ഇരുപത്തിയെട്ട് വർഷമായി സദസ്സിന്റെ പിൻനിരയിലിരുന്ന് ഐ എഫ് എഫ് കെ വേദിയിലെ നാടകങ്ങൾ ഞാൻ കാണുന്നു. നടീനടന്മാർ മാറുന്നു. കഥാസന്ദർഭങ്ങളും മാറുന്നു. മന്ത്രിമാരില്ല എന്നത് ഈ വർഷത്തെ ആശ്വാസമായി.
സർക്കാർ സ്പോൺസേർഡ് സാംസ്കാരികപരിപാടികളിലൊക്കെ മന്ത്രിമാർ തള്ളിക്കയറുകയും സാoസ്‌കാരികനായകന്മാർ പുറത്താവുകയുമാണല്ലോ പതിവ്.
കേന്ദ്രസർക്കാറും ഗോവാസർക്കാറും സംയുക്തമായി നടത്തുന്ന ഐ എഫ് എഫ് ഐ യിൽ പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ ഫ്ളക്സുകൾ ഇന്നേവരെ കണ്ടിട്ടില്ല. ഇവിടെയാകട്ടെ, മുഖ്യമന്ത്രിയുടെയും സാംസ്കാരിക മന്ത്രിയുടെയും കൂറ്റൻ ഫ്ളക്സുകൾ കൊണ്ട് നഗരം നിറയാറുണ്ടായിരുന്നു.ഇത്തവണ വലിപ്പം കുറഞ്ഞിട്ടുണ്ട്. അത്രയും നന്ന്.
നാനാ പടേക്കർ മൂന്ന് ദേശീയ അവാർഡുകളും പദ്മശ്രീയും നേടിയത് ബി. ജെ. പി. ഭരണകാലത്തല്ല. ക്രിസ്റ്റോഫ് സനൂസി സംഘിയുമല്ല. ബേലാ ഥാറും സനൂസിയുമൊക്കെ കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ കീഴിൽ കലാപ്രവർത്തനം നടത്തിയവരാണ്. അവരനുഭവിച്ചതെന്തൊക്കെ എന്ന് കേരളീയ ബുദ്ധിജീവികൾക്കറിയില്ല. തങ്ങളുടെ അനുഭവങ്ങളുടെ വെളിച്ചത്തിൽ അവർ പറയുന്നത് തെറ്റായ രീതിയിലാണ് കേരളീയർ സ്വീകരിക്കുന്നത്.
അതുകൊണ്ടാണ് നാനാ പടേക്കർക്കും സനൂസിക്കുമുള്ള മറുപടി എന്ന നിലയിൽ പലതവണ ഐ എഫ് എഫ് കെ വേദിയിൽ വന്നിട്ടുള്ള പ്രകാശ് രാജിനെ തിടുക്കപ്പെട്ടു വിളിച്ചുവരുത്തിയത്. സനൂസി മനോഹരമായി പ്രസംഗിച്ചു. രാഷ്‌ട്രീയത്തേക്കാൾ വലുതാണ് കലയെന്നു അദ്ദേഹം പറഞ്ഞു. കലയുടെ അടിസ്ഥാനതത്ത്വങ്ങൾ വിശദീകരിച്ചു. രാഷ്‌ട്രീയം പറഞ്ഞ പ്രകാശ് രാജിനാണ് സ്വാഭാവികമായും കൂടുതൽ കൈയടികൾ കിട്ടിയത്. കാലഹരണപ്പെട്ട ജാതിബോധത്തിന്റെ മറുപേരായിട്ടാണ് കേരളീയർ രാഷ്‌ട്രീയ ബോധത്തെ കാണുന്നത്. തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്‌മയും പുതിയ രൂപഭാവങ്ങളോടെ കേരളത്തിൽ തിരിച്ചെത്തുന്നു.
മന്ത്രിമാരുടെ അഭാവത്തിൽ പ്രതിഭകൾക്ക് അവാർഡ് സമ്മാനിച്ചത് എം. എൽ. എ.യും പഞ്ചായത്ത് പ്രസിഡന്റുമൊക്കെയാണ്. സിനിമാരംഗത്തെ എത്രയോ മഹാരഥന്മാർ അവിടെയുണ്ടായിരുന്നു. അവരെക്കൊണ്ട് ആ അവാർഡുകൾ കൊടുപ്പിച്ചിരുന്നെങ്കിൽ എത്ര ഉചിതമാവുമായിരുന്നു!
സനൂസിക്ക് അവാർഡ് കൊടുക്കാൻ അടൂരിനെ സദസ്സിൽനിന്ന് വിളിച്ചുകയറ്റുകയും സദസ്സിലേക്ക് തിരിച്ചിറക്കിവിടുകയും ചെയ്തു. അടൂരിന് കൊടുക്കാൻ വേദിയിൽ ഒരു കസേരയില്ലായിരുന്നോ? വേദിയിലിരുന്ന എല്ലാവരും പ്രസംഗിക്കണമെന്ന നിർബന്ധബുദ്ധി എന്തിനായിരുന്നു?
ഇങ്ങനെയൊക്കെയാണെങ്കിലും മികച്ച ചിത്രങ്ങൾ കൊണ്ട് സമ്പന്നമായ മേളയായിരുന്നു ഇത്തവണത്തേത്. തങ്ങളുടെ കന്നിചിത്രങ്ങൾക്ക് അവാർഡുകൾ വാങ്ങാൻ വേദിയിലേക്ക് കയറിയ മൂന്നു പേരും – ശ്രുതി ശരണ്യം, ആനന്ദ് ഏകർഷി, ഫാസിൽ റസാക്ക് – ഭാവിമലയാളസിനിമയുടെ ദൃഢ പ്രതീക്ഷകളാണ്.
വിജയകൃഷ്ണന്‍,
സംവിധായകന്‍, നിരൂപകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: