Categories: Kerala

വ്രതശുദ്ധിയോടെ കാനനവാസനെ കാണാന്‍ മലചവിട്ടിയെത്തുന്ന തീര്‍ത്ഥാടകരെ തല്ലിയോടിച്ച് പോലീസ്

Published by

ശബരിമല: വ്രതശുദ്ധിയോടെ കാനനവാസനെ കാണാന്‍ മലചവിട്ടിയെത്തുന്ന തീര്‍ത്ഥാടകരെ തല്ലിയോടിച്ച് പോലീസ്. ശരണവഴികളില്‍ മണിക്കൂറുകള്‍ കാത്ത് നിന്ന് ദര്‍ശനത്തിനായി എത്തുന്ന അയ്യപ്പന്മാരെയാണ് പരമ്പരാഗത പാതയുടെ വിവിധ ഭാഗങ്ങളില്‍ നില്‍ക്കുന്ന പോലീസുകാര്‍ ലാത്തിക്ക് അടിക്കുന്നത്. കുട്ടികളുമായി മലചവിട്ടുന്ന സ്വാമിമാര്‍ കുട്ടികള്‍ കുടിവെള്ളവും ഭക്ഷണവും ആവശ്യപ്പെടുമ്പോഴാണ് വരിതെറ്റിച്ച് പുറത്തിറങ്ങുന്നത്. ഇത് കാണുന്ന പോലീസുകാര്‍ അവര്‍ക്ക് നേരെ ആക്രോശിച്ച് വടിയുമായി ഓടിയെത്തുകയാണ്.

മാസ്‌ക് ധരിച്ചിരിക്കുന്ന പോലീസുകാര്‍ നെയിംപ്ലേറ്റും ഉപയോഗിച്ചിട്ടില്ല. 2018ലെ ഹിന്ദുവേട്ടയ്‌ക്ക് സമാനമായ നടപടികളാണ് സര്‍ക്കാരും പോലീസും ശബരിമലയില്‍ സ്വീകരിക്കുന്നത്. ശബരിപീഠത്തിന് സമീപമുള്ള 17-ാം നമ്പര്‍ ഷെഡില്‍ രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ് ഭക്തര്‍ക്ക് നേരെ അക്രമം അഴിച്ച് വിട്ടത്. കുഞ്ഞ് മാളികപ്പുറങ്ങളുടെ മുന്നില്‍ വെച്ച് പോലും അയ്യപ്പന്മാരെ മര്‍ദ്ദിച്ചു.

ക്യൂവില്‍ നിന്ന് തളര്‍ന്ന സ്വാമിമാര്‍ പോലീസിനോട് കുടിവെള്ളം ആവശ്യപ്പെടുമ്പോഴും വളരെ മോശമായാണ് പെരുമാറുന്നത്. പതിനെട്ടാംപടിയുടെ മുന്‍ഭാഗത്തുള്ള താഴെ തിരുമുറ്റത്തും ഭക്തര്‍ക്ക് നേരെ പോലീസ് മൂന്നാം മുറയാണ് പ്രയോഗിക്കുന്നത്. കഴിഞ്ഞദിവസം പതിനെട്ടാംപടി ചവിട്ടാനെത്തിയ തീര്‍ത്ഥാടകന്റെ കഴുത്തില്‍ കുത്തിപ്പിടിച്ചിരുന്നു. പരാതിയുമായി ഭക്തന്‍ എത്തിയെങ്കിലും ദേവസ്വം ബോര്‍ഡിലെ ചില ഉദ്യോഗസ്ഥര്‍ ഇടപെട്ട് പ്രശ്നങ്ങള്‍ ഒതുക്കി. കഴിഞ്ഞ ദിവസം വൈകിട്ട് സന്നിധാനത്ത് കൊടിമരത്തിന് സമീപം നിന്ന കുഞ്ഞയ്യപ്പനെ പോലീസ് പിടിച്ച് തള്ളിയത് ഭക്തരും പോലീസും തമ്മില്‍ വാക്കേറ്റത്തിന് ഇടയാക്കി. ചാദ്യം ചെയ്ത ഭക്തരോട് മോശമായ രീതിയിലാണ് പോലീസ് ഇടപെട്ടത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by