കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എത്തുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പേ ‘സുരക്ഷിത സമരം’ നടത്തി എസ് എഫ് ഐയുടെ സമരാഭാസം. ഗവര്‍ണറെ കാമ്പസുകളില്‍ കാലുകുത്തിക്കില്ലെന്ന് ഭീഷണി മുഴക്കിയ എസ് എഫ് ഐയുടെ ധാര്‍ഷ്ട്യത്തെ വെല്ലുവിളിച്ച ഗവര്‍ണറുടെ നിലപാട് എസ് എഫ് ഐയുടെ ‘ ധീര സഖാക്കളെ’ വെട്ടിലാക്കിയ സാഹചര്യത്തിലായിരുന്നു ഗവര്‍ണര്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക മുമ്പേ സമരം നടത്തി അറസ്റ്റ് വരിച്ചത്.
സാധാരണ രീതിയിലുളള എസ് എഫ് ഐ പ്രതിഷേധത്തിന്റെ രീതിയായിരുന്നില്ല ഇന്ന് കണ്ടത്. ഗവര്‍ണര്‍ക്കെതിരെ സംഘടനയുടെ സാധാരണയുളള അക്രമ സമരം ഉണ്ടായാല്‍ കാര്യങ്ങള്‍ കൈവിടുമെന്ന തിരിച്ചറിവ് സി പി എം നേതാക്കള്‍ നേരത്തേ പകര്‍ന്ന് നല്‍കിയത് എസ് എഫ് ഐ പ്രവര്‍ത്തകരുടെ ശരീരഭാഷയിലും കാണാമായിരുന്നു.
സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ നേതൃത്വത്തിലാണ് കറുത്ത കൊടികളുമായി പ്രവര്‍ത്തകര്‍ എത്തിയത്. നേതാക്കള്‍ പ്രസംഗിച്ച ശേഷം പ്രവര്‍ത്തകര്‍ റോഡില്‍ കിടന്ന് മുദ്രാവാക്യം വിളിച്ചതോടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ചെറിയ തോതില്‍ ഉന്തും തളളും നടത്തിയ ശേഷം പൊലീസുകാര്‍ ഇവരെ നീക്കി.
പിന്നീട് രാത്രി 7.30 ഓടെ ഗവര്‍ണര്‍ കാമ്പസില്‍ എത്തുമ്പോള്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ റോഡില്‍ ദേശീയ പാതയ്‌ക്കരികില്‍ മുദ്രാവാക്യം വിളിച്ച് കുത്തിയിരുന്ന് ‘മര്യാദക്കാരായി’ പ്രതിഷേധിക്കുന്നതാണ് കണ്ടത്.
സര്‍വകലാശാല കാമ്പസില്‍ വന്‍ പൊലീസ് സന്നാഹമേര്‍പ്പെടുത്തിയിരുന്നു. രാഷ്‌ട്രപതിക്കും ഗവര്‍ണര്‍ക്കും പ്രത്യേക സുരക്ഷയാണുളളത്. ഗവര്‍ണറെ ആക്രമിച്ചാല്‍ കേന്ദ്ര ഇടപെടലിനടക്കം സാഹചര്യം ഉരുത്തിരിയുമെന്നത് മുന്നില്‍ കണ്ടാണ് എസ് എഫ് ഐയുടെ ‘സമാധാനപരമായ’ പ്രതിഷേധം.
അടുത്ത ദിവസങ്ങളില്‍ സര്‍വകലാശാല ഗസ്റ്റ് ഹൗസിലാണ് ഗവര്‍ണറുടെ താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: