കാഴ്ചകളുടെ കാലമാണിത്. കണ്ടറിയുന്ന കാലം. അതുകൊണ്ടുതന്നെ കാഴ്ചകളുടെ ധാരാളിത്തം അശാന്തികള്‍ ഉണ്ടാക്കുന്നകാലവും. വിവരണങ്ങളിലൂടെ അറിഞ്ഞിരുന്ന രീതിമാറി, ദൃശ്യങ്ങളിലൂടെ, ചലിക്കുന്ന ദൃശ്യങ്ങളിലൂടെ, അറിയുന്ന കാലം. കാഴ്ചയാണ് സത്യം എന്നാണ് പണ്ടേ നമ്മുടെ ധാരണ, വിശ്വാസം, നടപ്പും. അതുകൊണ്ടാണ് ദൃക്സാക്ഷികള്‍ക്ക് പ്രാധാന്യം ഏറിയത്. കണ്ടവരുണ്ടോ എന്നാണല്ലോ ചോദ്യം. സാക്ഷിപറയുന്നതിലാണല്ലോ ന്യായം. അങ്ങനെ സത്യം സാക്ഷിയായി, അക്ഷിക്ക്, കണ്ണിന്, മുന്നില്‍ നില്‍ക്കുന്നതാണ് വാസ്തവം എന്ന നിലവന്നു. അത്തരം ചില കാഴ്ചകളിലേക്ക് ക്ഷണിക്കുകയാണ്. ഉദ്ദേശ്യം ഇത്രയേ ഉള്ളു-കാഴ്ചയിലും കള്ളം കലര്‍ത്തുന്നവരെ തിരിച്ചറിയാന്‍ അത് ഉപകരിക്കും; കള്ളന്മാരെ കണ്ടെത്താന്‍ സഹായിക്കും.
നവകേരള സദസ്സും ബസ്സ് യാത്രാ പ്രചാരണവും സംസ്ഥാന സര്‍ക്കാരിന്റെ പൊതുപരിപാടിയാക്കുന്നതില് ഭരണപക്ഷം പരാജയപ്പെട്ടതോടെ അതിനോടുള്ള എതിര്‍പ്പ് ശക്തമായി. (സദസ്സിനോട് ഒരുപിടി പിടിവാശിക്കാര്ക്കൊഴികെ ആര്‍ക്കും ആഭിമുഖ്യമില്ലെന്നാണ് ഇപ്പോള്‍ സ്ഥിതി.) ജനാധിപത്യ സംവിധാനത്തില്‍ അങ്ങനെ ഒരെതിര്പ്പുണ്ടായാല്, സര്‍ക്കാര്‍ പരിപാടി നിര്‍ത്തിവെക്കാനൊന്നും വകുപ്പില്ല. അങ്ങനെയാണെങ്കില്‍ പാര്‍ലമെന്റും നിയമസഭയുമുള്പ്പെടെയുള്ള നിയമനിര്‍മാണ സംവിധാനങ്ങള്‍ സ്തംഭിച്ചുപോകുമല്ലോ. അതുകൊണ്ട്, പ്രഖ്യാപിച്ച നവകേരള സദസ്സും ബസ്യാത്രയും നടക്കുകതന്നെ വേണം. പക്ഷേ, അതിനോട് ജനാധിപത്യ രീതിയില്‍ പ്രതിഷേധവും എതിര്‍പ്പും പ്രകടിപ്പിക്കാന്‍ പാടില്ലെന്ന് പറയാനാവുമോ. ഇല്ല. പക്ഷേ, നവകേരള ബസ് യാത്രയില്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കാന്‍ ഇറങ്ങിയ പ്രതിപക്ഷ കക്ഷികളുടെ പ്രവര്‍ത്തകരോട് എന്തായിരുന്നു ജനാധിപത്യം പറയുന്ന കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നിലപാട്?
ആ ദൃശ്യങ്ങള്‍ എല്ലാവരും കണ്ടതാണ്. മുഖ്യമന്ത്രിയും മന്ത്രിമാര്‍ മുഴുവനുമടങ്ങുന്ന ‘മന്ത്രിസഭാ ബസ്സ്’ കടന്നുപോയപ്പോള്‍ പ്രതിഷേധക്കാര്‍ കരിങ്കൊടികാണിച്ച് പ്രകടനം നടത്തി. അവരെ പോലീസ് തടയുകയല്ല, തല്ലുകയായിരുന്നു. പോലീസ് മാത്രമല്ല, ഭരണകക്ഷിയുടെ നേതാക്കളും പോഷക സംഘടനാ പ്രവര്‍ത്തകരും തല്ലിച്ചതച്ചു. പൗരനെ സംരക്ഷിക്കേണ്ട പോലീസ്, മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കേണ്ട പോലീസ്, എതിര്‍പക്ഷത്തെ തല്ലി; നിയമം കൈയിലെടുക്കുന്ന തെരുവു തെമ്മാടികള്‍ക്ക് തല്ലാന്‍ അവസരം നല്കി. അതത്രയും നാട്ടുകാരാകെ കണ്ടതാണ്. ആര്‍ക്കും സംശയമില്ല, ലാത്തിയടി, വടികൊണ്ടടി, ഹെല്‍മറ്റുകൊണ്ട് തലയ്ക്ക് തല്ല്, ഉടുതുണി പറിച്ചെറിയല്‍ തുടങ്ങിയ ക്രൂര-ഹീന വൃത്തികള്‍.
ആ കാഴ്ചയെ എങ്ങനെയാണ്, നവകേരള ബസ് ഡ്രൈവര്‍ കഴിഞ്ഞാല്‍ ആ കാഴ്ച വ്യക്തമായി കണ്ട മുഖ്യമന്ത്രി പിണറായി വിജയന് വിശദീകരിച്ചത്? കേരളത്തിനെയാകെ കണ്ണുപൊട്ടരാക്കിയ വിചിത്ര വിവരണമായിരുന്നു അത്. പ്രതിഷേധമെന്ന പേരില്‍ വണ്ടിക്കു മുന്നില്‍ ചാടിയവരുടെ ജീവന് അപകടത്തിലാകാതിരിക്കാന്‍ അവരെ രക്ഷിക്കുകയായിരുന്നുവത്രേ പോലീസും ഡിവൈഎഫ്ഐക്കാരും. അത്തരം പ്രവൃത്തി തുടരണമെന്നും പറഞ്ഞു. ഒരു മുഖ്യമന്ത്രി ഒരു സംസ്ഥാനത്തിന്റെ സ്വബോധത്തെയാകെയാണ് അസത്യം പറഞ്ഞ് വെല്ലുവിളിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്, കക്ഷിരാഷ്ട്രീയ തിമിര ബാധയെത്തുടര്‍ന്ന് എന്തും പാര്‍ട്ടിക്കനുകൂലമായി ന്യായീകിക്കുന്ന കമ്മ്യൂണിസ്റ്റ് സഖാക്കളേക്കാള്‍ തരം താഴുകയായിരുന്നു ജനമനസ്സില്‍.
രണ്ടാം കാഴ്ച അങ്ങ് കാനന മധ്യത്തിലായിരുന്നു; ശബരിമലയില്‍. ശബരിമലയാണ് ലോകത്ത് ഏറ്റവും കുറഞ്ഞകാലത്തിനിടെ ഏറ്റവും കൂടുതല്‍ ഈശ്വര വിശ്വാസികള്‍ പുണ്യദര്‍ശനം നടത്തുന്ന ഹൈന്ദവ ആരാധാ കേന്ദ്രം. അത് ചരിത്രമാണ്. അവിടെ 2023 ഡിസംബര്‍ 10 മുതല്‍ 12 വരെ വിശ്വാസികള്‍ക്ക് ഉണ്ടായ അസൗകര്യവും അത് പരിഹരിക്കുന്നതില്‍ സര്‍ക്കാരിന് ഉണ്ടായ പരാജയവും മറ്റൊരു നാണംകെട്ട ചരിത്രമായി മാറി. ലോകമറിഞ്ഞു, ഒരു മതേതര രാജ്യത്ത് ഒരു മത വിഭാഗത്തിന്റെ ആരാധനാലയങ്ങളുടെ ഭരണ നിര്‍വഹണ നിയന്ത്രണങ്ങള്‍ കൈയാളുന്ന മതവിശ്വാസമില്ലാത്ത തത്ത്വശാസ്ത്രത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തെളിയിച്ച പിടിപ്പുകേട്. വിശ്വാസികള്‍ക്ക് യാത്രചെയ്യാന്‍, വെള്ളംകുടിക്കാന്‍, ഇഷ്ടദേവനെ കാണാന്‍, വിശ്വാസാചാരാനുഷ്ഠാനങ്ങള്‍ പാലിക്കാന്‍, ദര്‍ശനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ മടങ്ങേണ്ടിവന്ന ഗതികേടുണ്ടായി.
കേരളം കണ്ടതാണ്, ശബരിമലയിലേക്കുള്ള വഴിയില്‍ നെടുങ്കന്‍ വാഹനനിര. കിലോമീറ്ററുകള്‍ വഴി മുടങ്ങി. മുത്തശ്ശിമാര്‍, കൊച്ചുകുഞ്ഞുങ്ങള്‍, ഭിന്നശേഷിക്കാര്‍, അവശതയുള്ളവര്‍, രോഗികള്‍ തുടങ്ങി പതിനായിരക്കണക്കിന് പേര് ദര്‍ശനം നടത്താന്‍ 18 മണിക്കൂര്‍വരെ നിരനില്ക്കേണ്ടി വന്നു. കുടിവെള്ളം കിട്ടാതെ വലഞ്ഞു, ഭക്ഷണം കിട്ടാതെ വിശന്നു. സമയത്ത് ചികിത്സ കിട്ടാതെവന്നു.
പത്മശ്രീ എന്ന തമിഴ്നാട് സ്വദേശിനിയായ കുഞ്ഞുമാളികപ്പുറം മരിക്കാനിടയായി. ശിശുമരണം ശബരിമലയില്‍!! വിശ്വാസികളെ സംബന്ധിച്ചിടത്തോളം അത് അപകടമരണം മാത്രമല്ല, അതിനപ്പുറം വൈകാരികമാണ്. ഇതര സംസ്ഥാനത്തുനിന്ന് ദര്‍ശനത്തിനെത്തിയ കുഞ്ഞിന്റെ ജീവനാശത്തിന് ഇടയാക്കിയത് ശബരിമലയിലെ സംവിധാനത്തകരാറാണ്. ഇതര സംസ്ഥാനത്തുനിന്നെത്തിയ കുട്ടിക്ക് അച്ഛനെ പിരിയേണ്ടിവന്നതും തിരക്കേറിയ ബസ്സില്‍ ഭയന്നുവിറച്ച്, നെഞ്ഞുരുകിക്കരഞ്ഞതും അയ്യപ്പഭക്തരുടെ സംരക്ഷകരെന്നു കരുതുന്ന കേരള പോലീസിന്റെ മുന്നില്‍ കൈകൂപ്പിക്കേണപേക്ഷിച്ചതും കേരളം കണ്ടതാണ്. കണ്ണില്‍കുത്തുന്ന ആ കാഴ്ചയും പത്മശ്രീയുടെ മരണവും മറ്റും നിസ്സാരവല്ക്കരിക്കാനും ന്യായീകരിക്കാനും മത്സരിക്കുന്ന മനസ്സുകാരെ എങ്ങനെ വിശേഷിപ്പിക്കുമെന്ന് ആരും ആശങ്കപ്പെട്ടുപോകും. കുട്ടികളും പ്രായമായവരും കൂടുതലായി വന്നിട്ടാണ് ശബരിമലയിലെ തിരക്ക് എന്ന് വിലയിരുത്തുന്ന മന്ത്രിസഭയ്ക്കും വകുപ്പുമന്ത്രിക്കും മുഖ്യമന്ത്രിക്കും രാഷ്ട്രീയ ലക്ഷ്യമുണ്ടാകാം. പക്ഷേ, ആ വ്യാഖ്യാനങ്ങള്‍ക്ക് യുക്തിയില്ല. പ്രളയവും കൊവിഡും തടസപ്പെടുത്തിയ രണ്ട് ശബരിമല തീര്‍ത്ഥാടനം ഉണ്ടാക്കിയ സാമ്പത്തിക-സാമൂഹ്യ അസ്വസ്ഥതകളും ആചാരലംഘനത്തിന്റെ പേരില്‍ സര്‍ക്കാര്‍തന്നെ ഉണ്ടാക്കിയ അലോസരങ്ങളും അടങ്ങി, വിശ്വാസികള്‍ മലകയറിയപ്പോള്‍ സൗകര്യങ്ങള്‍ കൂടുതല്‍ ഉണ്ടാക്കുകയായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. പക്ഷേ, സാങ്കേതികതകളെ ആശ്രയിച്ചു, സൗകര്യങ്ങള്‍ ഉറപ്പാണോ എന്ന് വിലയിരുത്തിയില്ല. ഇപ്പോള്‍ വീഴ്ചകള്‍ക്ക് ന്യായം പറയുകയാണ്. കാഴ്ച കണ്ടവര്‍ക്ക് പക്ഷേ കാര്യമറിയാം. ശരിയാണ്, മതേതര ഭരണ സംവിധാനത്തില്‍ മതവിശ്വാസമില്ലാത്ത പാര്ട്ടിക്കാര് മതാരാധനാ കേന്ദ്രങ്ങള്‍ ഭരിക്കുന്നതിലെ വീഴ്ചകള്‍ മനസ്സിലാകും. പക്ഷേ വീഴ്ചകള്‍ ആസൂത്രിതമാണെന്ന് തോന്നിപ്പിക്കുകയും ആ തോന്നല്‍ ശരിവെപ്പിക്കുകയും ചെയ്യുമ്പോള്‍ അശാന്തി കാഴ്ചകളില്‍ മാത്രമായി ഒതുങ്ങില്ലല്ലോ. എല്ലാവരും കണ്ടതിനെക്കുറിച്ച് ഇല്ലാത്തത് പറയുന്നത് കള്ളസാക്ഷിയാണ്. അത് കുറ്റകൃത്യമാണ്.
മൂന്നാമത്തെ കാഴ്ച, സംസ്ഥാന തലസ്ഥാനത്തുനിന്നാണ്. ഭരണ സംവിധാനത്തലവന് ഗവര്‍ണറും ഭരണ നിര്വഹണത്തലവന് മുഖ്യമന്ത്രിയും തമ്മില്‍ ചില ഭിന്നതകളുണ്ട്. വ്യക്തിപരമല്ല, സംവിധാന നടപടിക്രമത്തിലെ പ്രശ്നങ്ങളാണ് കാരണം. പക്ഷേ, സംസ്ഥാന ഗവര്‍ണറെ തലസ്ഥാനത്ത് പൊതു നിരത്തില്‍ ആക്രമിക്കാന്‍ അവസരമുണ്ടാകുന്നത് ഒരു തരത്തിലും സംസ്ഥാനത്തിന് ഭൂഷണമല്ല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തലസ്ഥാനത്ത് പൊതുവഴിയില്‍ തടഞ്ഞ്, അദ്ദേഹത്തിന്റെ വാഹനം ആക്രമിച്ച സംഭവം പൊതുജനങ്ങള്‍ കണ്ടതാണ്. ഭരണമുന്നണിയിലെ പ്രമുഖ കക്ഷിയായ സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്എഫ്ഐയുടെ പ്രവര്‍ത്തകരാണ് അതു ചെയ്തത്. പോലീസ്-സുരക്ഷാ സംവിധാനങ്ങളുടെ സാന്നിദ്ധ്യത്തിലായിരുന്നു. പോലീസ് മന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് സംഭവത്തെ അപലപിച്ചിട്ടില്ല. വിദ്യാര്‍ത്ഥികളെ ഗവര്‍ണര്‍ പ്രകോപിപ്പിക്കരുതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും ആക്രമണത്തിന് പ്രോത്സാഹനമായിട്ടുണ്ടാകാം. മറ്റൊരു മന്ത്രി മുഹമ്മദ് റിയാസ്, ഗവര്‍ണറെ ആക്രമിച്ച എസ്എഫ്ഐക്കാര്‍ക്ക് കൈകൊടുത്ത് അഭിനന്ദിക്കുന്നതായാണ് പ്രതികരിച്ചത്. ഗവര്‍ണര്‍ കാറില്‍നിന്ന് ഇറങ്ങരുതായിരുന്നുവെന്നാണ് ന്യായീകരണപ്പടകള് പറയുന്നത്. ഗവര്‍ണര്‍ ചെയ്തതും ഗവര്‍ണറോട് ചെയ്തതും നേരിട്ട് കണ്ടവരോടാണ് ഈ വ്യാഖ്യാനങ്ങള്‍. മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചവരോട് ചെയ്തതും അത് ഗവര്‍ണര്‍ക്കുനേരേ ആയപ്പോള്‍ സംഭവിച്ചതും കണ്ട കണ്ണുടമകളോടാണ് ഈ പറച്ചിലുകള്‍.
മൂന്നു കാഴ്ചകളെക്കുറിച്ചുള്ള ഈ നുണ പ്രചാരണങ്ങള്മതി, അത് പറയുന്നവരുടെ സത്യസന്ധത വെളിപ്പെടാന്‍. ഇങ്ങനെ നുണ പറയുന്ന സാക്ഷികളെയാണ് കോടതി നടപടികളില്‍ കള്ളസാക്ഷിക്കാര് എന്നു വിളിക്കുന്നത്. പറയുന്നത് നുണയാണെന്ന് ബോധ്യപ്പെടുത്തിയാല്‍ അവര്‍ക്ക് നിയമത്തിനു മുന്നിലും പൊതുജനത്തിനു മുന്നിലും വിലയില്ല. ഇവിടെ ജനകീയക്കോടതിയില്‍ കള്ളസാക്ഷിക്കാര് കൈയോടെ പിടികൂടപ്പെട്ടിരിക്കുകയാണ്. ശിക്ഷ വിധിക്കേണ്ടത് ജനങ്ങളാണ്. അവസരം വരുമ്പോള്‍ അവര്‍ അത് ചെയ്യുമായിരിക്കും, കാരണം അവരെയും കള്ളസാക്ഷികള്‍ വിഡ്ഢികളാക്കുകയാണല്ലോ ചെയ്യുന്നത്.
പിന്കുറിപ്പ്:
നവകേരള സദസ്സംഘം താമസിച്ച തേക്കടി ഗസ്റ്റ് ഹൗസിലെ വൈദ്യുത അലങ്കാരങ്ങള്‍ കുരങ്ങന്മാര് നശിപ്പിച്ചു. ഹൊ! അവര്‍ക്കും സഹിക്കാതായി, പെരിയാര്‍ കടുവ സങ്കേതത്തിലൂടെയൊക്കെയും യാത്രയുണ്ട്, നല്ല ജാഗ്രത വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: