ശ്രീരാമാനന്ദാചര്യരുടെ പ്രേഷ്ഠശിഷ്യന്മാരില്‍ ഒരാളായിരുന്നു തുഞ്ചത്തുരാമാനുജന്‍ എഴുത്തച്ഛന്. അദ്ദേഹം ജനിച്ചത് മലബാര്‍ ഭാഗത്ത് തിരൂര്‍ എന്ന സ്ഥലത്തുള്ള തുഞ്ചന്‍ പറമ്പിലായിരുന്നു എങ്കിലും കൊച്ചി സംസ്ഥാനത്തിലെ ചിറ്റൂര്‍ ഗ്രാമത്തില്‍ ശോക നാശിനിപ്പുഴയുടെ വടക്കേതീരത്താണ് മിക്കവാറും അധിവസിച്ച രുന്നത്. അവിടെവെച്ചാണ് രാമാനന്ദന്റെ ശിഷ്യത്വം എഴുത്തച്ഛന് സ്വീകരിക്കാന്‍ ഇടയായിട്ടുള്ളതെങ്കില്‍ ശ്രീരാമാനന്ദനും ആദ്യ കാലത്ത് അവിടെയാണ് വസിച്ചിരുന്നതെന്നു വരാവുന്നതാണ്. അക്കാലത്താണ് രാമാനന്ദസ്വാമി അദ്ധ്യാത്മരാമായണം (മൂലം) രചി ച്ചതെന്ന് കരുതാവുന്നതാണ്. അനേകം വൈശിഷ്ട്യങ്ങളുള്ള ആ ഗ്രന്ഥം മലയാളഭാഷയിലേയ്ക്ക് പരിഭാഷപ്പെടുത്താന്‍ ആചാര്യര്‍ തന്നെ സ്വശിഷ്യനെ ചുമതലപ്പെടുത്തിയതാവാന്‍ ഇടയുണ്ട്. ഏതായാലും അതിനുശേഷം ആ കൃതിയില്‍ കൂടി ഉന്നീതമായ അദൈ്വതവാദനിഷ്ഠമായ രാമഭക്തി പദ്ധതിക്ക് വ്യാപകമായ പ്രചാരം നല്കാന് ആഗ്രഹിച്ചുകൊണ്ട് രാമാനന്ദന്‍ കാശിയിലേക്കുപോയി പോകുമ്പോള്‍ താന്‍ രചിച്ച അദ്ധ്യാത്മരാമായണത്തിന്റെ ഒരു പ്രതിയും കൂടെ കൊണ്ടുപോയിരുന്നു എന്നു കരുതേണ്ടിയിരിക്കുന്നു.
ഹിന്ദിക്കാരുടെയിടയില്‍ ഭക്തിതന്നെ രാമാനന്ദന്‍ അവിടേക്കു കൊണ്ടുവന്നതാണ്, എന്നൊരു ആഭാണകം ‘ഭക്തി ദ്രാവിഡ്: ഉപജീ ലായേ രാമാനന്ദ്’ പ്രചാരത്തിലുണ്ട്. എഴുത്തച്ഛന് കൂടെക്കാലം അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചുകഴിഞ്ഞിരുന്നു എന്ന തിന് അദ്ദേഹം രചിച്ച അദ്ധ്യാത്മരാമായണം കിളിപ്പാട്ടില്‍ തന്നെ വേണ്ടത്ര ലക്ഷ്യങ്ങള്‍ നല്‍കിയിട്ടുണ്ട്. ആ രചനയുടെ ആരംഭത്തില്‍ അദ്ദേഹം സ്വഗുരുവായ രാമാനാമാചര്യനേയും മറ്റുള്ള ഗുരുഭൂതന്മാരേയും സ്മരിക്കുന്നുണ്ട്.
അഗ്രജന് മമ സതാം വിദുഷാമഗ്രേസരന്‍
മല്ഗുരുനാഥന് അനേകാന്തേവാസികളോടും
ഉള്‍ക്കുരുന്നിങ്കല്‍ വാഴ്ക, രാമനാമാചാര്യനും
മുഖ്യന്മാരായ ഗുരുഭൂതന്മാര് മറ്റുള്ളോരും’
ഈ വരികളില്‍ നിന്നും മനസ്സിലാവുന്നത് എഴുത്തച്ഛന് അനേകം അന്തേവാസികളുള്ള വിദ്വാനായ സ്വന്തം ജ്യേഷ്ഠന് തന്നെയായിരുന്നു ആദ്യ ഗുരുനാഥനെന്നും അദ്ദേഹത്തിനു പുറമേ മറ്റ് ഗുരുഭൂതന്മാരും രാമനെന്നപേരില്‍ അറിയപ്പെട്ടിരുന്ന ആചാര്യനും ഗുരുസ്ഥാനീയരായി ഉണ്ടായിരുന്നു എന്നുമാണ്. ഇവിടെ മഹാകവിയുടെ ആദ്യത്തെ ഗുരുനാഥന് സ്വന്തം ജ്യേഷ്ഠന് തന്നെ ആയിരുന്നു. അതുകൊണ്ട് പേരെടുത്തു പറയാതെ അദ്ദേഹത്തെ അനുസ്മരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. (അദ്ദേഹം എഴുത്തുകളരിയിലെ ആശാന് ആയിക്കൂടാഴികയില്ല) പിന്നീട് കവിക്ക് ഗുരുക്കന്മാരായി അനേകം വ്യക്തികളുണ്ടായിരുന്നതുകൊണ്ട് പ്രത്യേകം പേരുകള്‍ പറയാതെ അവരെല്ലാം ഉള്‍ക്കുരുന്നിങ്കല്‍ വസിക്കണമെന്ന് പ്രാര്‍ത്ഥിച്ചിരിക്കുന്നു. വേദാന്തവിഷയത്തില്‍ അഥവാ ആദ്ധ്യാത്മിക വിഷയത്തില്‍ തനിക്ക് ശിക്ഷണം നല്‍കിയിരുന്ന രാമനാമാചാര്യനേയും മഹാകവി ഇവിടെ കാവ്യാരംഭത്തില്‍ സ്മരിച്ചിരിക്കുന്നു ‘അഗ്രജന് മമ’ ഇത്യാദിയായ വരികള്‍ക്ക് സ്വാഭാവികമായി ലഭിക്കുന്ന ഈ അര്‍ത്ഥം എടുക്കാതെ എഴുത്തച്ഛന് രാമനെന്നുപേരായ ഒരു ജ്യേഷ്ഠന് ഉണ്ടായിരുന്നതായും അദ്ദേഹത്തെയാണ് ഈ വരികളില്‍ മഹാകവി അനുസ്മരിക്കുന്നതെന്നും ഉള്ളൂര്‍ പറഞ്ഞിരിക്കുന്നത് യുക്തിസ്സഹമല്ല, അതുകൊണ്ടുതന്നെ സ്വീകാര്യവുമാകുന്നില്ല. ഒന്നാമതായി മല്ഗുരുനാഥന് എന്നു പറഞ്ഞതിനുശേഷം അദ്ദേഹത്തെക്കുറിച്ചുതന്നെ ആചാര്യന് എന്നു കൂടി പറയാന്‍ സാദ്ധ്യതയില്ല. ഗുരുനാഥനായ ആചാര്യന് എന്ന് ആരും പറയാറില്ലല്ലോ. ഇവിടെ രാമനാമാചാര്യനും എന്നതിനു പകരം ‘രാമനാം മഹാത്മാവും’ എന്നോ മറ്റേതെങ്കിലും ഉപയുക്തമായ പദമോ വെയ്ക്കുന്നതിന് അക്ഷയശബ്ദാഢ്യനായ നമ്മുടെ മഹാകവിക്ക് ഒരു തടസ്സവുമുണ്ടായിരുന്നില്ലല്ലോ. ആചാര്യനും എന്നിടത്തെ ‘ഉം’ എന്ന പ്രയോഗം തന്നെ രണ്ടു വ്യക്തികളെ സമുച്ചയനിപാതത്തിന്റെ സൂചിപ്പിക്കുന്നതിനാണെന്ന് വ്യക്തമല്ലേ? അല്ലാത്തപക്ഷം ഇവിടെ മഹാചാര്യന്‍ എന്നോ മറ്റോ വൃത്തഭംഗം കൂടാതെ പ്രയോഗിക്കുമായിരുന്നല്ലോ?
സ്വാഭാവികമായി അര്‍ത്ഥം ഗ്രഹിക്കാനാവാത്തിടത്തുമാത്രമേ അന്വയിച്ചു അര്‍ത്ഥം പറയാവു, എന്ന ന്യായത്തിന് ഇത് വിരുദ്ധമായിരിക്കുന്നു.
മറ്റൊന്നുള്ളത്, അനേകം ശിഷ്യന്മാരുള്ള രാമനാമാചാര്യന്‍ കവിയുടെ തന്നെ ജ്യേഷ്ഠഭ്രാതാവായിരുന്നു എങ്കില്‍ ആ മഹാനുഭാവന് എഴുത്തച്ഛനെക്കാള്‍ പ്രശസ്തനും പ്രസിദ്ധനുമായിരുന്നിരിക്കണം. അങ്ങനെ ഒരാളിനെപ്പറ്റി ആര്‍ക്കും അറിയില്ല.
മറ്റൊരു കാര്യം ഉള്ളൂര്‍, എഴുത്തച്ഛന്റെ തന്നെ പേര് രാമനെ ന്നായിരുന്നിരിക്കുമെന്ന് വേറൊരു അവസരത്തില്‍ അഭ്യൂഹി ച്ചുമിരിക്കുന്നു. ഈ കാരണങ്ങള്‍കൊണ്ട് ഉള്ളൂരിന്റെ ഈ വിഷയത്തിലുള്ള വ്യാഖ്യാനം ക്ഷോദക്ഷമമായി കാണാന്‍ കഴിയുന്നില്ല.
തന്നെയല്ല, എഴുത്തച്ഛന്റെ തന്നെ വാങ്മയങ്ങളെന്നു നിര്‍വിവാ ദമായി അഭിജ്ഞന്മാര് പരിഗണിക്കുന്ന ദേവീമാഹാത്മ്യം കിളിപ്പാട്ടിലും ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ടിലും എല്ലാം ആ മഹാകവി മൂര്‍ദ്ധന്യന്‍ തന്റെ ആചാര്യന്റെ പേര് രാമനെന്ന് എടുത്തുപറഞ്ഞിട്ടും ഉണ്ട്. ദേവീമാഹാത്മ്യത്തിന്റെ ആരംഭത്തില്‍ ‘രാമാനാമാചാര്യനുമാവോളം തൂണയ്ക്കണ’മെന്ന് പ്രാര്‍ത്ഥിച്ചിരിക്കുന്നു. ബ്രഹ്മാണ്ഡ പുരാണത്തിന്റെ അവസാനവും ‘രാമഭക്താഢ്യനും രാമശിഷ്യനുമായ’ കവിയാല്‍ വിരചിതമെന്ന് ഖ്യാപനം ചെയ്തിരിക്കുന്നു. ഇവിടെയെങ്ങും ജ്യേഷ്ഠനും ഗുരുനാഥനുമായ (അഥവാ കേവലം ഗുരുനാഥനായ രാമാചാര്യന്‍ എന്ന പരാമര്‍ശമില്ലെന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്.
ചുരുക്കത്തില്‍ നമ്മുടെ മഹാകവിക്ക് രാമനെന്നു പേരായ ഒരു മഹാത്മാവ് ഉണ്ടായിരുന്നു എന്നകാര്യം ആചാര്യസ്ഥാനീയനായി മേലുദ്ധരിച്ചിട്ടുള്ള വരികളില്‍ നിന്നെല്ലാം വളരെ വ്യക്തമാണ്. അതു എന്നാണ് സംന്യാസാശ്രമ സ്വീകാരത്തിനുശേഷം രാമാനന്ദന്‍ ആയത് എന്നാല്‍ ആ മഹാപുരുഷന് തന്റെ അര്‍ദ്ധായുസ്സിനു വളരെ മുഷ്ക് തന്നെ (അദ്ദേഹം 118 വര്‍ഷം ജീവിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്) തന്റെ അനുത്തമ കൃതിയായ അദ്ധ്യാത്മരാമായണവും വഹിച്ചുകൊണ്ട് രാമഭക്തിയുടെ സന്ദേശം പ്രചരിപ്പിക്കുവാനായി കാശിയിലേക്കു പോയിക്കഴിഞ്ഞിരുന്നു. പിന്നീട് ഇവിടെ കേരളത്തില്‍ രാമനാമാചാര്യനെപ്പറ്റി യാതൊരു പരാമര്‍ശവും പ്രസിദ്ധമാവാന്‍ ഇടയില്ലാതെയായി. പക്ഷേ എഴുത്തച്ഛന് തനിക്ക് അദ്ധ്യാത്മമാര്‍ഗ്ഗം ഉപദേശിക്കുകയും അദ്ധ്യാത്മരാമായണം എന്ന ഭക്തികാവ്യം പരി ഭാഷപ്പെടുത്താന്‍ തന്നെ നിയോഗിക്കുകയും ചെയ്ത രാമാനന്ദചാര്യരോട് നിര്‍വ്യാജമായ ഭക്തി പുലര്‍ത്തിയിരുന്നു. അതുകൊണ്ടാണല്ലോ ആ മഹാത്മാവ് തന്റെ ആചാര്യന്റെ പേരില്‍ ചിറ്റൂരില്‍ രാമാനന്ദാഗ്രഹാരം സ്ഥാപിക്കുകയും അവിടെത്തന്നെ ഒരു ഗുരു മഠം സ്ഥാപിച്ച് സ്വയം വസിക്കുകയും ചെയ്തത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: