ജിദ്ദ: 2024ലെ ഹജ്ജിനും ഇന്ത്യയില്‍ നിന്ന് 1.75 ലക്ഷത്തിലധികം പേര്‍ക്ക് അവസരം ലഭിക്കുമെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. തീര്‍ഥാടകര്‍ക്ക് മികച്ച സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി ഹജ്ജ് ഒരുക്കങ്ങള്‍ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ടെന്നും കോണ്‍സുലേറ്റ് അറിയിച്ചു.
അടുത്ത വര്‍ഷത്തെ ഹജ്ജിനും ഇന്ത്യയില്‍നിന്ന് ഏകദേശം 1,75,025 പേര്‍ക്ക് ഹജ്ജ് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെല്‍ഫെയര്‍ ആന്റ് പ്രസ് ഇന്‍ഫര്‍മേഷന്‍ കോണ്‍സുല്‍ മുഹമ്മദ് ഹാഷിം പറഞ്ഞു. ജിദ്ദയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച അത്താഴവിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുരാജ്യങ്ങളും തമ്മില്‍ ഹജ്ജ് ഒരുക്കങ്ങള്‍ക്കായി ഓണ്‍ലൈനില്‍ യോഗങ്ങള്‍ ചേര്‍ന്നാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. 2023ല്‍ അനുവദിച്ച അതേ എണ്ണം തീര്‍ഥാടകരെയാണ് അടുത്ത വര്‍ഷവും ഇന്ത്യയില്‍ നിന്ന് അനുവദിക്കുക.
കഴിഞ്ഞയാഴ്ച സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍ റബിഅ ഇന്ത്യയില്‍ ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനം നടത്തിയിരുന്നു. സന്ദര്‍ശനത്തിനിടെ ഡല്‍ഹിയില്‍ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയെന്നും മുഹമ്മദ് ഹാഷിം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: