കൊച്ചി: പെരുമ്പാവൂര്‍ ഓടക്കാലിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസില്‍ പൊലീസിനെ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി വിമര്‍ശിച്ചു. പ്രതികളായ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ബേസില്‍ പാറേക്കുടി, ജയ്ഡന്‍ ജോര്‍ജ്, ദേവകുമാര്‍, ജിബിന്‍ മാത്യു എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കേസില്‍ വധശ്രമം എങ്ങനെ നിലനില്‍ക്കുമെന്ന് ചോദിച്ച കോടതി മന്ത്രിമാരെ മാത്രമല്ല, ജനങ്ങളെയും പൊലീസ് സംരക്ഷിക്കണമെന്ന് ചൂണ്ടിക്കാണിച്ചു. പൊതുസ്ഥലത്ത് പ്രതികളെ ആക്രമിച്ചവര്‍ എവിടെയെന്നും കോടതി ആരാഞ്ഞു.
പൊലീസ് മര്‍ദ്ദിച്ചതായി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതികള്‍ വെളിപ്പെടുത്തി. പ്രതികളെ ഉപദ്രവിക്കാന്‍ പൊലീസ് ആരാണ് അധികാരം നല്‍കിയതെന്ന് ചോദിച്ച കോടതി നീതി എല്ലാവര്‍ക്കും അര്‍ഹതപ്പെട്ടതാണെന്നും പറഞ്ഞു. മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരായ പരാതി എഴുതി നല്‍കാനും കോടതി പ്രതികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് പ്രതികള്‍ പരാതി എഴുതി നല്‍കി.
കഴിഞ്ഞ ദിവസം പെരുമ്പാവൂരിലെ നവകേരള സദസിന്റെ യോഗം കഴിഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരും കോതമംഗലത്തേക്ക് പോകവെയാണ് ഓടക്കാലിയില്‍ വച്ച് നവകേരള ബസിന് നേരെ കെഎസ്‌യു പ്രവര്‍ത്തകര്‍ ഷൂസ് എറിഞ്ഞത്. പിന്നാലെ വന്ന പൊലീസ് വാഹനത്തിന് മുകളിലും ഷൂസ് വീണു. തുടര്‍ന്നാണ് നാല് കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: