേസില്‍ ക്രൈംബ്രാഞ്ച് പ്രതികളാക്കിയിരുന്നു. ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും സഹകരണ വകുപ്പ് നീക്കമുണ്ടായിരുന്നു. യഥാര്‍ഥ പ്രതികള്‍ തങ്ങളല്ലെന്നും സിപിഎം നിര്‍ദേശമനുസരിച്ചാണ് ചെയ്തതെന്നും ഇരുവരും നേരത്തേ വ്യക്തമാക്കിയിരുന്നു. ജപ്തിക്കെതിരേ ഹൈക്കോടതിയില്‍ ഇവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലും ഇക്കാര്യങ്ങളുണ്ട്. അതിനിടെയാണ് ഇ ഡി അന്വേഷണം ഊര്‍ജ്ജിതമാക്കിയതും സതീഷ്കുമാറും അരവിന്ദാക്ഷനും ഉള്‍പ്പെടെ പ്രധാന പ്രതികളെ പിടികൂടിയതും സിപിഎമ്മിലേക്ക് അന്വേഷണം നീണ്ടതും.
ക്രൈംബ്രാഞ്ച് കാണാതിരുന്ന ബാങ്കിലെ കള്ളപ്പണ ഇടപാടുകള്‍ ഇ ഡി കണ്ടെത്തി. ഈ ഇടപാടുകളെക്കുറിച്ചെല്ലാം കൃത്യമായി അറിവുള്ളവരാണ് മുന്‍ സെക്രട്ടറിയും മാനേജരും. സിപിഎം നിര്‍ദേശമനുസരിച്ചാണ് എല്ലാ ഫയലുകളും തയാറാക്കിയതെന്നും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ പോലും കാണാതെയാണ് വ്യാജ വായ്പകള്‍ അനുവദിച്ചതെന്നും സുനില്‍കുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. മുന്‍ മന്ത്രി എ.സി. മൊയ്തീന് അടക്കമുള്ളവരുടെ പങ്ക് സംബന്ധിച്ച് ആദ്യം വെളിപ്പെടുത്തിയതുംസുനില്കുമാറായിരുന്നു.
സിപിഎം മുന്‍ ഏരിയ കമ്മിറ്റിയംഗമാണ് സുനില്‍കുമാര്‍. പാര്‍ട്ടി പിന്നീട് പുറത്താക്കി. ബാങ്കിലെ വ്യാജ വായ്പകള്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ കൃത്യമായറിയുന്ന ഇവരുടെ മൊഴികള്‍ കേസില്‍ സിപിഎമ്മിനെ കുരുക്കും. മുഖ്യപ്രതി പി. സതീഷ്കുമാറിന്റെ കൂട്ടാളി ജിജോറിനെ നേരത്തേ മാപ്പുസാക്ഷിയാക്കിയിരുന്നു. ബാങ്ക് ഭരണസമിതിയംഗങ്ങളായിരുന്നവരും മാപ്പുസാക്ഷികളാകാന് തയാറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: