ശബരിമല: യുവതീ പ്രവേശന സമയത്ത് സര്‍ക്കാരിനെതിരെ സമരം ചെയ്തതിനുള്ള പകരം വീട്ടലാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന് തില്ലങ്കേരി. അധികൃതരുടെ കടുത്ത അനാസ്ഥയുടെ നേര്‍ക്കാഴ്ചയാണ് ശബരിമലയിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു സൗകര്യവും ഭക്തര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒരുക്കിയിട്ടില്ല. ശബരീശനെ കാണാനെത്തുന്ന ഭക്തര്‍ അനുഭവിക്കുന്നത് നരകയാതനയാണ്. ഭക്തരെ എങ്ങനെ ബുദ്ധിമുട്ടിക്കാമെന്ന കാര്യത്തില്‍ അധികൃതര്‍ ആസൂത്രണം നടത്തുകയാണ്. വിശ്വാസികളോടും ഹിന്ദു സമൂഹത്തോടുമുള്ള വെല്ലുവിളിയാണ് ദേവസ്വം മന്ത്രി നടത്തുന്നത്. ഭക്തര്‍ വരുന്നതു കൊണ്ടാണ് ഇവിടെ പ്രശ്നം എന്നാണ് മന്ത്രി അടക്കം പറയുന്നത്.
ദേവസ്വം മന്ത്രി ശബരിമലയില്‍ നേരിട്ടെത്തി അടിയന്തരമായി ഏകോപനത്തിന് നേതൃത്വം കൊടുക്കാന്‍ തയ്യാറാവണം. ശബരിമല കേരളത്തിന്റെ മാത്രമല്ല, ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ആരാധന കേന്ദ്രമാണ്. ശബരിമലയില്‍ അനിയന്ത്രിത തിരക്കുമായി ബന്ധപ്പെട്ട് നടന്ന അവലോകന യോഗത്തില്‍ ദേവസ്വം പ്രസിഡന്റും എഡിജിപിയും തമ്മില്‍ വാക്പോര് ഉണ്ടായതായ വിവരം പുറത്തുവന്നിരുന്നു.
ദേവസ്വം ബോര്‍ഡും പോലീസും രണ്ട് തട്ടിലാണെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ദേവസ്വം മന്ത്രി ശബരിമലയില്‍ നേരിട്ടെത്തി ഭക്തര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: