കൊച്ചി: കേരളത്തില്‍ പെന്‍ഷന്‍ കിട്ടി ജീവിക്കാമെന്ന് അടുത്തെങ്ങും ആരും വിചാരിക്കേണ്ടെന്നും ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ നോക്കണമെന്നും ഹൈക്കോടതി.
കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ വിതരണം വൈകരുതെന്ന ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്നാരോപിച്ച് തിരുവനന്തപുരം വക്കം സ്വദേശി അശോക് കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഇക്കാര്യം വാക്കാല്‍ പറഞ്ഞത്. സര്‍ക്കാരിനോടു ചോദിച്ചാല്‍ കെഎസ്ആര്‍ടിസിയാണ് പണം നല്‍കേണ്ടതെന്ന് പറയും. അവരോടു ചോദിച്ചാല്‍ പണമില്ലെന്നാണ് മറുപടി. ആരുടെ പക്കലും പണമില്ല. പിന്നെ എന്തു ചെയ്യുമെന്നും സിംഗിള്‍ബെഞ്ച് വാക്കാല്‍ ചോദിച്ചു.
സഹ. ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി ധാരണാപത്രം ഒപ്പിടുന്ന മുറയ്‌ക്ക് കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുമെന്ന് നേരത്തെ സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ ധാരണാപത്രം ഒപ്പിടുന്നതു സംബന്ധിച്ച് ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ലെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ പറഞ്ഞു. ഈ ഘട്ടത്തിലാണ് പെന്‍ഷന്‍ കിട്ടി ജീവിക്കാമെന്ന് ആരും കരുതേണ്ടെന്ന് ഹൈക്കോടതി പറഞ്ഞത്. കോടതി ഹര്‍ജിക്കാര്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്നും പറഞ്ഞു. പെന്‍ഷന്‍ വിതരണത്തിന്റെ കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിന് കൂടുതല്‍ സമയം നല്‍കിയ സിംഗിള്‍ബെഞ്ച് ഹര്‍ജി ഡിസം. 20 നു പരിഗണിക്കാന്‍ മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: