ആലപ്പുഴ: ആലപ്പുഴയിൽ നവകേരള ബസിന് നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകരെ മർദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അംഗരക്ഷകർ മർദ്ദിക്കുന്നത് കണ്ടില്ല. തനിക്കൊന്നും പറ്റാതിരിക്കാൻ വേണ്ടിയാണ് അവർ പ്രവർത്തിക്കുന്നത്. പാഞ്ഞടുത്ത പ്രതിഷേധക്കാരെ തള്ളിമറ്റുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാടിന് വേണ്ടി പ്രവർത്തിക്കുമ്പോൾ ചാടിവീഴുന്ന സമരം നടത്താമോ? പ്രതിഷേധക്കാരെ യൂണിഫോമിട്ട പോലീസുകാർ തടയുന്നതാണ് ഞാൻ കണ്ടത്. ഞാൻ മരിക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. അത്തരക്കാരെ തടയുന്നത് അംഗരക്ഷകരുടെ ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗൺമാൻ പ്രതിഷേധക്കാരുടെ തലയ്‌ക്ക് ലാത്തികൊണ്ട് അടിയ്‌ക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ന്യായീകരിക്കുന്ന നിലപാടാണ് പിണറായി വിജയൻ സ്വീകരിക്കുന്നത്.
ഗൺമാൻ പ്രതിഷേധക്കാരെ നേരിട്ടത് ചട്ടവിരുദ്ധമാണെന്ന് ആക്ഷേപമുണ്ട്. സ്പെഷ്യൽ ബ്രാഞ്ചുമായി കൂടിയാലോചിച്ച് മുഖ്യമന്ത്രിയുടെ യാത്ര കോർഡിനേറ്റ് ചെയ്യുകയാണ് ഗൺമാന്റെ ചുമതല. ക്രമസമാധാനമോ മുഖ്യമന്ത്രിയുടെ സുരക്ഷയോ ഗൺമാന്റെ ജോലിയല്ലെന്നിരിക്കെ പ്രതിഷേധക്കാരെ വളഞ്ഞിട്ട് മർദ്ദിക്കാൻ അവകാശമില്ല.
വെള്ളിയാഴ്ച വൈകിട്ട് നാലിന് ആലപ്പുഴയിലെ ഹോട്ടലിൽ നിന്ന് അമ്പലപ്പുഴയിലെ നവകേരള വേദിയിലേക്ക് പോകുമ്പോഴാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ ഗൺമാനും പ്രതിഷേധക്കാരെ തല്ലിച്ചതച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: