ന്യൂദല്‍ഹി: കേരളത്തിന്റെ കടമെടുപ്പു പരിധിയില്‍ നിന്ന് 3140.7 കോടി രൂപ വെട്ടിക്കുറച്ച നടപടി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിവയ്ക്കുന്നതിനായി ഇടപെട്ട കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന് നന്ദിയറിയിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്. കേരളത്തിലെ സാധാരണ ജനങ്ങളുടെ പ്രയാസം മനസിലാക്കിയാണ് ഇത്തരമൊരു ഇടപെടലുണ്ടായതെന്നും അദ്ദേഹം പ്രതികരിച്ചു.
സംസ്ഥാനസര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയും ജനജീവിതം ദുരിതത്തിലാക്കിയത് എങ്ങനെയെന്ന് കഴിഞ്ഞദിവസം വി. മുരളീധരന് കേന്ദ്രധനമന്ത്രിയെ നേരില്‍ക്കണ്ട് ബോധ്യപ്പെടുത്തിയിരുന്നു. ക്രിസ്മസ് – പുതുവത്സര വിപണിയടക്കം തടസപ്പെടുന്ന സാഹചര്യത്തിന് പരിഹാരമുണ്ടാക്കാമെന്ന് ധനമന്ത്രി വാക്ക് നല്‍കിയിരുന്നതായും വി. മുരളീധരന് പറഞ്ഞു. തുടര്‍ന്നാണ് കിഫ്ബി വഴിയുള്ള വായ്പയുടെ തിരിച്ചടവിന് സാവകാശം നല്കാന് തീരുമാനമായത്.
നരേന്ദ്രമോദി സര്‍ക്കാര്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നു എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യാജപ്രചാരണം ജനം തിരിച്ചറിയും. പ്രതിസന്ധി ഘട്ടത്തില്‍ കൈവിടുകയല്ല, കൈപിടിക്കുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്തത്. പിണറായി സ്തുതി പാഠകരായ ചില മാധ്യമങ്ങള്‍ ‘കമ്മ്യൂണിസ്റ്റുകാര്‍ വിരട്ടിയപ്പോള്‍ കേന്ദ്രം വഴങ്ങി’ എന്നെല്ലാം വാര്‍ത്ത നല്‍കുന്നുമുണ്ട്. കിഫ്ബിയും പെന്ഷന് കമ്പനിയും വഴിയുള്ള കടമെടുപ്പിന്റെ തിരിച്ചടവിന് താത്കാലിക ഇളവ് നല്‍കുകയാണ് ചെയ്തതെന്നും വി. മുരളീധരന് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: